ഉമ്മിനിയിലെ അമ്മപ്പുലിയെ പിടികൂടാന്‍ കേരളം, അമ്മപ്പുലിക്കൊപ്പം കുഞ്ഞുങ്ങളെ തുറന്ന് വിട്ട് മഹാരാഷ്ട്ര

First Published Jan 11, 2022, 2:47 PM IST

ഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയില്‍ രണ്ട് പുലിക്കുട്ടികളെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നത്. വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും മക്കളെ തേടിയെത്തിയ അമ്മ പുലി കൂട്ടില്‍ കയറിയില്ലെന്ന് മാത്രമല്ല, ഒരു കുഞ്ഞിനെയും കൊണ്ട് പോവുകയും ചെയ്തു. ഇതേ സമയത്ത് തന്നെ അങ്ങ് മഹാരാഷ്ട്രയിലെ നിര്‍ഗുഡെ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെ കണ്ടെത്തി. രണ്ട് സ്ഥലത്തും രണ്ട് രീതിയിലായിരുന്നു വനം വകുപ്പ് പെരുമാറിയത്. കേരളത്തില്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ച് അമ്മപ്പുലിയെ പിടിക്കാനാണ് വനം വകുപ്പ് ശ്രമിച്ചതെങ്കില്‍, മഹാരാഷ്ട്രയില്‍ കുഞ്ഞുങ്ങളെ അമ്മപ്പുലിക്ക് കുട്ടികളെ കൊടുത്ത് വിടാനായിരുന്നും അധികൃതര്‍ ശ്രമിച്ചത്. മഹാരാഷ്ട്രിലെ അമ്മപ്പുലി കുട്ടികളുമായി കാടുകയറിയെങ്കില്‍, കേരളത്തിലെ അമ്മപ്പുലിക്ക് ഒരു കുട്ടിയെ മാത്രമേ ഇതുവരെ കൊണ്ട് പോകാന്‍ കഴിഞ്ഞൊള്ളൂ. ആ കഥ ഇങ്ങനെ.

ജനുവരി രണ്ടിനാണ് മഹാരാഷ്ട്രയിലെ നിര്‍ഗുഡെ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെ കണ്ടെത്തിയത്. ആറ് ആഴ്ച പ്രായമുള്ള കുട്ടികളില്‍ ഒന്ന് ആണ്‍ കുഞ്ഞും രണ്ടാമത്തേത് പെണ്‍കുഞ്ഞുമായിരുന്നു. പുലിക്കുട്ടികളെ കണ്ടെത്തിയ വിവരം നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയും അതനുസരിച്ച് മണിക്ദോ ലെപ്പാർഡ് റെസ്ക്യൂ സെന്‍ററില്‍ നിന്ന് അധികൃതരെത്തി പുലി കുട്ടികളെ കൊണ്ട് പോവുകയും ചെയ്തു. 

അവിടെ വൈൽഡ് ലൈഫ് എസ്ഒഎസ് ചാരിറ്റിയിലെ വെറ്ററിനറി ഓഫീസർ ഡോ. നിഖിൽ ബംഗാർ പുലി കുട്ടികളെ പരിശോധിച്ചു. കുട്ടികള്‍ ആരോഗ്യമുള്ളവരാണെന്നും അമ്മയുടെ അടുത്തേക്ക് മടങ്ങാന്‍ യോഗ്യരാണെന്നും അദ്ദേഹം ഉറപ്പ് വരുത്തി. തുടര്‍ന്ന് കുഞ്ഞുങ്ങളെ കണ്ടെത്തിയ പാടത്ത് തന്നെ കുട്ടികളെ തിരികെ കൊണ്ട് വിട്ടു. 

അമ്മപ്പുലിക്ക് കുട്ടികളെ പെട്ടെന്ന് കണ്ടെത്താനായി അവർ അവയെ ശ്രദ്ധാപൂർവ്വം ഒരു ചെറിയ പെട്ടിയിലാക്കിയാണ് വച്ചത്.  അമ്മ പുലി വരുന്ന നിമിഷം പകർത്താനായി ഒരു റിമോട്ട് കൺട്രോൾ ക്യാമറ ട്രാപ്പും സ്ഥാപിച്ചു. കുറച്ചേറെ സമയത്തിന് ശേഷം കുട്ടികളുടെ മണം പിടിച്ച് അമ്മ പുലിയെത്തി. പെട്ടിക്കുള്ളില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം കുട്ടികളെ പുറത്തെടുത്ത അമ്മ പുലി കുട്ടികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ക്യാമറയില്‍ പതിഞ്ഞു. 

മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളിൽ കർഷകർ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണുന്നത് അസാധാരണമല്ല. ഉയരമുള്ളതും ഇടതൂർന്നതുമായ കരിമ്പ് തണ്ടുകൾ പുള്ളിപ്പുലികൾക്ക് മതിയായ ഒളിസങ്കേതം നല്‍കുന്നു. പലപ്പോഴും ഇത്തരത്തില്‍ കരിമ്പുകള്‍ക്കിടയില്‍ നിന്നും പുലിക്കുട്ടികളെ ഇതിന് മുമ്പും കര്‍ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡായ ഉമ്മിനിയില്‍ കഴിഞ്ഞ ദിവസം രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയപ്പോള്‍ കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന അമ്മപ്പുലിയെ പിടിക്കാനാണ് സംസ്ഥാന വനം വകുപ്പ് കെണിയൊരുക്കിയത്. ജനസാന്ദ്രതയേറിയ മേഖലയാണെന്നതാണ് ഉമ്മിണിയിലെ പ്രശ്നം രൂക്ഷമാക്കുന്നത്. 

ജനവാസമേഖലയിലെ ആളൊഴിഞ്ഞ വീട്ടിലാണ് അമ്മ പുലി കുട്ടികളെ സൂക്ഷിച്ചിരുന്നത്. ജനവാസമേഖലയില്‍ പുലിയുടെയും കുട്ടികളുടെയും സാന്നിധ്യമുണ്ടെന്നറിഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തരാണ്. മാത്രമല്ല, ഉമ്മിണിയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നതും കാര്യങ്ങളുടെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളെയും അമ്മയെയും പിടികൂടി കാട്ടില്‍ വിടാനുള്ള ശ്രമങ്ങളുമായി സംസ്ഥാന വനംവകുപ്പ് മുന്നോട്ട് പോകുന്നത്.  

എന്നാല്‍, വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ കയറാതെ ഒരു കുഞ്ഞുമായി അമ്മപ്പുലി മടങ്ങുകയായിരുന്നു. ഇന്നും അമ്മപ്പുലിയെ പിടിക്കാന്‍ രണ്ടാമത്തെ കുട്ടിയെ വച്ച് കൂടൊരുക്കും. എന്ത് വിധേനയും കുഞ്ഞുങ്ങളെയും അമ്മയെയും ഒരുമിപ്പിക്കാനാണ് ശ്രമമെന്നും വാളയാര്‍ റെയിഞ്ച് ഓഫീസര്‍ ആഷിക് അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!