
വിചിത്രമായ ഒരു ചേരുവയാണ് അലി ലാറിജാനിയുടെ ജീവിതം. കമ്പ്യൂട്ടര്‍ സയന്‍സിലും ഗണിതശാസ്ത്രത്തിലും ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍. അതു കഴിഞ്ഞ് വെസ്‌റ്റേണ്‍ ഫിലോസഫിയില്‍ പിഎച്ച്ഡി. അതും ഇമ്മാനുവല്‍ കാന്റിനെക്കുറിച്ച്. പഠനാനന്തരം ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സില്‍ ചേര്‍ന്നു. പിന്നീട് ഇറാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി. മൂന്ന് തവണ സ്പീക്കര്‍. സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി. ദാര്‍ശനികതയുടെ വഴികളില്‍നിന്നും യോദ്ധാവിന്റെ വഴിയിലേക്ക് നടക്കുകയായിരുന്നു 67 കാരനായ ലാറിജാനി.
1958-ല്‍ ഇറാഖിലെ നജാഫിലാണ് ജനനം. ഷാ ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ 1930-കളില്‍ ഇറാഖിലേക്ക് പലായനം ചെയ്ത പ്രമുഖ ഷിയാ പണ്ഡിതന്‍ ഗ്രാന്‍ഡ് ആയത്തുള്ള ഹാഷിം അമോലിയാണ് പിതാവ്. ലാറിജാനി പിറന്ന് രണ്ടു വര്‍ഷത്തിനുശേഷം കുടുംബം ഇറാനിലേക്ക് മടങ്ങി. ഖോമിലെ മതപാഠശാലയില്‍ പ്രാഥമിക പഠനം. പിന്നീട് ടെഹ്റാനിലെ ആര്യമെഹര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് പാശ്ചാത്യ തത്വശാസ്ത്രത്തിലേക്ക് മാറി. ആധുനിക തത്വശാസ്ത്രത്തെ മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മന്‍ ഫിലോസഫര്‍ ഇമ്മാനുല്‍ കാന്റിന്റെ ചിന്താപദ്ധതിയെക്കുറിച്ചായിരുന്നു ഡോക്ടറല്‍ പഠനം. 'ധൈര്യമായി ചിന്തിക്കുക' എന്ന ആശയം ജീവിതം കൊണ്ട് മുന്നോട്ടുവെച്ച ഇമ്മാനുവേല്‍ കാന്റിന്റെ ദര്‍ശനങ്ങളെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ എഴുതി. ഒപ്പം, റെനെ ദെക്കാര്‍തെ, അമേരിക്കന്‍ ദാര്‍ശനികനായ സോള്‍ ക്രിപ്‌കെ, ഡേവിഡ് ലൂയിസ് എന്നിവരുടെ സിദ്ധാന്തങ്ങളെക്കുറിച്ചും പുസ്തകം രചിച്ചു.
1979-ലെ വിപ്ലവത്തിലൂടെയാണ് ലാറിജാനി രാഷ്ട്രീയത്തിലേക്ക് വന്നത്. റെവല്യൂഷണറി ഗാര്‍ഡ്‌സ് അയിരുന്നു ആദ്യ തട്ടകം. ഹഷ്മി റഫ്‌സഞ്ചാനി പ്രസിഡന്റായിരിക്കെ 1989-ല്‍ സാംസ്‌കാരിക, ഇസ്ലാമിക മാര്‍ഗനിര്‍ദ്ദേശക മന്ത്രിയായി. 1994-ല്‍ മാധ്യമ വിഭാഗമായ ഐ.ആര്‍.ഐ.ബി ഡയറക്ടര്‍ ജനറലായി. ഇക്കാലത്താണ് പരമോന്നതനേതാവ് ഖുമൈനിയുമായി കൂടുതല്‍ അടുത്തത്. 2005-ല്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ലാറിജാനിയെ സുരക്ഷാ കൗണ്‍സില്‍ തലവനായും മുഖ്യ ആണവ മധ്യസ്ഥനായും നിയമിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം ലാറിജാനി സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് നെജാദിന്റെ തീവ്ര നിലപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു കാരണം. 2008-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020 വരെ മൂന്ന് തവണസ്പീക്കറായി. 2005-ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍, വെറും 5.94% വോട്ട് നേടി ആറാം സ്ഥാനത്തായി. 2021-ലും 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഖമനെയി അത് വെട്ടി. ഇതോടെ, മുഖ്യധാരയില്‍നിന്ന് അല്‍പ്പം മാറിനിന്നെങ്കിലും 2024-ല്‍ മസൂദ് പെസെഷ്‌കിയാന്‍ ലാറിജാനിയെ വീണ്ടും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചു.
ഇറാന്‍ രാഷ്ട്രീയത്തില്‍ ലാറിജാനി എപ്പോഴും തീവ്ര യാഥാസ്ഥിതിക പക്ഷത്താണ് നിലയുറപ്പിച്ചത്. കര്‍ക്കശമായ നിലപാടുകളായിരുന്നു എന്നും അദ്ദേഹത്തിന്‍േറത്. 2025 ഏപ്രിലില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മുറുകിയപ്പോള്‍ ലാറിജാനി ഒരു കടുത്ത പ്രഖ്യാപനം നടത്തി. ആക്രമണമാണ് മുന്നിലെങ്കില്‍ ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാവും. അത് വലിയ വിവാദങ്ങളുണ്ടാക്കി. രണ്ട് മാസത്തിന് ശേഷം ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചു. തൊട്ടുപിന്നാലെ യുഎസും. 2026 ജനുവരിയില്‍ ഇറാനില്‍ പ്രതിഷേധങ്ങളുണ്ടായി. തുടര്‍ന്ന് ട്രംപ് ആണവചര്‍ച്ച എന്ന നിര്‍ദേശം വെച്ചു. ചര്‍ച്ചകളെ ലാറിജാനി പിന്തുണച്ചു. മൂന്ന് തവണ കൂടിയിരുന്നെങ്കിലും സമാധാന ചര്‍ച്ച നടക്കുന്നതിനിടെ അമേരിക്കയും ഇസ്രായലും ഇറാനെ ആക്രമിച്ചു.
ജനുവരിയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ലാറിജാനിയാണ്. റഷ്യയെപ്പോലെയുള്ള ശക്തരായ സഖ്യകക്ഷികളുമായും ഖത്തര്‍, ഒമാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായും ബന്ധം നിലനിര്‍ത്തുന്നത് അദ്ദേഹമാണ്. ആണവ ചര്‍ച്ചകളുടെ മേല്‍നോട്ടവും ലാറിജാനിക്കാണ്. ഖമനെയി കൊല്ലപ്പെട്ടതിനു ശേഷം, ഇറാന്റെ തിരിച്ചടികളുടെ നേതൃതവം അദ്ദേഹത്തിനായിരുന്നു. മുജ്തബ ഖമനെയിയെ പുതിയ നേതാവായി തെരഞ്ഞെടുത്തതിനു പിന്നിലും ലാറിജാനി ആയിരുന്നു. യുഎസിന്റെ കണ്ണിലെ കരടായ അദ്ദേഹത്തെ ഒടുവില്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
2025 ജൂണിലെ യുദ്ധം ഇറാന് കൃത്യമായ മുന്നറിയിപ്പായിരുന്നു. ഏത് സമയവും ആക്രമണം ഇറാന്‍ പ്രതീക്ഷിച്ചു. ഈ സമയത്താണ് ഖമനെയി യുദ്ധത്തെ നേരിടാനുള്ള ഒരുക്കം തുടങ്ങിയത്. അദ്ദേഹം ആദ്യം ചെയ്തത്, സുരക്ഷാ മേധാവിയായി ലാറിജാനിയെ നിയോഗിക്കുകയായിരുന്നു. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനായി. തുടര്‍ന്നാണ് ലാറിജാനിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയത്. യുദ്ധമുണ്ടായാല്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചത് ലാറിജാനിയാണ്. ഖമനെയി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടാല്‍ രാജ്യം ആര് ഭരിക്കും എന്ന കാര്യം പ്ലാന്‍ ചെയ്തു.
നാല് നിരകളിലുള്ള നേതൃത്വത്തെയാണ് ഖമനെയി നിശ്ചയിച്ചത്. സൈന്യം, റവല്യൂഷനറി ഗാര്‍ഡ്‌സ്, ബാസിജ് സേന, ഉദ്യോഗസ്ഥ തലം എന്നിവയുടെ മേധാവികളോട് നാല് പിന്‍ഗാമികളെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. താഴേത്തട്ടുവരെ ഇങ്ങനെ നാലുപേരെ വീതം പിന്‍ഗാമികളൊയി നിശ്ചയിച്ചു. ഒരാള്‍ കൊല്ലപ്പെട്ടാല്‍ അടുത്തയാള്‍ അധികാരമേല്‍ക്കുന്ന പദ്ധതി. താന്‍ മരിച്ചാല്‍ പകരം വരേണ്ട മൂന്ന് പേരുകളും ഖമനെയി തയ്യാറാക്കി. ഖമനെയി വധിക്കപ്പെട്ടപ്പോള്‍ ലാറിജാനിയുടെ മുന്‍കൈയില്‍ ഒരു പേരു കൂടി കൂട്ടിച്ചേര്‍ത്തു. മുജ്തബ ഖമനെയി. പരമോന്നത നേതാവിന്റെ രണ്ടാമത്തെ മകന്‍. അദ്ദേഹത്തെ പുതിയ നേതാവാക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ലാറിജാനിയായിരുന്നു.
യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ലാറിജാനി നേതൃത്വം നല്‍കി. ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈുകള്‍ വിന്യസിപ്പിച്ചു. മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി അടച്ചട്ട് റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തി. യുദ്ധമുണ്ടായാല്‍, പോലീസിന്റെ പ്രത്യേക വിഭാഗങ്ങളെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ബാസിജ് സായുധ സേനയെയും തെരുവുകളില്‍ വിന്യസിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു. ഭരണമാറ്റം എന്ന അമേരിക്കന്‍ പദ്ധതി നടക്കാതെ പോയത് അതിനാലാണ്.
യുദ്ധം തുടങ്ങിയതോടെ ലാറിജാനിയായി ആക്രമണങ്ങളുടെ കുന്തമുന. എല്ലാം അദ്ദേഹം നിശ്ചയിച്ചു. ഒരാള്‍ വീഴുമ്പോള്‍ മറ്റൊരാളെ പകരമെത്തിച്ചു. ലോകത്തെ ഏറ്റവും ശക്തമായ സൈന്യം എതിര്‍വശത്തു നിന്നിട്ടും കുലുങ്ങാതെ ഇറാന്‍ പ്രതികരിച്ചത് ലാറിജാനിയുടെ കരുത്തിലായിരുന്നു. ട്രംപിന്റെയും ഇസ്രായേലിന്റെയും ഭീഷണികള്‍ക്ക് നേരിട്ട് മറുപടി നല്‍കി ഇറാന്റെ ഏറ്റവും പ്രധാന വക്താവായി ലാറിജാനി മാറി. ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചതും ലാറിജാനിയുടെ മുന്‍കൈയിലായിരുന്നു.
ഖമനെയി കൊല്ലപ്പെട്ട ആദ്യ ആക്രമണത്തില്‍നിന്നും വഴുതിപ്പോയ ലാറിജാനിയെ ഇസ്രായേല്‍ പിന്നീടും നോട്ടമിടുന്നുണ്ടായിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ദിവസം, ഗള്‍ഫ് രാജ്യങ്ങളോട് ലാറിജാനി ഒരു പ്രസ്താവന നടത്തി. ഈ യുദ്ധത്തില്‍ തങ്ങളോടൊപ്പമാണ് നില്‍ക്കേണ്ടത്, അമേരിക്കയ്ക്ക് താവളം ഒരുക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ് എന്നായിരുന്നു അത്. അതിനു പിന്നാലെയാണ്, ലാറിജാനി ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്. ലാറിജാനി കൊല്ലപ്പെട്ടാല്‍ അത് ഇറാന് വമ്പന്‍ തിരിച്ചടി ആയിരിക്കും. പരിക്കേല്‍ക്കുകയോ രക്ഷപ്പെടുകയോ ചെയ്താല്‍ ഇസ്രായേലിനും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam