ഇറാന്‍ ആക്രമിച്ചത് 17 യു എസ് സൈനിക താവളങ്ങള്‍, പലയിടത്തും നാശനഷ്ടെമന്നും റിപ്പോര്‍ട്ട്

Published : Mar 11, 2026, 05:53 PM IST

ഇറാനെതിരെ ഇസ്രായേലും അമേരിക്കയും കനത്ത ആക്രമണങ്ങള്‍ തുടരുന്നതിനിടയിലും ഇറാന്‍ പ്രത്യാക്രമണം തുടരുന്നു. പശ്ചിമേഷ്യയിലെ 17 യു എസ് താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

PREV
111

യുദ്ധം ആരംഭിച്ചശേഷം പശ്ചിമേഷ്യയിലെ 17 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍, സ്ഥിരീകരിക്കപ്പെട്ട സോഷ്യല്‍ മീഡിയ വീഡിയോകള്‍, യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍, ഇറാന്റെ ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കും സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചത്. ഇവയില്‍ ഭൂരിഭാഗവും തടയാന്‍ കഴിഞ്ഞതായി യു.എസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ആക്രമണത്തില്‍ 11 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് പശ്ചിമേഷ്യയിലെ ആകെ യുഎസ് കേന്ദ്രങ്ങളുടെ പകുതിയോളം വരും.

211

ഇറാന്റെ തിരിച്ചടി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമല്ല. എങ്കിലും, കഴിഞ്ഞ ആഴ്ച യുഎസ് കോണ്‍ഗ്രസിന് പെന്റഗണ്‍ നല്‍കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ഫെബ്രുവരി 28-ന് ബഹ്റൈനിലെ യു.എസ് നേവി അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെ നടന്ന ഒറ്റ ആക്രമണത്തില്‍ മാത്രം ഏകദേശം 200 മില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രംപ് ഭരണകൂടം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ രീതിയില്‍ ഇറാന്‍ യുദ്ധത്തിനായി തയ്യാറെടുത്തിരുന്നതിന് തെളിവാണ് ഇത്ര കനത്ത തിരിച്ചടികളെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

311

സംഘര്‍ഷമാരംഭിച്ച ഫെബ്രുവരി 28-ന് തന്നെ ഇറാന്‍ നിരവധി യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ്, കുവൈത്തിലെ അലി അല്‍ സാലിം എയര്‍ ബേസ്, ക്യാമ്പ് ബ്യൂറിംഗ് ബേസ്, ഖത്തറിലെ യു.എസ് താവളമായ അല്‍ ഉദൈദ് എയര്‍ ബേസ് എന്നിവിടങ്ങളെയാണ് ആദ്യം ലക്ഷ്യമിട്ടത്. മാര്‍ച്ച് ഒന്നിന് പുറത്തുവന്ന ലഭിച്ച ഒരു വീഡിയോയില്‍ കുവൈറ്റിലെ ക്യാമ്പ് ബ്യൂറിംഗിലെ കായിക വിനോദ കേന്ദ്രങ്ങള്‍ക്ക് സമീപം ഇറാനിയന്‍ ഡ്രോണ്‍ പൊട്ടിത്തെറിക്കുന്നത് കാണാം. ഇതില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

411

ഇറാന്‍ ആക്രമണത്തില്‍ ഇതുവരെ 140 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായാണ് പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇവരില്‍ എട്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ഇതിനകം ജോലിയില്‍ തിരിച്ചെത്തിയതായും പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പറഞ്ഞു.

511

ഇറാനുമായുള്ള യുദ്ധത്തില്‍ ഏഴാമത്തെ അമേരിക്കന്‍ സൈനികന്‍ കൂടി മരിച്ചതായി ഞായറാഴ്ച പെന്റഗണ്‍ അറിയിച്ചിരുന്നു. കെന്റക്കിയിലെ ഗ്ലെന്‍ഡേല്‍ സ്വദേശിയായ ആര്‍മി സര്‍ജന്റ് ബെഞ്ചമിന്‍ പെന്നിംഗ്ടണ്‍ (26) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 1-ന് സൗദിയിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് പെന്നിംഗ്ടണിന് ഗുരുതരമായി പരിക്കേറ്റതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലെ യു.എസ്. മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറെടുക്കുന്നതിനിടെ ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം. കുവൈറ്റിലെ ഷുഐബ തുറമുഖത്ത് ഞായറാഴ്ച ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് റിസര്‍വ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ഡെലവെയറിലെ ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ പ്രസിഡന്റ് ട്രംപ്, കൊല്ലപ്പെട്ട ആദ്യ ആറ് അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

611

മാര്‍ച്ച് ഒന്നിന് കുവൈറ്റിലെ ഷുഐബ തുറമുഖത്ത് സൈനിക ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇറായന്‍ ഡ്രോണ്‍ പതിക്കുകയും ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സൗദി അറേബ്യയിലെ യു.എസ് താവളത്തിന് നേരെ മാര്‍ച്ച് ഒന്നിന് നടന്ന മറ്റൊരു ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ ഏഴായതായി ഞായറാഴ്ച പെന്റഗണ്‍ അറിയിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ഇറാന്റെ ആക്രമണങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും പ്രഹരങ്ങള്‍ തുടരുകയാണ്. അല്‍ ഉദൈദ് എയര്‍ ബേസ്, അലി അല്‍ സാലിം എയര്‍ ബേസ്, അല്‍ ദാഫ്ര എയര്‍ ബേസ്, ക്യാമ്പ് ബ്യൂറിംഗ്, നേവിയുടെ അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനം എന്നിവിടങ്ങളില്‍ ഒന്നിലധികം തവണ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

711

ഇറാനില്‍ നിന്ന് തൊടുത്തുവിട്ട മിസൈലുകള്‍ ടര്‍ക്കി വരെ എത്തിയിരുന്നു. മാര്‍ച്ച് നാലിന് ടര്‍ക്കിയിലെ ഇന്‍സിര്‍ലിക് വ്യോമ താവളത്തിലേക്ക് ലക്ഷ്യം വെച്ച് വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നാറ്റോ തടഞ്ഞിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ വലിയൊരു വിഭാഗം ഈ താവളത്തിലുണ്ട്. എന്നാല്‍ മിസൈല്‍ വിക്ഷേപിച്ച വാര്‍ത്ത ഇറാന്‍ സൈന്യം പിന്നീട് നിഷേധിച്ചു. അതിനു പിന്നാലെ, തങ്ങളുടെ ആകാശപരിധിയില്‍ പ്രവേശിച്ച രണ്ടാമതൊരു ഇറാന്‍ മിസൈല്‍ കൂടി നാറ്റോ വെടിവെച്ചിട്ടതായി തിങ്കളാഴ്ച ടര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

811

മേഖലയിലെ വ്യോമ ഭീഷണികള്‍ ട്രാക്ക് ചെയ്യാനും തടയാനും ഉപയോഗിക്കുന്ന താഡ് ഉള്‍പ്പെടെയുള്ള റഡാര്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയാണ് ഇറാന്‍ കാര്യമായി ലക്ഷ്യം വെച്ചത്. ജോര്‍ദാനിലെ യു.എസ് വ്യോമസേനയുടെ പ്രധാന കേന്ദ്രമായ മുവാഫഖ് സാല്‍തി എയര്‍ ബേസിന്റെ തെക്കേ അറ്റത്തുള്ള റഡാര്‍ ഉപകരണങ്ങള്‍ ഫെബ്രുവരിയിലെ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങി രണ്ട് ദിവസത്തിന് ശേഷം എടുത്ത ചിത്രങ്ങളില്‍, വ്യോമ പ്രതിരോധ സെന്‍സറിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാണാം. ഇത്തരത്തിലുള്ള ഒരു റഡാര്‍ യൂണിറ്റിന് മാത്രം ഏകദേശം അര ബില്യണ്‍ ഡോളര്‍ വരെയാണ് ചിലവ്. ബഹ്റൈനിലെ മനാമയിലുള്ള യു.എസ്. നേവിയുടെ അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്ത് ഇറാനിയന്‍ ഡ്രോണ്‍ പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റഡാര്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന 'കമ്മ്യൂണിക്കേഷന്‍സ് റഡോമിന്' ഈ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

911

അടുത്തിടെ വ്യോമ പ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിച്ച ഇടങ്ങളും ഇറാന്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ യു എ ഇയിലെ അല്‍ റുവൈസില്‍ സ്റ്റോറേജ് സ്ട്രക്ചറുകള്‍ക്ക് സമീപം ഒരു 'താഡ്' യൂണിറ്റ് കാണാമായിരുന്നു. എന്നാല്‍, ഇറാന്‍ ആക്രമണത്തിന് ശേഷം എടുത്ത ഉപഗ്രഹ ചിത്രങ്ങളില്‍ ഇവയയ്ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് ഈ മൊബൈല്‍ താഡ് യൂണിറ്റ് അവിടെ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഖത്തറില്‍ 3,000 മൈല്‍ ചുറ്റളവില്‍ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കാനായി 1.1 ബില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച AN/FPS-132 എന്ന ലോംഗ് റേഞ്ച് റഡാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

1011

അമേരിക്കയുടെ സൈനികേതര കേന്ദ്രങ്ങള്‍ക്കു നേരെയും ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ദുബായ് യുഎസ് കോണ്‍സുലേറ്റ്, കുവൈറ്റ് സിറ്റിയിലെ യു എസ് എംബസി, സൗദി അറേബ്യയിലെ റിയാദ് എംബസി എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് ഈ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ ഈ ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ശനിയാഴ്ച രാത്രി ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി. ഇതില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എത്രത്തോളം നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നോ വ്യക്തമല്ല.

1111

അതിനിടെ, ആദ്യദിവസത്തെ അപേക്ഷിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ 90 ശതമാനവും ഡ്രോണ്‍ ആക്രമണങ്ങളില്‍ 83 ശതമാനവും കുറവുണ്ടായതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവിച്ചു. ആക്രമണങ്ങളുടെ വേഗത കുറഞ്ഞുവെങ്കിലും, അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories