ഗിനിയയില്‍ സൈന്യം അധികാരം പിടിച്ചെടുത്തു; മൂന്നാമതും പ്രസിഡന്‍റായ ആൽഫ കോണ്ടെ തടവില്‍

First Published Sep 6, 2021, 3:32 PM IST


നിലനിന്നിരുന്ന സ്ഥിരതയെ അട്ടിമറിച്ച് കൊണ്ടാണ് ലോകത്ത് കൊവിഡ് രോഗബാധ വ്യാപകമായത്. മഹാമാരിക്കിടെ നടന്ന രാഷ്ട്രീയ തെരഞ്ഞടുപ്പുകളില്‍ പരാജയപ്പെട്ട ഏറ്റവും വലിയ നേതാവ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡോണാള്‍ഡ് ട്രംപാണ്. മറ്റൊല്ലാ രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അതാത് സര്‍ക്കാരുകളാണ് വിജയിച്ചത്. എന്നാല്‍ ഇതേ കൊവിഡ് കാലത്താണ് മ്യാന്മാറിലും അഫ്ഗാനിലും സൈനീക നടപടിയിലൂടെ രാജ്യാധികാരം അട്ടിമറിക്കപ്പെട്ടു. തൊട്ട് പുറകെ ഗിനിയയിലും സൈന്യത്തിന്‍റെ ഒരു വിഭാഗമാ ഗിനിയന്‍ സ്പെഷ്യല്‍ ഫോഴ്സ് പ്രസിഡന്‍റ് ആൽഫ കോണ്ടെ (83)യെ അട്ടിമറിച്ച് അധികാരം ഏറ്റെടുത്തതായി അവകാശപ്പെട്ടു. രാജ്യത്തിന്‍റെ ഭരണം ഏറ്റെടുത്തെന്ന് അറിയിച്ച അവര്‍ അനിശ്ചിതകാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു. 'പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. ഭരണഘടന പിരിച്ചു വിട്ടു' എന്നായിരുന്നു പട്ടാള ഉദ്യോഗസ്ഥന്‍ എഎഫ്പിയ്ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ അറിയിച്ചത്. ഗിനിയയുടെ കര, വ്യോമ അതിർത്തികൾ അടച്ചിട്ടുണ്ടെന്നും സർക്കാർ പിരിച്ചുവിട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

കലാപകാരികളായ സൈനീകര്‍ എഎഫ്‌പിക്ക് അയച്ച വീഡിയോയിൽ പ്രസിഡന്‍റ് ആൽഫ കോണ്ടെ (83) സൈനീകരാല്‍ വലയം ചെയ്യപ്പെട്ട് ഒരു സോഫയിൽ ഇരിക്കുകയായിരുന്നു. മോശമായി പെരുമാറിയോ എന്ന ഒരു പട്ടാളക്കാരന്‍റെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകാൻ വിസമ്മതിച്ചു. 

തുടര്‍ന്ന് രാജ്യത്തെ ഗവർണർമാരെയും മറ്റ് ഉന്നത ഭരണാധികാരികളെയും ഇനി സൈന്യം നിയമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ തലസ്ഥാനമായ കോനക്രിയിലെ കലോം ജില്ലയില്‍ കനത്ത വെടിവെപ്പ് നടന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളെ അറിയിച്ചു. 

ഗിനിയന്‍ സ്പെഷ്യല്‍ ഫോഴ്സിലെ ഒരു മുതിർന്ന കമാൻഡറെ പിരിച്ചുവിട്ടതാണ് സൈന്യത്തെ പെട്ടെന്ന് പ്രകോപിതരാക്കിയതും കലാപത്തിന് പ്രയരിപ്പിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ലെന്ന് എഎഫ്പി അറിയിച്ചു. 

സർക്കാർ "കെടുകാര്യസ്ഥത" അട്ടിമറിക്ക് പ്രേരിപ്പിച്ചതായി ഗിനിയയിലെ മിലിട്ടറി സ്പെഷ്യൽ ഫോഴ്‌സിന്‍റെ തലവൻ ലെഫ്റ്റനന്‍റ് കേണൽ മാമാദി ദൗംബൗയ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് അവകാശപ്പെട്ടു. 

"ഇനി ഞങ്ങൾ പോകില്ല. രാഷ്ട്രീയം ഒരു മനുഷ്യനെ ഏൽപ്പിക്കുകയല്ല, പകരം ഞങ്ങൾ രാഷ്ട്രീയത്തെ ജനങ്ങളെ ഏൽപ്പിക്കാൻ പോവുകയാണ്." മാമാദി ദൗംബൗയ അവകാശപ്പെട്ടു. "ഗിനിയ സുന്ദരിയാണ്. ഗിനിയയെ നമുക്ക് ബലാത്സംഗം ചെയ്യാന്‍ കഴിയില്ല. നമ്മൾ അവളോട് സ്നേഹം കാണിക്കേണ്ടതുണ്ട്, "അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗിനിയയുടെ പ്രത്യേക സേനയുടെ തലവനായ കേണൽ മാമാദി ദൗംബൗയ ഞായറാഴ്ച സംസ്ഥാന ടെലിവിഷനിൽ രാജ്യാധികാരം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പിന്തുണയ്ക്കാൻ സായുധ സേനയോട് അഭ്യർത്ഥിക്കുകയും ചെയ്തു. 

“ഞങ്ങളുടെ റോഡുകളുടെയും ആശുപത്രികളുടെയും അവസ്ഥ നിങ്ങൾ കാണുകയാണെങ്കിൽ, ഞങ്ങൾ ഉണരേണ്ട സമയമാണിതെന്ന് നിങ്ങൾ മനസ്സിലാക്കും. ” എന്നായിരുന്നു ഡൗംബൗയ ജനങ്ങളെ അഭിസംബോധ ചെയ്തുകൊണ്ട് പറഞ്ഞത്. 

"എല്ലാവരെയും ഉൾക്കൊള്ളുന്നതും സമാധാനപരവുമായ പരിവർത്തനം ആരംഭിക്കുന്നതിനായി ഞങ്ങൾ ഒരു ദേശീയ കൂടിയാലോചന ആരംഭിക്കുന്നു. " എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സൈന്യം തടവിലാക്കിയ പ്രസിഡന്‍റ് ആൽഫ കോണ്ടെയെ കുറിച്ച് ഇതുവരെയായി വിവരമൊന്നും ഇല്ല. 

ടിവി പ്രക്ഷേപണം പിടിച്ചെടുത്ത ശേഷം, കലാപകാരികളായ സൈനികർ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും അവർക്ക് ഒരു പേര് നൽകി.  ഒത്തുചേരലിന്‍റെയും വികസനത്തിന്‍റെയും ദേശീയ കമ്മറ്റി (The National Committee of Gathering and Development). 

കഴിഞ്ഞ വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തലേദിവസം തലസ്ഥാനത്തിന് കിഴക്ക് സൈനിക കലാപം നടന്നിരുന്നു. അന്ന് കലാപാനന്തരം കലൂമിലേക്കുള്ള പ്രവേശനവും സൈന്യം തടഞ്ഞിരുന്നു. 

2020 ഒക്ടോബറിൽ ഗിനിയയിൽ നടന്ന അവസാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, അക്രമാസക്തമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്ടെ മൂന്നാം തവണയും വിജയിച്ചു. പക്ഷേ ആ വിജയം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിവാദത്തിനും കാരണമായി. 

തുടര്‍ന്ന് ഭരണഘടനയില്‍ മാറ്റങ്ങള്‍‌ വരുത്തിയ അദ്ദേഹം ഒരു വ്യക്തിക്ക് രണ്ട് തവണമാത്രമേ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയുള്ളൂവെന്ന നിയമം മാറ്റിയെഴുതുകയും മൂന്നാമതും പ്രസിഡന്‍റാവുകയുമായിരുന്നു. 

കോണ്ടേ മൂന്നാമതും പ്രസിഡന്‍റായി അധികാരമേറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലുള്ള കലാപങ്ങളാണ് നടന്നത്. ഡസന്‍ കണക്കിന് യുവാക്കള്‍ അന്ന് കൊല്ലപ്പെട്ടു. മിക്കവരും മരിച്ചത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലൂടെ മൂന്നാമതും അധികാരമേറ്റ കോണ്ടെയ്ക്കെതിരെ ജനങ്ങള്‍ക്കിടെയിലും സ്വീകാര്യത കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ ഏഴിന് മൂന്നാമതും പ്രസിഡന്‍റായി അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപിച്ചു.  '

നേരത്തെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് തടവിലാക്കപ്പെട്ട കോണ്ടെയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തിന് നേരെയുള്ള വധശിക്ഷ റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് 2010 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്ടെ, രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റാകുന്ന വ്യക്തിയായി. 

2011 ല്‍ ഒരു വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2015 ല്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്ടെ തന്നെ ഗനിയയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇതിനിടെ കോണ്ടെയില്‍ സ്വേച്ഛാധിപത്യ സ്വഭാവം ശക്തമായതായി ആരോപണമുയര്‍ന്നു. 

' ഞങ്ങള്‍ പ്രത്യേക സേനയില്‍ അഭിമാനിക്കുന്നു. കാരണം ഭരണാധികാരികള്‍ ഞങ്ങളുടെ യുവാക്കളുടെ കൊലയാളികളാണ് ' എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. 

രാജ്യത്ത് ഗണ്യമായ ധാതു സമ്പത്ത് ഉണ്ടായിരുന്നിട്ടും 13 ദശലക്ഷം ആളുകളുള്ള രാജ്യം അങ്ങേയറ്റം ദാരിദ്രത്തിലൂടെയാണ് കടന്ന് പോകുന്നത്. സര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതയാണ് രാജ്യത്തെ ദാരിദ്രത്തിന് കാരണമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ചൈനയിലെ ഏറ്റവും വലിയ ബോക്സൈറ്റ് വിതരണക്കാരായ ഗിനിയ ഓസ്ട്രേലിയയുമായാണ് ഈ രംഗത്ത്  മത്സരിക്കുന്നത്. അലുമിനയും ഒടുവിൽ അലുമിനിയവും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവിന്‍റെ വലിയ ശേഖരം തന്നെ രാജ്യത്തുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആഗോളതലത്തിൽ 82.4 ദശലക്ഷം ടൺ ധാതുക്കൾ രാജ്യം കയറ്റി അയച്ചു. ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉപയോഗിക്കുന്ന രാജ്യമായ ചൈനയിലേക്കാണ് ഇതിന്‍റെ ഭൂരിഭാഗവും പോയത്. 

ഗിനിയയുടെ ഭരണഘടനാ പുനസ്ഥാപിച്ചില്ലെങ്കില്‍ ഉപരോധം ഏർപ്പെടുത്തുമെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ സംസ്ഥാനങ്ങളിലെ സാമ്പത്തിക സമൂഹ (ECOWAS)ത്തിന്‍റെ ആക്ടിംഗ് പ്രസിഡന്‍റും ഘാനയുടെ പ്രസിഡന്‍റുമായ നാന അകുഫോ-അഡോ പറഞ്ഞു. "തോക്കിന്‍റെ ബലത്തിൽ സർക്കാർ ഏറ്റെടുക്കുന്നതിനെ ഞാൻ ശക്തമായി അപലപിക്കുന്നു," എന്ന് . യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!