കവചിത ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തി; ജീവിതകാലം 97 ദശലക്ഷം മുതൽ 94 ദശലക്ഷം മുമ്പ്

First Published Aug 17, 2022, 1:18 PM IST

ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ (Cretaceous period), അതായത് 97 ദശലക്ഷം മുതൽ 94 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കവചിത ദിനോസറിന്‍റെ ഫോസില്‍ അര്‍ജന്‍റീനയില്‍ നിന്ന് ആദ്യമായി കണ്ടെത്തി. സ്റ്റെഗോസോറസിന്‍റെ (Stegosaurus) ആദിമ ബന്ധുവിനെ പോലെ തോന്നിക്കുന്ന ഇവ ജകാപിൽ കനിയുക്കുര (Jakapil kaniukura) എന്ന ഇനമാണെന്ന് വിദഗ്ദര്‍ അവകാശപ്പെട്ടു. ഒരു വളര്‍ത്തു പൂച്ചയുടെ വലിപ്പമുള്ള ഇവയ്ക്ക്  5 അടി (1.5 മീറ്റർ) വരെ നീളമുണ്ട്. പാലിയന്‍റോളജിസ്റ്റുകൾ പറയുന്നത് ജകാപിൽ കനിയുക്കുര അങ്കിലോസോറസിന്‍റെയോ സ്റ്റെഗോസോറസിന്‍റെയോ പ്രാകൃത ബന്ധുവിനെപ്പോലെയാണെന്നും മുമ്പ് ശാസ്ത്രത്തിന് അജ്ഞാതമായ മുഴുവൻ ജീവിവർഗങ്ങളെയും ഇത് പ്രതിനിധീകരിക്കുമെന്നുമാണ്. 

ജകാപിൽ കനിയുക്കുരയ്ക്ക് കഴുത്തിൽ നിന്ന് വാൽ വരെ നീളുന്ന സംരക്ഷണ മുള്ളുകളുടെ ഒരു നീണ്ട നിരയുണ്ടായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ഇങ്ങനെ തലമുതല്‍ വാല്‍ വരെ ഇവയ്ക്ക് ഏതാണ്ട്  ഒന്നര മീറ്റര്‍ നീളമുണ്ടാകും. ജകാപിൽ കനിയുക്കുര ഒരു സസ്യഭുക്കായിരുന്നു. സ്റ്റെഗോസോറസിന്‍റെതിന് സമാനമായ ഇലയുടെ ആകൃതിയിലുള്ള പല്ലുകളാണ് ഇവയ്ക്കും. ഇരു പിന്‍കാലുകളില്‍ നിവർന്ന് നടക്കുകയും അതോടൊപ്പം ശക്തമായ കടി ഏൽപ്പിക്കാൻ കഴിവുള്ള ഒരു ചെറിയ അല്‍പം നീണ്ട മുഖവുമാണ് ഇവയ്ക്ക്. 

ഇവ ഇലകള്‍ നിറഞ്ഞ കടുപ്പമേറിയ മരങ്ങളെ ഭക്ഷണമാക്കാന്‍ ഇവയ്ക്ക് കഴിയുമായിരുന്നെന്ന് അർജന്‍റീനയിലെ ഫെലിക്സ് ഡി അസാര നാച്ചുറൽ ഹിസ്റ്ററി ഫൗണ്ടേഷനിലെ പാലിയന്‍റോളജിസ്റ്റുകൾ പറയുന്നു. വടക്കൻ പാറ്റഗോണിയയിലെ റിയോ നീഗ്രോ പ്രവിശ്യയിൽ നിന്നാണ് ദിനോസറിന്‍റെ ഭാഗിക അസ്ഥികൂടം കണ്ടെത്തിയത്. ഇത് സ്റ്റെഗോസോറസ്, അങ്കിലോസോറസ് തുടങ്ങി മറ്റ് കവച ശരീരമുള്ള ദിനോസറുകൾ ഉള്‍പ്പെടുന്ന തൈറോഫോറ എന്ന ഗ്രൂപ്പില്‍പ്പെടുന്നു. 

തൈറോഫോറാ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മിക്ക ഇനങ്ങളെയും വടക്കൻ അർദ്ധഗോളത്തിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്, ഈ ഗ്രൂപ്പിലെ ആദ്യകാല അംഗങ്ങളിൽ നിന്നുള്ള ലഭ്യമായ ഫോസിലുകളെല്ലാം  സാധാരണയായി ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നവയാണ്. അതായത് ഏകദേശം 201 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 163 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളാണിവ.

ജകാപിൽ കനിയുക്കുരയുടെ കണ്ടെത്തലോടെ 'ആദ്യകാല തൈറിയോഫോറൻസിന് മുമ്പ് കരുതിയിരുന്നതിനേക്കാൾ ഭൂമിശാസ്ത്രപരമായി വളരെ വിശാലമായ പ്രദേശങ്ങളില്‍ ഇവ ജീവിച്ചിരിക്കാമെന്ന് ' പാലിയന്‍റോളജിസ്റ്റുകളായ ഫാകുണ്ടോ ജെ. റിഗുട്ടി, സെബാസ്റ്റ്യൻ അപെസ്റ്റെഗിയ, സെബിയർ പെരേഡ-സുബർബിയോള എന്നിവർ പുതിയ ഗവേഷണ പ്രബന്ധത്തില്‍ അവകാശപ്പെടുന്നു.

തെക്കേ അമേരിക്കയിലെ അവസാന ക്രിറ്റേഷ്യസ് വരെ ഈ പുരാതന തൈറോഫോറൻ വംശം അതിജീവിച്ചു എന്നത് ആശ്ചര്യകരമാണെന്നും ഇവര്‍ കൂട്ടിച്ചേർക്കുന്നു. വടക്കൻ അർദ്ധഗോളത്തിൽ, ഈ പഴയ തരം തൈറിയോഫോറാനുകൾ മധ്യ ജുറാസിക് കാലഘട്ടത്തോടെ വംശനാശം സംഭവിച്ചതായി കാണപ്പെടുമ്പോഴാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍, ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന തെക്കൻ സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയിൽ, അവ ക്രിറ്റേഷ്യസ് കാലഘട്ടത്തെ അതിജീവിച്ചു. 

66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പക്ഷികളല്ലാത്ത മറ്റ് ദിനോസറുകൾക്കൊപ്പം വംശനാശം സംഭവിച്ച അങ്കിലോസോറസ് ഉൾപ്പെടെ, പിന്നീടുള്ള ചില തൈറിയോഫോറൻസ് കൂടുതൽ കാലം ജീവിച്ചിരുന്നു.‌ ചിലിയൻ പാലിയോ ആർട്ടിസ്റ്റും റിയോ നീഗ്രോ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പാലിയന്‍റോളജി വിദ്യാർത്ഥിയുമായ ഗബ്രിയേൽ ഡിയാസ് യാന്‍റിനിൽ നിന്ന് കമ്പ്യൂട്ടർ മാതൃക സൃഷ്ടിച്ച് പുതിയ ജീവിവർഗത്തിന് രൂപം നല്‍കി. സയന്‍റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിലാണ് പുതിയ ജീവിവര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചത്.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി ചിക്‌സുലബ് എന്ന ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചു. ഇതിന്‍റെ ഫലമായി ചിക്‌സുലബ് മെക്‌സിക്കോ ഉൾക്കടലിൽ ആഴം കുറഞ്ഞ കടല്‍ പതിച്ചു. എന്നാല്‍ ഈ കൂട്ടിയടി ഉയര്‍ത്തി വിട്ട പൊടിപടലവും മറ്റും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് വഴി തെളിച്ചു. ഇതോടെ അന്ന് ഭൂമിയില്‍ ഉണ്ടായിരുന്ന 75 ശതമാനം ജീവിവര്‍ഗ്ഗങ്ങളും അപ്രത്യക്ഷമായി. പിന്നീട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ജീവിതമാരംഭിച്ചത്. 
 

click me!