ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ കോണ്‍ഗ്രസിന്‍റ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

First Published Sep 8, 2022, 9:27 AM IST

രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപിയെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രഖ്യാപിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്നലെ കന്യാകുമാരിയില്‍ തുടക്കം കുറിച്ചു. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും രാഹുൽ ഗാന്ധി പതാക ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്. 150 ദിവസങ്ങള്‍ക്കൊടുവില്‍  12 സംസ്ഥാനങ്ങളിലൂടെ രാജ്യത്തെ 22 നഗരങ്ങളിലൂടെ കടന്ന് പോകുന്ന പദയാത്ര 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ സമാപിക്കും. യാത്ര പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയാകും ഭാരത് ജോഡോ യാത്ര.

അനാരോഗ്യം കാരണം യാത്രയില്‍ പങ്കെടുക്കാതിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ  ഗാന്ധിയുടെ സന്ദേശം രാഹുല്‍ ഗാന്ധി വേദിയില്‍ വച്ച് വായിച്ചു. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയ നവോത്ഥാനത്തിൻ്റെ നിമിഷമാണെന്നും ഈ യാത്ര കോൺഗ്രസിന്‍റെ ഉയിർത്തെഴുന്നേൽപ്പ് ആകുമെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്‍റെ തുടക്കമാണെന്നുമുള്ള പ്രതീക്ഷ സോണിയ തന്‍റെ സന്ദേശത്തിലൂടെ പങ്കുവെച്ചു. രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്രയ്ക്ക്, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. 

എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന അവസ്ഥ, തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ കോൺഗ്രസ് പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്.പാര്‍ട്ടി നേരിടുന്ന ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം.

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി യാത്രയ്ക്ക് മുമ്പ് ട്വിറ്ററില്‍ കുറിച്ചു. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുംമ്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വിരട്ടാനാണ് ഭരിക്കുന്നവരുടെ ശ്രമം.രാജ്യത്തെ ഭിന്നിപ്പിക്കാമെന്നു അവർ കരുതുന്നു. ഇന്ത്യയുടെ ഐക്യം തകർക്കാൻ കഴിയില്ല. അവർക്ക് ഇന്ത്യക്കാരെ മനസിലായിട്ടില്ല. ഇന്ത്യൻ ദേശീയ പതാക ഇപ്പോൾ അപകടത്തിലാണ്. അതിനെ സംരക്ഷിക്കുന്ന ഓരോ സ്ഥാപനവും അപകടത്തിലാണ്. ഒരു നേതാവിനെയും പേടിപ്പിക്കാൻ കഴിയില്ല. മാധ്യമങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ടിവിയിൽ മോഡിയുടെ ചിത്രം മാത്രം കാണുന്ന അവസ്ഥയാണെന്നും രാഹുല്‍ ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.  

വിലക്കയറ്റമോ, തൊഴിൽ ഇല്ലായ്മയോ മാധ്യമങ്ങളില്‍ കാണാനില്ല, നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ എല്ലാം നടപ്പാക്കാൻ ശ്രമിച്ചത് ചില വൻകിടക്കാർക്ക് വേണ്ടിയാണ്. കേന്ദ്ര സർക്കാർ, ബ്രിട്ടീഷുകാർ നടത്തിയ അതേ രീതിയിൽ ഇന്ത്യയെ ഭിന്നിപ്പിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളെ കേൾക്കാൻ ആണ് ഈ യാത്ര, രാജ്യത്തെ ഒന്നിപ്പിക്കാൻ ആണ് ഈ യാത്ര, ഈ കൊടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കണം അദ്ദേഹം കന്യാകുമാരിയില്‍ വച്ച് നടത്തിയ പ്രസംഗമദ്ധ്യേ പറഞ്ഞു. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനമായ ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് ശുചീന്ദ്രം വരെയാണ് യാത്ര. അടുത്ത നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്ന പോകുന്ന പദയാത്ര സെപ്തംബർ 11 ന് കേരളത്തിലേക്ക് പ്രവേശിക്കും. വൈകുന്നേരം 3:30ക്ക് പുനരാരംഭിക്കുന്ന യാത്ര 6:30ക്ക് നാഗർകോവിലിൽ അവസാനിപ്പിക്കും. പ്രത്യക്ഷത്തില്‍ കാണാത്ത സുരക്ഷാ അകമ്പടിയിലാണ് യാത്ര നടക്കുന്നത്. യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി പൗര പ്രമുഖറുമായി കൂടിക്കാഴ്ച നടത്തും.

150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും. കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളെ  എതിര്‍ക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലമാണിതെന്നും യാത്ര സമാപിക്കുമ്പോള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ദുഷ്പ്രവണതകള്‍ക്കെതിരെ ജനങ്ങളുടെ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പോരാടിയ കോണ്‍ഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുമ്പോള്‍ അതിനോടൊപ്പം ജനങ്ങള്‍ അണിചേരുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവരും അണിചേരുന്ന പരിപാടിയാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാല്‍ യാത്രയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 

click me!