പത്ത് വര്‍ഷം സമരം ചെയ്യേണ്ടിവന്നാലും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ല : രാകേഷ് ടിക്കായത്ത്

First Published Sep 27, 2021, 11:58 AM IST

വിവാദ കാർഷിക നിയമങ്ങൾ ( Farm Laws) പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ, അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് ( Rakesh Tikait) പറഞ്ഞു. സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് വീണ്ടും ആവശ്യപ്പെട്ടു. കര്‍ഷക സമരം ആരംഭിച്ച 2020 നവംബറില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം തന്നെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മറിച്ച് മറ്റ് കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാടിലൂന്നിയായിരുന്നു. ഒരിക്കല്‍ പോലും ഇതംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറായിരുന്നില്ല. അതോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നോളം ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഭാരത ബന്ദിന്‍റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും അതിനിടെ പ്രതിഷേധത്തിൽ നിന്ന് കർഷകർ പിൻമാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്ജ്. 

ദില്ലിയുടെ സംസ്ഥാന അതിര്‍ത്തിയായ തിക്രിതിലും സിംഘുവിലും ഗാസിപ്പൂരിലും കഴിഞ്ഞ പത്ത് മാസമായി രാജ്യത്തെ കര്‍ഷകര്‍ സമരം ചെയ്യുകയാണ്.

മഴയ്ക്കും വെയിലിനും പൊടിക്കാറ്റിനും അവരുടെ വീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്നാണ് ഇന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്. 

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളിലേക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ചാണ് പിന്നീട് ഇത്രയും കാലം നീണ്ടുനിന്ന സമരമായി പരിണമിച്ചത്. 

സമരത്തിന്‍റെ പല ഘട്ടങ്ങളിലും സര്‍ക്കാരും പൊലീസും സമരത്തെ കായികമായി തന്നെ നേരിട്ടു. എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ചായിരുന്നു സമരം ഇത്രയും കാലം നീണ്ടു നിന്നതും. സമരത്തിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഇന്ന് കര്‍ഷക സംഘടനകള്‍ ഭരതബന്ദിന് ആഹ്വാനം ചെയ്തത്. 

25-ായിരുന്നു ആദ്യം ഭരത് ബന്ദ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് 27 -ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. സമരം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ബന്ദ് കൊണ്ട് ജനങ്ങള്‍ക്ക് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ.  എന്നാൽ ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്രം ജനങ്ങളെ എന്നും ബുദ്ധിമുട്ടിക്കുകയാണെന്നും രാകേഷ് ടിക്കായത്ത് ആരോപിച്ചു. 

യുപി സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വാരാണാസി മഹാ പഞ്ചായത്തിന്‍റെ തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരത്തിന്‍റെ ഭാവി സർക്കാരിന്‍റെ തീരുമാനം പോലെയാകും. 

യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നാണ് രാകേഷ് ടിക്കായത്ത് അവകാശപ്പെടുന്നത്.

ഉത്തർപ്രദേശ് അടക്കം അടുത്തതായി നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന 'മിഷൻ' പരിപാടികളുടെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിദ സ്ഥലങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുകയാണ്. 

ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാപഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 

കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.  കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു.  

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് കേരളത്തിൽ ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാരും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. 

ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. 

എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. 

കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!