ഹര്‍ ഘര്‍ തിരംഗ; പതാക ഉയര്‍ത്താന്‍ വീടില്ല, ജീവിക്കാനായി തെരുവുകളില്‍ പതാക വില്‍ക്കുന്ന കുരുന്നുകള്‍

First Published Aug 15, 2022, 11:08 AM IST


താമസസ്ഥലത്ത് നിന്നും ചാണക്യപുരിയിലെ ഓഫീസിലേക്കും തിരിച്ചുമുള്ള ദില്ലി യാത്രയിലെ സ്ഥിരം മുഖങ്ങളാണ് ഖുഷിയും ദിൽകുഷും രാകേഷും പൂജയും രാധയുമൊക്കെ.. ചിലപ്പോള്‍ ആ കുഞ്ഞു കൈകളില്‍ പുസ്തകങ്ങളാകും. ചിലപ്പോള്‍ അഗര്‍ബത്തികള്‍. മറ്റ് ചിലപ്പോള്‍ എന്തെങ്കിലും കളിപ്പാട്ടങ്ങള്‍ മിഠായികള്‍. എന്നാല്‍, സ്വാതന്ത്ര ദിനം അടുക്കുന്നതിന് മുന്നേ തന്നെ അവരുടെ കൈകളില്‍ ത്രിവര്‍ണ്ണ പതാകള്‍ പാറിക്കളിച്ച് തുടങ്ങിയിരിക്കുന്നു. ദില്ലിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനുകളിലൊന്നായ മോത്തിഭാഗ് മെട്രോ സ്റ്റേഷന്‍ സിഗ്നലില്‍ ചുവന്ന വെളിച്ചം തെളിയുമ്പോള്‍ ആ കുരുന്നുകള്‍ സിഗ്നല്‍ കുരുക്കില്‍ കിടക്കുന്ന കാറിനും ബൈക്കുകള്‍ക്കും അടുത്തെത്തി തങ്ങളുടെ കൈയിലുള്ള പതാകകള്‍ വില്‍ക്കാന്‍ ശ്രമിക്കും. രാഷ്ട്രം സ്വാതന്ത്രം തേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ 'ഹര്‍ ഘര്‍ തിരംഗ'യ്ക്കാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എന്നാല്‍, ജന്മദേശത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ രാജ്യ തലസ്ഥാനത്ത് കുടുംബം പുലര്‍ത്താനായി ആ കുരുന്നുകള്‍ തെരുവുകളില്‍ ദേശീയ പതാകകള്‍ വില്‍ക്കുകയാണ്. ദേശീയ പതാക ഉയര്‍ത്താനായി ആ കുരുന്നുകള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ഒരു വാടക വീട് പോലുമില്ല. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 
 

'ഹര്‍ ഘര്‍ തിരംഗ' പദ്ധതിക്കും പുറത്താണ് ആ കുരുന്നുകളും അവരുടെ കുടുംബങ്ങളും. കാരണം, വീടുകളില്‍ പതാകയുയര്‍ത്താനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എന്നാല്‍, സ്വന്തമായി വീടില്ലാതെ.. അര്‍ദ്ധ രാത്രിയില്‍ ദില്ലി ബീറ്റ് പൊലീസിന്‍റെ ആക്രോശത്തിനും പിന്നാലെയുള്ള ലാത്തി അടിക്കും ഇടയില്‍ തെരുവില്‍ നിന്നും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ ഓടേണ്ടി വരുമ്പോള്‍ അവര്‍ എവിടെയാണ് ദേശീയ പതാക ഉയര്‍ത്തുക? 

രാഷ്ട്രം സ്വാതന്ത്രം നേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്നാല്‍, സ്വന്തമായി ഭൂമിയോ താമസിക്കാന്‍ ഒരു വാടക വീടോ ഇല്ലാത്തവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരികയാണ്. സമ്പത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ തെരുവുകളിലേക്ക് പുറന്തള്ളപ്പെടുന്നു. 

മെച്ചപ്പെട്ട ജീവിതം അന്വേഷിച്ച് രാജസ്ഥാനില്‍ നിന്നും ദില്ലിയിലേക്ക് കുടിയേറിയവരാണ് ഈ കുരുന്നുകളുടെ മാതാപിതാക്കളും. എന്നാല്‍, രാജ്യ തലസ്ഥാനത്ത് ഒരു വീടിന് വാടക കൊടുക്കാനുള്ള പണം പോലും ഇവരുടെ കൈകളിലില്ല. 

പിന്നെ, മെട്രോസ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളുമാണ് അന്തിയുറങ്ങാനായി ഇവര്‍ തെരഞ്ഞെടുക്കുന്നത്. ഓരോ സ്റ്റേഷനുകളുടെയും കീഴില്‍ ഇരുട്ട് പിടിച്ച് നിരവധി കുടുംബങ്ങളാകും ഇങ്ങനെ കിടക്കുന്നുണ്ടാവുക. ഉത്തരേന്ത്യയിലെ കൊടും മഞ്ഞും മഴയും വെയിലും സ്വന്തം ശരീരത്തിലേക്ക് ഏറ്റുവാങ്ങിയാകും അവര്‍ കഴിയുക. 

രാത്രിയില്‍ ബീറ്റ് പൊലീസെത്തി അടിച്ച് എഴുന്നേല്‍പ്പിച്ച് ഓടിക്കുമ്പോള്‍ അടുത്ത ഇടം തേടി പോകും. രാകേഷും പൂജയും രാധയും പോലെ നൂറ് കണക്കിന് കുരുന്നുകളാണ് ദില്ലിയിലെ ഓരോ ട്രാഫിക് ബ്ലോക്കുകളിലും കുടുംബം നിലനിര്‍ത്താനായി ദേശീയ പതാകയുമായി പൊരിവെയിലത്ത് നില്‍ക്കുന്നത്. 

ട്രാഫിക് ബ്ലോക്കിലെ നിശ്ചിത സമയത്തിനിടയില്‍ അവര്‍ക്ക് കൈയിലുള്ള ഉത്പന്നം വില്‍ക്കണം. കടകളില്‍ കയറി കൂടിയ ജിഎസ്ടി നല്‍കി, പറയുന്ന പൈസയ്ക്ക് സാധനം വാങ്ങുന്ന ആരും പക്ഷേ, ഈ കുരുന്നുകളില്‍ നിന്ന് എന്ത് വാങ്ങുമ്പോഴും വില പേശും. 

ഇരുപത് രൂപ മുതല്‍ ഇരുനൂറ്റിയമ്പത് രൂപവരെയാണ് ദേശീയ പതാകയുടെ വില. ആ ചെറിയ വിലയ്ക്ക് മേലെയും വിലപേശി വില്‍ക്കേണ്ടിവരുമ്പോള്‍ ലാഭമൊന്നും തന്നെയുണ്ടാകില്ല. എന്നാലും എങ്ങനെയെങ്കിലും സാധനങ്ങള്‍ വിറ്റുപോകുന്നതില്‍ അവര്‍ സന്തോഷിക്കുന്നു. 

രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധ സംഘടനകളും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ഈ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നത്. മിക്കവാറും വൈകുന്നേരങ്ങളിലോ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലോ ആകും ക്ലാസുകള്‍ അവയും പലപ്പോഴും തെരുവികളില്‍ തന്നെയാണ് നടക്കുക. 

രാജ്യത്തെ കോടാനുകോടി ജനത സ്വാതന്ത്യം ആഘോഷിക്കുമ്പോഴും നിരവധി കുരുന്നുകള്‍, ട്രാഫിക് സിഗ്നലുകളില്‍ ചുവന്ന വെളിച്ചം തെളിയാനായി കാത്ത് നില്‍ക്കുന്നു. ഇന്ന് അവരുടെ കൈകളില്‍ അപ്പോഴും ദേശീയ പതാകയുണ്ടാകും. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാജ്യം 'ഹര്‍ ഘര്‍ തിരംഗ' ആഘോഷിക്കും. 

ആ കുരുന്നുകളുടെ കൈകളില്‍ നാളെ മുതല്‍ വീണ്ടും അഗര്‍ബത്തികളും മിഠായികളും പുസ്തകങ്ങളും പേനകളും ബലൂണുകളും മാറി മാറി ഇടം പിടിക്കും. സ്വന്തമായി താമസസ്ഥമുള്ളവര്‍ക്ക് ഉയര്‍ത്താന്‍ വേണ്ടി, സ്വന്തം ജീവിതത്തിന് നിറം പകരാനായി, അവര്‍ ഇന്ന് ട്രാഫിക്ക് സിഗ്നലുകളില്‍ ദേശീയ പതാകള്‍ വില്‍ക്കുന്നു. 

ആ കുരുന്നുകളുടെ കൈകളില്‍ നാളെ മുതല്‍ വീണ്ടും അഗര്‍ബത്തികളും മിഠായികളും പുസ്തകങ്ങളും പേനകളും ബലൂണുകളും മാറി മാറി ഇടം പിടിക്കും. സ്വന്തമായി താമസസ്ഥമുള്ളവര്‍ക്ക് ഉയര്‍ത്താന്‍ വേണ്ടി, സ്വന്തം ജീവിതത്തിന് നിറം പകരാനായി, അവര്‍ ഇന്ന് ട്രാഫിക്ക് സിഗ്നലുകളില്‍ ദേശീയ പതാകള്‍ വില്‍ക്കുന്നു. 

click me!