ഖര്‍സോണ്‍ കീഴടക്കി റഷ്യ; ഉക്രൈനിലെമ്പാടും കത്തിയെരിഞ്ഞ റഷ്യന്‍ സൈനിക വാഹനങ്ങള്‍

Published : Mar 03, 2022, 04:45 PM IST

റഷ്യയുടെ നഗ്നമായ ഉക്രൈന്‍ അധിനിവേശം ഏട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ തലസ്ഥാനമായ കീവിലും രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും തകര്‍ന്ന വാഹനങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും നീണ്ടനിരമാത്രമാണ് കാണാന്‍ കഴിയുന്നത്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും തങ്ങള്‍ക്ക് 500 ഓളം സൈനീകരെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും 1600 സൈനികര്‍ക്ക് പരിക്കേറ്റെന്നും റഷ്യ അറിയിച്ചു. തങ്ങളുടെ സൈനീകര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് റഷ്യ ആദ്യമായാണ് സമ്മതിക്കുന്നത്. എന്നാല്‍, ഇത് റഷ്യയുടെ പ്രോപ്പഗാന്‍‌ണ്ട മാത്രമാണെന്നും കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7,000 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലാന്‍സ്കിയും തിരിച്ചടിച്ചു.  1,597 പേർക്ക് പരിക്കേറ്റെന്നും 498 സൈനികര്‍ മരിച്ചെന്നുമായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് അറിയിച്ചത്. ഉക്രൈന്‍റെ കണക്കുകള്‍ കൃത്രിമമാണെന്നും   കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, യുദ്ധത്തിനിടെ മരിച്ചുവീഴുന്ന റഷ്യന്‍ സൈനികരെ അവിടെ വച്ച് തന്നെ ദഹിപ്പിക്കാനായി സഞ്ചരിക്കുന്ന ക്രിമിറ്റോറിയവുമായാണ് സൈന്യം ഉക്രൈനില്‍ കടന്നതെന്ന് ഉക്രൈനും നാറ്റോയും ആരോപിച്ചിരുന്നു.   

PREV
120
ഖര്‍സോണ്‍ കീഴടക്കി റഷ്യ; ഉക്രൈനിലെമ്പാടും കത്തിയെരിഞ്ഞ റഷ്യന്‍ സൈനിക വാഹനങ്ങള്‍

ഉക്രൈന്‍ ഓപ്പറേഷനിൽ നിർബന്ധിത കേഡറ്റുകള്‍ ഉൾപ്പെട്ടിട്ടില്ലെന്ന് റഷ്യൻ ജനറൽ അവകാശപ്പെട്ടു. അത്തരത്തിലുള്ള എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍, ഉക്രൈന്‍ തടവിലാക്കിയതായി അവകാശപ്പെട്ട് പുറത്ത് വിട്ട റഷ്യന്‍ സൈനികരുടെ ചിത്രങ്ങളില്‍ പകുതിയും കൗമാരക്കാരായ സൈനികരായിരുന്നു. 

 

220

റഷ്യന്‍ സൈനീകരില്‍ പലര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ചിലര്‍ 19 വയസ്സ് തികഞ്ഞവര്‍ മാത്രമാണെന്നും ഉക്രൈന്‍ ആരോപിച്ചു. റഷ്യന്‍ അധിനിവേശത്തിന് ശേഷം 7,000 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  

 

320

റഷ്യയുടെ 61 വിമാനങ്ങൾ, 200 ലധികം ടാങ്കുകൾ, 862 കവചിത വാഹനങ്ങൾ, 85 പീരങ്കി സംവിധാനങ്ങൾ, ഒമ്പത് വിമാനവിരുദ്ധ സംവിധാനങ്ങൾ, 60 ഇന്ധന ടാങ്കുകൾ എന്നിവ നശിപ്പിച്ചതായും 40 റഷ്യൻ റോക്കറ്റുകൾ പിടിച്ചെടുത്തതായും ഉക്രൈന്‍ ജനറൽ സ്റ്റാഫ് അവകാശപ്പെട്ടു. ഈ കണക്കുകളെ റഷ്യ തള്ളിക്കളയുന്നു.

 

420

അതിനിടെ ഉക്രൈനിലെ നിരവധി തെരുവുകളില്‍ കത്തിച്ചാമ്പലായ നിരവധി റഷ്യന്‍ സൈനിക വാഹനങ്ങളുടെ ചിത്രങ്ങള്‍ ഉക്രൈന്‍ പുറത്ത് വിട്ടു. തലസ്ഥാനമായ കീവിന് സമീപത്തെ നഗരമായ ബുക്കാ പട്ടണത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ റഷ്യയുടെ കവചിത വാഹനങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നത് കാണാം. 

 

520

ബുക്കാ നഗരത്തില്‍ റഷ്യന്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ഒരു നിര മുഴുവൻ നശിപ്പിക്കപ്പെട്ടു. വഹനങ്ങള്‍ പൂര്‍ണ്ണമായും കത്തികരിഞ്ഞ നിലയിലാണ്. കീവില്‍ നിന്ന് ബുക്കയിലേക്കുള്ള റോഡ് മുഴുവനും ഇത്തരത്തില്‍ റഷ്യന്‍ സൈനിക വാഹനങ്ങള്‍ കത്തിക്കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. 

 

620

ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവിലും തകര്‍ന്ന റഷ്യന്‍ സൈനിക വാഹനങ്ങളുടെ നീണ്ട നിരകാണാം. മൂന്ന് ദിവസം തുടര്‍ച്ചയായ റഷ്യന്‍ ബോംബിങ്ങ് നടക്കുന്ന നഗരമാണ് ഖര്‍കീവ്. നഗരത്തില്‍ തകരാത്ത സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. സാധാരണക്കാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകള്‍ പോലും റഷ്യന്‍ സേനയുടെ ബോംബിങ്ങില്‍ തകര്‍ന്നു. 

 

720

നേരിട്ട് സൈന്യത്തെ ഇറക്കി നഗരം പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയ റഷ്യ ഇപ്പോള്‍, ഉക്രൈന്‍ നഗരങ്ങള്‍ക്ക് മുകളില്‍ ബോംബുവര്‍ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കെട്ടിടങ്ങളുടെ പൂര്‍ണ്ണനാശത്തിന് കാരണമാകുന്നു. ഉക്രൈനിലെ ചരിത്രപ്രസിദ്ധമായ ഓഡേസ നഗത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി റഷ്യന്‍ ബോംബിങ്ങ് നടത്തുകയാണ്. 

 

820

റഷ്യൻ സൈന്യം ഉക്രൈന്‍ പ്രതിരോധത്തിന് കാര്യമായ നാശം വരുത്തിയതായി കൊനാഷെങ്കോവ് അവകാശപ്പെട്ടു. ഉക്രൈനിന്‍റെ 311 ടാങ്കുകളും മറ്റ് കവചിത സൈനിക വാഹനങ്ങളും 42 വിമാനങ്ങളും ഹെലികോപ്റ്ററുകളും 51 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങളും 147 ഫീൽഡ് ആർട്ടിലറി ആയുധങ്ങളും മോർട്ടാറുകളും 263 പ്രത്യേക സൈനിക വാഹനങ്ങളും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. 

 

920

ഉക്രൈനില്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും സൈനികേതര കെട്ടിടങ്ങളിലും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഒന്നിലധികം റിപ്പോർട്ടുകൾക്ക് പുറത്ത് വന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ തിങ്കളാഴ്ച റഷ്യയുടെ ബോംബിംഗ് പ്രചാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു. 

 

1020

'ഞാൻ അത് പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. ഉക്രെയ്നിലെ സ്ഥിതിഗതികളെ കുറിച്ച് എത്രയും വേഗം അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചു' എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഉക്രൈയിനിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ അടിസ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

1120

റഷ്യക്കാർക്ക് ഞങ്ങളുടെ തലസ്ഥാനത്തെക്കുറിച്ച് ഒന്നും അറിയില്ല. നമ്മുടെ ചരിത്രത്തെക്കുറിച്ച്. പക്ഷേ, നമ്മുടെ ചരിത്രത്തെ മായ്ച്ചുകളയാൻ അവർക്കൊരു നിയോഗമുണ്ട്. നമ്മുടെ രാജ്യത്തെ ഇല്ലാതാക്കുക. ഞങ്ങളെ എല്ലാവരെയും മായ്‌ക്കുക.' യുദ്ധം ആരംഭിച്ചത് മുതൽ ഉക്രൈന്‍ ധൈര്യത്തിന്‍റെയും പ്രതിരോധത്തിന്‍റെയും പ്രതീകമായി മാറിയ ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കി ജനങ്ങളോട് പറഞ്ഞു.

 

1220

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഉക്രെയ്‌നിന്റെ ശ്രമത്തെ പിന്തുണക്കുന്നതുൾപ്പെടെ കൂടുതൽ അന്താരാഷ്ട്ര പിന്തുണ സെലന്‍സ്കി ആവശ്യപ്പെട്ടു.  'ഇത് നിഷ്പക്ഷത പാലിക്കേണ്ട സമയമല്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. പുടിന്‍റെ ഭ്രാന്ത് കാരണം യൂറോപ്പ് വീണ്ടും ഒരു ആണവ ദുരന്തത്തിന്‍റെ വക്കിലാണെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയ ഉപദേശകനായ ആന്‍റൺ ഗെരാഷ്‌ചെങ്കോവ് ഫേസ്ബുക്കില്‍ കുറിച്ചു. 

 

1320

റഷ്യയുടെ യുദ്ധം എല്ലാ അന്താരാഷ്ട്രാ യുദ്ധകൺവെൻഷനുകളുടെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ഉക്രേനിയൻ ജനതയെ കൊന്നതിന് ലോകത്തിൽ ആരും  പുടിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ഉക്രൈനില്‍ ക്ലസ്റ്റർ ബോംബുകള്‍ ഉപയോഗിച്ചുവെന്ന വാര്‍ത്തകളെ റഷ്യ നിഷേധിച്ചു. 

 

1420

റഷ്യൻ സൈന്യം ഉക്രൈനിലെ സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നും റഷ്യ ആവര്‍ത്തിച്ചു. എന്നാല്‍, ഉക്രൈനില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളില്‍ സൈനീക ലക്ഷ്യങ്ങളെക്കാള്‍ സിവിലിയന്‍സിന്‍റെ താമസ സ്ഥലങ്ങളാണ് ബോംബിങ്ങില്‍ കൂടുതലായും തകര്‍ന്നതായി കാണിക്കുന്നത്. 

 

1520

ഉക്രൈനിലെ സാധാരണക്കാരുടെ വീടുകളും സ്കൂളുകളും കിന്‍റര്‍ഗാര്‍ട്ടന്‍ കെട്ടിടങ്ങളും റഷ്യന്‍ ബോംബിങ്ങില്‍ തകര്‍ന്ന് വീഴുമ്പോഴും  'റഷ്യൻ സൈനികർ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്കും പാർപ്പിട മേഖലകൾക്കും നേരെ ഒരു ആക്രമണവും നടത്തുന്നില്ല. ' ന്ന്  റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് ആവര്‍ത്തിച്ച് പറഞ്ഞു. 

 

1620

എന്നാല്‍, റഷ്യ ക്ലസ്റ്റര്‍ ബോംബുകളും മിസൈലുകളും ഉപയോഗിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ശത്രുസൈന്യത്തിന്‍റെ നേര്‍ക്ക് പ്രയോഗിക്കുന്ന ഇത്തരം ആയുധങ്ങള്‍ സാധാരണ ജനങ്ങളില്‍ യുദ്ധ ഭീതി പടര്‍ത്താനാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഉത്തരം ബോംബുകള്‍ യുദ്ധ മേഖലയില്‍ ഉപയോഗിക്കുന്നത് യുദ്ധ കുറ്റമായി കണക്കാക്കും. '

 

1720

യുദ്ധം ആരംഭിച്ച ശേഷം ഉക്രൈന്‍ സര്‍ക്കാര്‍ ആരംഭിച്ച ടെലഗ്രാം അക്കൗണ്ടില്‍ കീഴടങ്ങിയ റഷ്യന്‍ സൈനീകരുടെ നൂറ് കണക്കിന് വീഡിയോകളാണുള്ളത്. ഈ വീഡിയോകളില്‍, തങ്ങള്‍ അതിര്‍ത്തിയില്‍ പരിശീലനത്തിലായിരുന്നെന്നും തങ്ങളെ യുദ്ധത്തിനായാണ് ഉക്രൈനിലേക്ക് അയച്ചതെന്ന് അറിയില്ലെന്നും റഷ്യന്‍ സൈനീകര്‍ അവകാശപ്പെടുന്നു. 

 

1820

എന്നാല്‍, ഉക്രൈനില്‍ വ്യപകമായ ബോംബിങ്ങ് നടത്തുന്നതല്ലാതെ റഷ്യന്‍ സൈന്യത്തിന്‍റെ യുദ്ധ മുന്നേറ്റങ്ങളെ കുറിച്ചുള്ള ഒരു വീഡിയോയോ വാര്‍ത്തയോ പുറത്ത് വരുന്നില്ല. ഉക്രൈന്‍ പുറത്ത് വിടുന്ന വീഡിയോകള്‍ പ്രോപ്പഗാന്‍ടാ വീഡിയോകളാണെന്നും റഷ്യ ആരോപിച്ചു. '

 

1920

റഷ്യയുടെ അക്രമണം തുടക്കം മുതല്‍ മന്ദഗതിയിലാണെന്നും നിലവിലെ സ്ഥിതി വച്ച് ഉക്രൈനില്‍ വ്യപകമായ ക്ലസ്റ്റര്‍ ബോംബിങ്ങിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്നും യുദ്ധ വിദഗ്ദരും പറയുന്നു. മാരകമായ ആയുധങ്ങളൊന്നും ഉപയോഗിക്കില്ലെന്ന് പറയുമ്പോഴും തങ്ങളുടെ കൈവശം അണുവായുധം ഉണ്ടെന്നും പ്രയോഗിക്കാന്‍ പ്രേരിപ്പിക്കരുതെന്നും റഷ്യ ഇടയ്ക്കിടയ്ക്ക് നാറ്റോയ്ക്കും യുഎസിനും മുന്നറിയിപ്പും നല്‍കുന്നു.

2020

യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കീവിലും ഖര്‍സോണിലും ഒഡേസയിലും റഷ്യ വ്യാപകമായ ബോംബിങ്ങ് നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഉക്രൈനില്‍ റഷ്യ കീഴടക്കുന്ന ആദ്യ നഗരമായി ഖര്‍സോണ്‍ മാറി. യുദ്ധമാരംഭിച്ച് എട്ടാം ദിനമാണ് ഉക്രൈനിലെ ഒരു പ്രധാനപ്പെട്ടെ നഗരം കീഴടക്കാന്‍ ലോകത്തിലെ രണ്ടാം സൈനിക ശക്തിയായ റഷ്യയ്ക്ക് കഴിഞ്ഞത്. 
 

 

Read more Photos on
click me!

Recommended Stories