പഞ്ച്ശീരില്‍ അടിതെറ്റി താലിബാന്‍; 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം

First Published Sep 3, 2021, 12:33 PM IST

ഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാന്‍ തയ്യാറെടുക്കുന്നതിനിടെ താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്വാരയില്‍ അക്രമണം നടത്തി. താലിബാൻ പഞ്ച്ഷിറിലേക്ക് കടന്നതായും ഷുതാർ ജില്ല പിടിച്ചെടുത്തതായും വടക്കന്‍ സഖ്യത്തിന് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയതായും അവകാശപ്പെട്ടു. എന്നാല്‍, 350 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും 40 ഓളം പേരെ  തടവിലാക്കിയതായി വടക്കന്‍ സഖ്യം ട്വറ്ററിലൂടെ അവകാശപ്പെട്ടു.  "ഇന്നലെ രാത്രി ഖവാക്ക് യുദ്ധത്തിൽ നിന്ന് ഇതുവരെ, താലിബാൻ 350 പേർ കൊല്ലപ്പെട്ടു, 40 -ൽ അധികം പേർ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. എൻആർഎഫിന് നിരവധി പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു"വെന്ന് കവാക്ഡ് ഡിഫൻസ് ഓഫ് ഖവാക്ക് കമാൻഡർ മുനിബ് അമിരി ട്വിറ്റ് ചെയ്തു. 

ഇറാന്‍റെ ഭരണരീതി പിന്തുടര്‍ന്ന് മതത്തിന് പ്രധാന്യമുള്ള ഭരണവ്യവസ്ഥയ്ക്കാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിബത്തില്ല അഖുന്‍സാദായെ പരമോന്നത നേതാവാക്കിക്കൊണ്ടുള്ള ഭരണത്തിനാകും താലിബന്‍ ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയായ ഇന്ന് അഫ്ഗാനിലെ ഇസ്ലാം മതഭരണകൂടത്തിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.  സൈന്യവും മന്ത്രസഭയും പരമോന്നത നേതാവിന് കീഴിലായിരിക്കുന്ന നിലയിലാകും അഫ്ഗാനിലെ ഭരണ സംവിധാനം. 

പൂര്‍ണ്ണമായും മതഭരണത്തിനായിരിക്കും താലിബാന്‍ ശ്രമിക്കുക. അഫ്ഗാനിലുള്ള ഒമ്പത് ശതമാനം വരുന്ന ഹിന്ദു, സിഖ് മതനൂനപക്ഷങ്ങള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യമുണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെയായും വ്യക്തതയില്ല. ഇസ്ലാമിലെ തന്നെ ന്യൂനപക്ഷമായ ഷിയാക്കളുടെ കാര്യത്തിലും താലിബാന്‍ മൌനം പാലിക്കുകയാണ്. 

നേരത്തെ സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ ക്യബിനറ്റ് പദവിയടക്കമുണ്ടാകുമെന്ന് താലിബാന്‍ നേതാക്കള്‍ അന്താരാഷ്ട്രാ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മാത്രമാണ് താലിബാന്‍ പറയുന്നത്. 

കാര്യങ്ങളെന്ത് തന്നെയായാലും താലിബാന്‍ അഫ്ഗാനില്‍ കൊണ്ടുവരുന്ന ഭരണസംവിധാനത്തിലെ സുപ്രധാന ചുമതലകളെല്ലാം വഹിക്കുക , നേരത്തെ അമേരിക്കയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയിലടക്കം ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നവരാണിവര്‍. 

ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്ന അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുമെന്ന ചൈനയും റഷ്യയും അറിയിച്ച് കഴിഞ്ഞു. എന്നാല്‍, യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും താലിബാനെ അംഗീകരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈന തങ്ങളുടെ പ്രധാനപങ്കാളിയായിരിക്കുമെന്ന നേരത്തെ തന്നെ താലിബാന്‍ എഎഫ്ബി വാര്‍ത്താ ഏജന്‍സിയെ അറിയിച്ചിരുന്നു. 

ഇതിനിടെയാണ് താലിബാന്‍ അടക്കമുള്ള ഒരു ഏകാധിപത്യ ഭരണകൂടത്തെയും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച പഞ്ച്ശീര്‍ താഴ്വരയിലെ വടക്കന്‍ സഖ്യത്തിന് നേരെ താലിബാന്‍ സായുധ നീക്കം ശക്തമാക്കിയത്.

നേരത്തെ താലിബാനെ അംഗീകരിക്കില്ലെന്ന് അവകാശപ്പെട്ട പഞ്ച്ശീര്‍ താഴ്വരയിലേക്ക് താലിബാന്‍ , ഭീകരരെ അയച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ തിങ്കഴ്ച മുതല്‍ താഴ്വാരയ്ക്ക് പുറത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  

ചൊവ്വാഴ്ച വൈകീട്ടും അഫ്ഗാനിസ്ഥാനിൽ താലിബാനും നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന വടക്കന്‍ സഖ്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക റിപ്പോർട്ടുകളും പറയുന്നു.

 പഞ്ച്ശീര്‍ താഴ്വരയിലേക്ക് കടക്കാന്‍ ശ്രമിച്ച 350 ഓളം താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം അവകാശപ്പെട്ടു. എന്നാല്‍ താലിബാന്‍ ഇത് തള്ളിക്കളഞ്ഞു

 മാത്രമല്ല പഞ്ച്ശീരിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് വടക്കന്‍ സഖ്യത്തിന് അന്ത്യശാസനം നല്‍കിയെന്നും  താലിബാന്‍ അവകാശപ്പെട്ടു. 

പഞ്ച്ഷീർ പ്രവിശ്യ, പർവാൻ പ്രവിശ്യയിലെ ജബൽ സരാജ് ജില്ല, ഖവാക് പഞ്ച്ഷിർ, ബാഗ്ലാൻ പ്രവിശ്യയിലെ അന്ദർബ് ജില്ലകൾ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏറ്റുമുട്ടലിൽ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുൽബഹാർ വഴി താഴ്‌വരയിലേക്ക് കടക്കാൻ ശ്രമിച്ച താലിബാൻ തീവ്രവാദികളെ പഞ്ച്‌ഷീറിലെ പോരാളികള്‍ ആക്രമിച്ചതായി ടൊലോ വാർത്താ അവതാരകൻ മുസ്ലിം ഷിർസാദ് ട്വീറ്റിൽ പറഞ്ഞു.

താലിബാൻ കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പ്രധാന റോഡ് തടഞ്ഞെന്നും ഏറ്റുമുട്ടലുകൾ തുടരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. 

"മണിക്കൂറുകൾക്ക് മുമ്പ്, താലിബാൻ ഭീകരർ പഞ്ച്ഷീറിലെ കോട്ടൽ-ഖവാക് ആക്രമിക്കാന്‍ ആഗ്രഹിച്ചു. ഒരു എൻആർഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാല്‍ 41 താലിബാൻ ഭീകര്‍ കൊല്ലപ്പെട്ടുകയും 20 പേരെ തടവിലുമാക്കി. ഞങ്ങൾ നിങ്ങളെ താഴ്വാരയിലേക്ക് കടക്കാന്‍ അനുവദിക്കും, പക്ഷേ പുറത്തിറക്കില്ല. " വടക്കൻ സഖ്യം ഒരു രാത്രി വൈകി ട്വീറ്റിൽ പറഞ്ഞു.

വടക്കൻ സഖ്യം പഞ്ച്ഷീറിൽ മേൽക്കൈ അവകാശപ്പെട്ടു, "എന്‍ആര്‍എഫിന് ധാരാളം പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു." എന്നായിരുന്നു വടക്കന്‍ സഖ്യത്തിന്‍റെ ട്വിറ്റ്. അതേസമയം, പഞ്ച്ഷിർ പൂർണമായും ഉപരോധത്തിലാണെന്ന് താലിബാൻ വക്താവ് പറഞ്ഞു. 

തിങ്കളാഴ്ച രാത്രി നടന്ന ആദ്യ ഏറ്റുമുട്ടലില്‍ ഏഴ്-എട്ട് താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി താലിബാനെതിരായ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന അഹ്മദ് മസൂദിന്‍റെ വക്താവ് ഫഹീം ദാഷ്‌തി പറഞ്ഞിരുന്നു.

അഫ്ഗാന്‍ സ്വാതന്ത്രം അവകാശപ്പെട്ടതിന് ശേഷമുള്ള ചെറുത്ത് നില്‍പ്പിനെ പ്രതിരോധിക്കാന്‍ താലിബാന്‍ പണിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

വടക്കന്‍ സഖ്യത്തിന് നേതൃത്വം നല്‍കുന്ന അഹ്മദ് മസൂദ്, അംറുല്ല സാലിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പിനെ പരാജയപ്പെടുത്താൻ താലിബാന്‍ പഞ്ച്ഷിർ താഴ്വരയിലേക്ക് പൂര്‍ണ്ണ ശ്രദ്ധ തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഹിന്ദു കുഷ് പർവതനിരകളിലുള്ള പഞ്ച്‌ഷീർ മാത്രമാണ് തങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതെന്ന് താലിബാൻ സമ്മതിക്കുന്നു. ഇതിനിടെ താലിബാൻ അഫ്ഗാനിസ്ഥാനിലെ ഇന്‍റർനെറ്റ് സംവിധാനം നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തൊട്ട് പുറകെ പഞ്ച്ഷിർ താഴ്വരയിലേക്കുള്ള ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യവസ്തുക്കൾ തടഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തണുപ്പുകാലത്ത് നിലനിൽക്കാൻ താഴ്വരയിൽ ആവശ്യത്തിന് ഭക്ഷ്യസാധനങ്ങളുണ്ടെങ്കിലും താലിബാന്‍ തീവ്രവാദികളില്‍ നിന്ന് സംരക്ഷണം തേടി കൂടുതൽ  അഫ്ഗാനികൾ പഞ്ച്ഷീര്‍ താഴ്വാരയിലെത്തിയാല്‍ വിഭവങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതിനിടെ താലിബാന്‍ കീഴടക്കിയ അഫ്ഗാനില്‍ കടുത്ത ഭക്ഷ്യക്ഷാമമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഭക്ഷണമാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരായ അഫ്ഗാനികള്‍ക്ക് നേരെ അമേരിക്കന്‍ ആയുധങ്ങള്‍ കാണിച്ച് താലിബാന്‍ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ച അവസാന യുഎസ് സേനാംഗവും അഫ്ഗാന്‍ വിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ യുഎസ് സൈനിക സാന്നിധ്യം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 

ഇതിന് തൊട്ട് പിന്നാലെ താലിബാൻ കാബൂൾ വിമാനത്താവളം പിടിച്ചെടുത്തു. അമേരിക്കൻ സൈന്യത്തിന്‍റെ പിന്‍മാറ്റത്തിന് പിന്നാലെ താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അഫ്ഗാന്‍ പൂർണമായും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

താലിബാൻ തീവ്രവാദികൾ ആകാശത്തേക്ക് വെടിതുടര്‍ത്തായിരുന്നു അമേരിക്കന്‍ പിന്‍വാങ്ങല്‍ ആഘോഷിച്ചത്. അഫ്ഗാന്‍റെ സ്വാതന്ത്ര പ്രഖ്യാപനത്തിന് പിന്നാലെ പതിനായിരക്കണക്കിന് അഫ്ഗാനികളാണ് മാതൃരാജ്യം ഉപേക്ഷിച്ച് അഫ്ഗാന്‍ - പാക്ക് അതിര്‍ത്തിയിലെ നീണ്ട മരുഭൂമി വഴി ഇറാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!