കാബൂള്‍ സ്ഫോടനം; മുതിര്‍ന്ന മൂന്ന് പാക് താലിബാന്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

First Published Aug 8, 2022, 3:36 PM IST

ഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ നിരവധി ബോംബ് സ്ഫോടനങ്ങളില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടെന്നും  നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ  ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് താലിബാൻ സർക്കാരിനോട് ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചു, അതുവഴി അവർക്ക് കൂടുതൽ ആക്രമണങ്ങളില്ലാതെ മതപരമായ ചടങ്ങുകൾ നടത്താൻ കഴിയുമെന്ന് ഐക്യരാഷ്ട്ര സഭ പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടെ തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്ഥാന്‍റെ (പാകിസ്ഥാൻ താലിബാൻ - ടിടിപി) മൂന്ന് മുതിർന്ന കമാൻഡർമാർ തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്ന് റേഡിയോ മഷാൽ അറിയിച്ചു. ഇന്നലെയാണ് പാക് താലിബാന്‍ കമാന്‍ഡര്‍മാര്‍ ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ടത്.

പാക് താലിബാന്‍ കമാൻഡർമാരിൽ ഒമർ ഖാലിദ് ഖൊറാസാനി എന്ന അബ്ദുൾ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസൻ എന്നിവരാണ് ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍  ഒമർ ഖാലിദ് ഖൊറാസാനിയെ പാക് താലിബാനിലെ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ടിടിപി നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.  

അഫ്ഗാൻ പ്രവിശ്യയായ പക്തികയിലെ ബിർമൽ ജില്ലയിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകീട്ടോടെ റോഡില്‍ സ്ഥാപിച്ച ഒരു മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പേരു വെളിപ്പെടുത്താതെ സംസാരിച്ച ഒരാള്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് കമാൻഡർമാരും അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവര്‍ ബിർമലിന്‍ മേഖലയിലേക്ക് യാത്ര  ചെയ്യുമ്പോഴാണ് അപകടം. സമാധാന ഉടമ്പടി ചർച്ച ചെയ്യാൻ പാകിസ്ഥാൻ അധികൃതർ  ടിടിപി എന്ന തീവ്രവാദ ഗ്രൂപ്പിന്‍റെ നേതൃത്വവുമായി ബന്ധപ്പെടാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അപകട വാര്‍ത്ത പുറത്ത് വന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ രണ്ട് മാസമായി ടിടിപിയും പാകിസ്ഥാൻ സൈന്യവും തമ്മിൽ വെടിനിർത്തൽ കരാര്‍ നിലവിലുണ്ട്. ഖൊറാസാനി പാകിസ്ഥാനിലെ മുഹമ്മദ് ഗോത്ര ജില്ലയിൽപ്പെട്ടയാളായിരുന്നു. പാകിസ്ഥാൻ താലിബാന്‍റെ മുഹമ്മദ് ബ്രാഞ്ചിന്‍റെ ചുമതലക്കാരനാണ് ഇയാളെന്ന് പറയപ്പെടുന്നു. 

യുഎസ്, ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര സംഘടനയുടെ തലവൻ അബൂബക്കർ അൽ-ബാഗ്ദാദിയോട് കൂറ് പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത ഏതാണ്ട് ഒരു ഡസനോളം ടിടിപി കമാൻഡർമാരിൽ ഒരാളാണ് മുഫ്തി ഹസൻ. 


ഏതാനും വർഷങ്ങൾക്ക് മുമ്പ് പാക് താലിബാനില്‍ ചേരിപ്പോരുണ്ടാക്കിയതിന് ഹസ്സൻ ഉത്തരവാദിയാണെന്ന് ചില പാക് താലിബാനി സംഘങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. കൊല്ലപ്പെട്ട പാക് താലിബാന്‍ കമാന്‍ഡര്‍ ഒമർ ഖാലിദ് ഖൊറാസാനിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ഹാഫിസ് ദൗലത്ത്. 

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കാബൂൾ നഗരത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് കാബൂൾ നഗരത്തിൽ തുടർച്ചയായ ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം തീവ്രവാദ മിലീഷ്യ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

യുഎസ്,  ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കർ അൽ-ബാഗ്ദാദിയെ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ചെറുതും വലുതുമായ നിരവധി ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. ഈ സ്ഫോടനങ്ങളിലെല്ലാമായി ഏതാണ്ട് 120 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. 

കാബൂൾ നഗരത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം തീവ്രവാദ മിലീഷ്യ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇന്നലെയും കാബൂളില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

കാബൂളിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള മറ്റൊരു ഷിയ മേഖലയായ ചന്ദവോളിലെ ഒരു സിവിലിയൻ ബസ് ലക്ഷ്യമാക്കിയാണ് ഏറ്റവും പുതിയ സ്ഫോടനം നടന്നതെന്ന് പ്രാദേശിക ബ്രോഡ്കാസ്റ്റർ കാബൂൾ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഷുറയ്ക്ക് രാജ്യത്തെ മതന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങൾ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്ഐഎസിന്‍റെ ആക്രമണം.

മൂന്ന് കമാൻഡർമാരും അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകളിലാണ് താമസിക്കുന്നതെന്ന് പറയപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നോ തഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ എന്നറിയപ്പെടുന്ന പാക്- താലിബാനിൽ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

മുമ്പ് പലതവണ ഖൊറാസാനിയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിൽസൺ റിസർച്ച് സെന്‍റര്‍ തിങ്ക് ടാങ്കിലെ ഏഷ്യാ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ കുഗൽമാൻ പറഞ്ഞു. ഖൊറാസാനി പാകിസ്ഥാൻ താലിബാനിലെ ഒരു പ്രധാന വ്യക്തിയാണെന്നും അയാളുടെ മരണം ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരിക്കുമെന്നും കുഗൽമാൻ ട്വിറ്ററിൽ കുറിച്ചു. 

"വാക്കുകൾക്കതീതനായ ക്രൂരൻ" എന്നാണ് അദ്ദേഹം കമാൻഡറെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച കാബൂളിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിക്ക് അഭയം നൽകിയതായി ഖൊറാസാനി ഒരിക്കൽ അവകാശപ്പെട്ടതായി കുഗൽമാൻ പറഞ്ഞു. പാകിസ്ഥാൻ സൈന്യവും തീവ്രവാദി ഗ്രൂപ്പും തമ്മിൽ സമാധാന ഉടമ്പടി ചർച്ച ചെയ്യുന്നതിനിടെ പുതിയ വെടിനിർത്തലിന് ഇടയിലാണ് അവരുടെ മരണവാർത്ത പുറത്ത് വരുന്നത്.

പ്രധാനമായും അഫ്ഗാനിസ്ഥാന്‍റെ അതിർത്തിയോട് ചേർന്നുള്ള പാകിസ്ഥാന്‍റെ വടക്ക്-പടിഞ്ഞാറൻ മേഖലയിൽ ആസ്ഥാനമായുള്ള സംഘം, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാബൂളിൽ അഫ്ഗാൻ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യത്തിന് നേരെ ആക്രമണം വർദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക് സൈന്യം ടിടിപിയുടമായി സന്ധി സംഭാഷണത്തിന് ശ്രമിച്ചത്. 

അഫ്ഗാൻ, പാകിസ്ഥാൻ താലിബാൻ ഗ്രൂപ്പുകൾ ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്ന സംഘടനകളാണ്. എന്നാല്‍ ഇവര്‍ രണ്ട് സംഘടനകളായാണ് നിലനില്‍ക്കുന്നത്. മാത്രമല്ല അതിർത്തി പ്രദേശങ്ങളിൽ ഇവര്‍ പരസ്പരം മറ്റ് അംഗങ്ങൾക്ക് അഭയം നൽകുകയും ചെയ്തു. താലിബാൻ 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം, ഇസ്ലാമിക് സ്റ്റേറ്റ് (ISIS) അഫ്ഗാനിസ്ഥാനില്‍ നിരവധി ആക്രമണങ്ങൾ നടത്തി. ഇവയെല്ലാം തന്നെ മതന്യൂനപക്ഷമായ ഷിയാകളെയോ മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങളെയോ ലക്ഷ്യമിട്ടാണ്.

click me!