അഫ്ഗാന്‍ സ്വതന്ത്രമായെന്ന് താലിബാന്‍; മാതൃരാജ്യം ഉപേക്ഷിച്ച് പതിനായിരക്കണക്കിന് അഫ്ഗാനികള്‍

First Published Sep 1, 2021, 3:35 PM IST


'അഫ്ഗാന്‍ സ്വതന്ത്ര'മായെന്നാണ് അവസാന അമേരിക്കന്‍ സൈനീകനും രാജ്യം വിട്ടശേഷം താലിബാന്‍ തീവ്രവാദികള്‍, ആകാശത്തേക്ക് വെടിയുതിര്‍ത്ത് അവകാശപ്പെട്ടത്. അഫ്ഗാനില്‍ അമേരിക്കയുടേത് അധിനിവേശം തന്നെയായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും താലിബാനികള്‍ അധികാരമേറ്റതോടെ അഫ്ഗാനില്‍ നിന്നുള്ള കാഴ്ചകള്‍ മറ്റൊന്നാണ് പറയുന്നത്. ഓഗസ്റ്റ് 15 ന് താലിബാന്‍ കാബൂള്‍ കീഴടക്കിയത് മുതല്‍ ഇന്നലെ വരെ സംഗീതത്തിന്‍റെ പേരിലും വസ്ത്രധാരണത്തിന്‍റെ പേരിലും കൊല്ലപ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും കണക്കുകള്‍ പോലും ലഭ്യമല്ല. അത് പോലെ തന്നെ അഫ്ഗാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയവരുടെ കണക്കുകള്‍ ലക്ഷങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതോടൊപ്പം മറ്റൊരു കാഴ്ചയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലൂടെ ഇറാനിലേക്ക് കാല്‍നടയായി പോകുന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

ജനിച്ച് വളര്‍ന്ന മാതൃരാജ്യം ഉപേക്ഷിച്ച് ആയിരക്കണത്തിന് അഫ്ഗാനികളാണ് അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന മരുഭൂമിയിലൂടെ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യാതിര്‍ത്തികളിലെ മരുഭൂമിയിലൂടെ കൂട്ട കുടിയേറ്റത്തിന്‍റെ ദൃശ്യങ്ങള്‍, പർവതങ്ങൾക്കിടയിൽ ഒഴുകുന്ന അനന്തമായ നദി പോലെയാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇത്തരത്തില്‍ കിലോമീറ്ററുകള്‍ നീളമുള്ള മരുഭൂമി മുറിച്ച് കടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഫ്ഗാന്‍കാരുടെ ലക്ഷ്യം ഇറാനിലൂടെ 1,000 മൈലുകളിലധികം അകലെയുള്ള തുർക്കിയാണ്. 

അവിടെ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കടക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ നടന്നു നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയായ നിമ്രൂസിൽ നിന്നുള്ളവരാണ് അഫ്ഗാൻ അഭയാര്‍ത്ഥികളില്‍ അധികം പേരും. 

‘നാല് മണിക്കൂറിലധികം നടന്നതിന് ശേഷം ഞങ്ങൾ ഒരു താഴ്വരയിൽ എത്തി ഇരുട്ടിനായി കാത്തിരുന്നു. രാത്രി 10 മണിയോടെ ഇറാനികൾ വന്നു. അവർ എല്ലാവരോടും ഒരു രഹസ്യവാക്ക് ആവശ്യപ്പെട്ടു.

പിന്നെ എല്ലാവരും തങ്ങളുടെ അതിര്‍ത്തി കടത്തുകാരുമായി സംസാരിച്ചു. തുടര്‍ന്ന് എല്ലാവരെയും പല ഗ്രൂപ്പുകളായി തിരിച്ചു. പിന്നെ ഇറാന്‍ അതിര്‍ത്തി കടന്നു'. എന്നായിരുന്നു ഇതുവഴി കഴിഞ്ഞ ദിവസം ഇറാനിലെത്തിയ ഒരു അഭയാര്‍ത്ഥി പറഞ്ഞതെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'പണ്ട് ഞാൻ പലതവണ ഈ വഴി പോയിട്ടുണ്ട്. മുമ്പ് 200 ഓളം ആളുകളുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് ആയിരക്കണക്കിനായിരുന്നു.

ഗർഭിണികളായ സ്ത്രീകൾ, കുഞ്ഞുങ്ങൾ, വൃദ്ധർ എന്നിവരെ ഞാൻ കണ്ടു. പർവതങ്ങൾക്കപ്പുറത്ത് പ്രതിധ്വനിക്കുന്ന കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം ഞാൻ ഓർക്കുന്നു.' അയാള്‍ വികാരാധീനനായി. 

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ 'അതിലും വലിയ മാനുഷിക പ്രതിസന്ധിയുടെ' തുടക്കം മാത്രമാണെന്ന് ഇന്നലെ യുഎൻ അഭയാർഥികളുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി അഭിപ്രായപ്പെട്ടു. 

5,00,000 ത്തോളം അഫ്ഗാനികൾ മാതൃരാജ്യം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന്  യുഎൻ അഭയാർത്ഥി വിഭാഗം പറയുന്നു.

അഭയാര്‍ത്ഥികള്‍ക്കായി അഫ്ഗാനിസ്ഥാന്‍റെ അയൽവാസികളിൽ നിന്നും ലോക സമൂഹത്തിൽ നിന്നും തുടർച്ചയായ പിന്തുണയ്ക്കായി യുഎന്‍ അഭ്യർത്ഥിച്ചിരിക്കുകയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂൾ എയർപോർട്ടിലെ ദൃശ്യങ്ങൾ ആയിരക്കണക്കിന് അഫ്ഗാനികളുടെ ഭയത്തിലും നിരാശയിലും ലോകമെമ്പാടും അനുകമ്പയുണ്ടാക്കി.

എന്നാൽ ഈ ചിത്രങ്ങൾ ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞുപോകുന്നതിന് മുമ്പ് അന്താരാഷ്ട്ര സമൂഹം പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് കരുതുന്നുവെന്ന് ഫിലിപ്പോ ഗ്രാൻഡി പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!