സ്വര്‍ണ്ണമുണ്ടോ സ്വര്‍ണ്ണം; മണ്‍വെട്ടിയും പിക്കാസുമായി സ്വര്‍ണ്ണക്കട്ടി തേടി ആളുകളുടെ തിരക്ക്!

Published : Feb 18, 2026, 01:32 PM IST

ദക്ഷിണാഫ്രിക്കയിലെ ഒരു ചേരിയില്‍ ഇപ്പോള്‍ സ്വര്‍ണ്ണവേട്ടക്കാരുടെ ബഹളമാണ്. സ്വര്‍ണ്ണമുണ്ട് എന്ന വാര്‍ത്തപരന്നതോടെ പലയിടങ്ങളില്‍നിന്നും എത്തിയവര്‍ മണ്ണെടുത്ത് അരിക്കുകയാണ്. സ്വര്‍ണ്ണം കിട്ടിയെന്ന് ചിലര്‍, ചിലര്‍ക്കത് പ്രതീക്ഷ മാത്രമാണ്.

PREV
17

ദക്ഷിണാഫ്രിക്കന്‍ നഗരമായ ജോഹന്നാസ്ബര്‍ഗിന്റെ കിഴക്കാണ് സ്പ്രിംഗ്‌സ് എന്ന ചെറുപട്ടണം. ഇവിടത്തെ ഗുഗുലേത്തു എന്ന ചേരി പ്രദേശത്താണ് സ്വര്‍ണ്ണത്തിനായി ആളുകള്‍ പരക്കംപായുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്ന അനധികൃത കോളനികള്‍ നിറഞ്ഞതാണ് ഈ പ്രദേശം. പണ്ടിവിടെ സ്വര്‍ണ്ണ ഖനികളുണ്ടായിരുന്നു. പിന്നീട് അടിത്തട്ടില്‍ ഖനനം നടത്തുന്നത് ലാഭകരമല്ലാതായതോടെ അത് നിര്‍ത്തി.

27

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ സ്വര്‍ണ്ണത്തരികള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. തൊഴുത്തിനടുത്ത് കിളയ്ക്കുമ്പോള്‍ സ്വര്‍ണ്ണക്കട്ടി കിട്ടിയെന്ന് ഇവിടെയുള്ള ഒരാള്‍ അവകാശപ്പെട്ടു. അതോടെ സമീപപ്രദേശങ്ങളില്‍നിന്നും ആളുകളുടെ ഒഴുക്ക് തുടങ്ങി. ഇവര്‍ കന്നുകാലികളെ കെട്ടിയ സ്ഥലം കുഴിക്കാന്‍ തുടങ്ങി. പിക്കാസുകളും മണ്‍വെട്ടികളുമായി ഇവര്‍ മണ്ണ് അരിച്ചെടുക്കുകയാണ്. തങ്ങള്‍ക്ക് സ്വര്‍ണ്ണം ലഭിച്ചതായി ചിലര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

37

നിലം കുഴിച്ച് ചെറിയ പാത്രങ്ങളില്‍ മണ്ണെടുക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. പിന്നീട്, മണ്ണില്‍ ചെറിയ സ്വര്‍ണ്ണ തരികള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ അവ കഴുകുന്നു. തങ്ങള്‍ക്ക് സ്വര്‍ണ്ണം ലഭിച്ചെന്നും അവ കരിഞ്ചന്തയില്‍ വിറ്റതായും ഖനനം നടത്തുന്ന ചിലര്‍ അവകാശപ്പെട്ടു.

47

ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഭൂരിഭാഗവും അയല്‍രാജ്യമായ ലെസോത്തോയില്‍ നിന്ന് വന്നവരാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പാത്രങ്ങള്‍ കഴുകുന്നതിനിടെ, വെള്ളത്തിന്റെയും മണ്ണിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ചെറിയ സ്വര്‍ണ്ണത്തരികള്‍ തെളിഞ്ഞു കാണാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

57

ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ദക്ഷിണാഫ്രിക്കയില്‍ ഏകദേശം 100 ഡോളര്‍ വിലയുണ്ട്. അതായത് 9,065 രൂപ. ദക്ഷിണാഫ്രിക്കയിലെ ശരാശരി പ്രതിമാസ വേതനം 368 ഡോളറാണ്. അതായത് 33,360 രൂപ. ഇതാണ്, സ്വര്‍ണ്ണവേട്ടയ്ക്ക് ആളുകള്‍ ഒഴുകിയെത്താന്‍ കാരണം. ദക്ഷിണാഫ്രിക്കയില്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ ഖനനം സാധാരണമാണ്; സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

67

അതേസമയം, ഈ ഖനനം നിയമവിരുദ്ധമാണെന്നും പരിസ്ഥിതിക്ക് ദോഷകരമാണെന്നുമാണ് ക്ഷിണാഫ്രിക്കന്‍ ധാതു വിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അയിരില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നതിനായി മെര്‍ക്കുറി, സോഡിയം സയനൈഡ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇവ പരിസ്ഥിതിക്കും ജീവനും ദോഷകരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

77

മുമ്പ് കന്നുകാലികള്‍ മേഞ്ഞ ഇവിടുത്തെ മണ്ണില്‍ നിറയെ കുഴികളാണിപ്പോള്‍. പലയിടത്തും മണ്ണ് ഇടിഞ്ഞു വീഴാറായി. 'നിയന്ത്രണമില്ലാത്ത കുഴിയെടുക്കല്‍ മണ്ണിന്റെ ഉറപ്പിനെ ബാധിക്കും. ഇത് അപകടസാധ്യത സൃഷ്ടിക്കും'-ഖനന മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories