കുമ്പിടിയാ കുമ്പിടി; വ്‌ളാഡിമിർ പുടിന് അപരനുണ്ടെന്ന് യുക്രൈന്‍ ഇന്‍റലിജന്‍സ് മേധാവി

First Published Aug 5, 2022, 11:21 AM IST

ലോകത്തിലെ ഏകാധിപതികളില്‍ പലരും സ്വന്തം മുഖത്തിന് സമാനമായ മുഖമുള്ള അപരന്മാരെ നിലനിര്‍ത്തിയിരുന്നു എന്നതിന് നിരവധി കഥകള്‍ ഇതിന് മുമ്പും നമ്മള്‍ കേട്ടിട്ടിണ്ട്. ഏറ്റവും ഒടുവിലായി അത്തരമൊരു ആരോപണം ഉയര്‍ന്നത് ഇറാഖ് പ്രസിഡന്‍റ് ആയിരുന്ന സദ്ദാം ഹുസൈന് എതിരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും (Vladimir Putin) തന്‍റെ അപരനെ (Body Double) ഉപയോഗിക്കുന്നതായി യുക്രൈന്‍ ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവാണ് (Major General Kyrylo Budanov) ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുടിന്‍റെ പൊരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല അപരന് വ്യത്യസ്ത ശീലങ്ങളും നടത്തവും ഉയരവും ഉണ്ടെന്നും ബുഡനോവ് കൂട്ടിചേര്‍ത്തു. 

വ്‌ളാഡിമിർ പുടിൻ തന്‍റെ അപരനെ ഉപയോഗിക്കുന്നുണ്ടെന്ന സിദ്ധാന്തം യുക്രൈനിലെ മിലിട്ടറി ഇന്‍റലിജൻസ് മേധാവിയാണ് കിറിലോ ബുഡനോവാണ് വീണ്ടും സജ്ജീവമാക്കിയത്. ഇതിനുമുമ്പും ഇത്തരം ആരോപണങ്ങള്‍ പുടിന് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ ആരോപണങ്ങള്‍ ബുഡനോവ് ചില ഉദാഹരണങ്ങളാല്‍ ന്യായീകരിക്കാനും ശ്രമിക്കുന്നു.  

69 കാരനായ റഷ്യൻ പ്രസിഡന്‍റിന്‍റെ ആരോഗ്യം നേരത്തെ തന്നെ ടിവി ചര്‍ച്ചകളിലും പത്രമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാണ്. പുടിന്‍ ഉദരരോഗമടക്കമുള്ള നിരവധി രോഗങ്ങളെ നേരിടുകയാണെന്നും പുടിന് ക്യാന്‍സറാണെന്നും അദ്ദേഹത്തിന് കൂടുതല്‍ കാലം ആയുസ്സില്ലെന്നുമുള്ള തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 

പുടിന്‍റെ അടുത്ത അനുയായിയായ നിക്കോളായ് പത്രുഷേവ്, പുടിന്‍റെ മെഡിക്കൽ അപ്പോയിന്‍റ്മെന്‍റുകളിൽ ആക്ടിങ്ങ് പ്രസിഡന്‍റായി നിലകൊണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത കാലത്തായി പുടിന്‍റെ ഉയരത്തിലും ചെവിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് യുക്രൈന്‍റെ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് അവകാശപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. 

പുടിന്‍റെ ചെവിയാണ് അപരനുണ്ടെന്നതിനുള്ള പ്രധാന തെളിവായി ബുഡനോവ് നിരത്തുന്നത്.  'പുടിന്‍റെ ചെവിയുടെ ചിത്രം വ്യത്യസ്തമാണ്... കൂടാതെ ഇത് ഒരു വിരലടയാളം പോലെയാണ്. ഓരോ വ്യക്തിയുടെയും ചെവി മറ്റൊരാളില്‍ ആവര്‍ത്തിക്കില്ല. അത് അദ്വിതീയമാണ്. അത് ആവർത്തിക്കാനാവില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞു. 

പുടിന്‍റെ അപരന് വ്യത്യസ്ത ശീലങ്ങൾ, വ്യത്യസ്ത രീതികൾ, വ്യത്യസ്ത നടത്തം തുടങ്ങി  നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചിലപ്പോൾ വ്യത്യസ്ത ഉയരങ്ങൾ തന്നെ ഇവര്‍ തമ്മില്‍ കാണാനാകുമെന്നും ബുഡനോവ് ആരോപിച്ചു. കഴിഞ്ഞ മാസം ടെഹ്‌റാനിൽ നടന്ന ഉച്ചകോടിയിൽ തന്‍റെ വരവിന് പകരമായി വ്‌ളാഡിമിർ പുടിന്‍ അപരനെ  ഉപയോഗിച്ചിരിക്കാമെന്ന് ബുഡനോവ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

ടെഹ്‌റാനില്‍ വച്ച് തന്‍റെ പ്രസിഡൻഷ്യൽ വിമാനത്തിന്‍റെ പടികൾ ഇറങ്ങുമ്പോൾ റഷ്യൻ നേതാവിന്‍റെ ചലനങ്ങള്‍ വിചിത്രമായിരുന്നെന്നും അദ്ദേഹം അസാധാരണമാംവിധം വേഗത്തിൽ നീങ്ങിയതായും മുൻ പൊതുപരിപാടികളേക്കാൾ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നതായും യുക്രൈന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. 

ജാക്കറ്റ് അഴിച്ചുമാറ്റി കനത്ത കവചമുള്ള തന്‍റെ ലിമോസിനിൽ കയറുന്നതിന് മുമ്പ്, തന്നെ കാത്തിരിക്കുന്നവരെ അഭിവാദ്യം ചെയ്ത് നീങ്ങുമ്പോള്‍ അദ്ദേഹത്തെ ഒരു രേഖാചിത്രത്തെ പോലെ തോന്നിയതായും ബുഡനോവ് ആരോപിച്ചു. യുക്രൈനിലെ 1+1 വാർത്താ ചാനലിലെ തത്സമയ അഭിമുഖത്തിൽ പുടിൻ പ്രത്യക്ഷപ്പെട്ടതിലും തനിക്ക് സംശയമുണ്ടെന്ന് യുക്രൈന്‍ രഹസ്യാന്വേഷണ മേധാവി ആരോപിച്ചു. 

രാജ്യം ഒരു യുദ്ധത്തിലേര്‍പ്പെട്ട് കൊണ്ടിരുക്കുമ്പോള്‍ ഇറാന്‍റെയും തുർക്കിയുടെയും പ്രസിഡന്‍റുമാരുമായി കൂടിക്കാഴ്ച നടത്താൻ പുടിനെപ്പോലെയുള്ള ഒരാൾ ടെഹ്‌റാനിലേക്ക് പറക്കുമായിരുന്നോയെന്നും ബുഡനോവ് ചോദിച്ചതായി യുക്രൈനില്‍ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 'ഞാന്‍ സൂചന മാത്രമേ നല്‍കൂ. പുടിന്‍ വിമാനത്തില്‍ നിന്ന് പുറത്ത് കടക്കുന്ന നിമിഷം ദയവായി ശ്രദ്ധിക്കൂ. അത് പുടിനാണോ ?' ബുഡനോവ് ചോദിക്കുന്നു. 

യുക്രൈന്‍ യുദ്ധത്തിനിടെയിലും റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ടെഹ്‌റാൻ സന്ദർശിച്ച് ഇറാൻ നേതൃത്വവുമായും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനുമായും കൂടിക്കാഴ്ച നടത്തിയത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. അഞ്ച് മാസം മുമ്പ് യുക്രൈന്‍ അധിനിവേശത്തിന് തുടക്കം കുറിച്ചതിന് ശേഷമുള്ള പുടിന്‍റെ രണ്ടാമത്തെ വിദേശ യാത്രയായിരുന്നു അത്. 

മറ്റൊരു വീഡിയോയില്‍ തുര്‍ക്കി പ്രസിഡന്‍റിനെ കാത്തിരിക്കുന്ന പുടിനെ കാണാം. ആ വീഡിയോയില്‍ പുടിന്‍ തീര്‍ത്തും അസ്വസ്ഥനാണെന്ന് കാണാം. വീഡിയോയിലുടനീളം  അയാള്‍ തന്‍റെ കാലുകള്‍ അനിയന്ത്രിതമായി ചലിപ്പിക്കുകയും വിചിത്രമായ ചില മുഖ ചലനങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. എന്തോ കാര്യമായ രോഗബാധിതനാണ് പുടിനെന്ന സംശയം ബലപ്പെടുത്തുന്ന വീഡിയോയായിരുന്നു അത്. 

എന്നാല്‍ ഈ വീഡിയോകള്‍ ഇറങ്ങിയ സമയത്ത് പുടിന് ഒരു അപരനുണ്ടെന്ന ആരോപണം യുക്രൈന്‍ ഉന്നയിച്ചിരുന്നില്ല. പകരം പുടിന് ഗുരുതരമായ രോഗങ്ങളുണ്ടെന്നായിരുന്നു യുക്രൈന്‍റെ ആരോപണം. മാത്രമല്ല, 'ടെഹ്‌റാനിലെ കൂടിക്കാഴ്ചയ്ക്കിടെ എർദോഗൻ പുടിനെ കാത്തിരിക്കാൻ പ്രേരിപ്പിച്ചു എന്നായിരുന്നു ആന്‍റൺ ഗെരാഷ്ചെങ്കോ ടെലിഗ്രാമിൽ കുറിച്ചത്. എര്‍ദോഗനെ കാത്തിരിക്കേണ്ടിവന്നതിനാല്‍ പുടിന്‍ അപമാനിതനായെന്നും ആ വികാരം അയാളുടെ മുഖത്ത് ദൃശ്യമായിരുന്നെന്നുമായിരുന്നു യുക്രൈന്‍ അന്ന് ആരോപിച്ചിരുന്നു. എന്നാല്‍, ഇത് യഥാര്‍ത്ഥ പുടിനായിരുന്നില്ലെന്നും പകരം അദ്ദേഹത്തിന്‍റെ അപരനാണെന്നുമാണ് യുക്രൈന്‍റെ പുതിയ സിദ്ധാന്തം. 

click me!