27 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഗ്രീൻ കാർഡ് ഉടമയായ വെങ്കട നരസമാംബ വാസംസെട്ടി എന്ന ഇന്ത്യൻ വംശജയെ യുഎസ് ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. നാടുകടത്തൽ കേസ് മുൻപ് കോടതി തള്ളിയിരുന്നെങ്കിലും, പതിവ് പരിശോധനയ്ക്കെത്തിയപ്പോൾ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനധികൃത തടങ്കലിനെതിരെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്.
വാഷിംഗ്ടൺ: 27 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) കസ്റ്റഡിയിലെടുത്തു. 2013 മുതൽ യുഎസിൽ താമസിക്കുന്ന വെങ്കട നരസമാംബ വാസംസെട്ടി എന്ന ഇന്ത്യൻ വംശജയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ നാടുകടത്താൻ മുൻപ് യു എസ് ഇമിഗ്രേഷൻ കോടതി സമർപ്പിച്ച ഹർജി ജഡ്ജി തള്ളിക്കളഞ്ഞിരുന്നെങ്കിലും ഓഗസ്റ്റ് 11-ന് പതിവ് ഐസിഇ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തത്. നിലവിൽ ജോർജിയയിലെ ഐസിഇ ഡിറ്റൻഷൻ സെന്ററിലാണ് ഇവർ കഴിയുന്നത്.
നോർത്ത് കരോലിനയിലെ പബ്ലിക് സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാണ് വാസംസെട്ടി. അമേരിക്കൻ പൗരത്വമുള്ള രണ്ട് മക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്. 2022-ൽ വാസംസെട്ടി ഇന്ത്യ സന്ദർശിച്ചപ്പോൾ തുടർച്ചയായി ഏഴ് മാസത്തോളം അവിടെ തങ്ങി എന്ന കാരണത്താലാണ് ഇമിഗ്രേഷൻ വിഭാഗം ഇവർക്കെതിരെ നടപടി ആരംഭിച്ചത്. പ്രവാസി നിയമപ്രകാരം ഒരു ഗ്രീൻ കാർഡ് ഉടമ 6 മാസത്തിൽ കൂടുതൽ യുഎസിന് പുറത്ത് തങ്ങിയാൽ സ്ഥിരതാമസം ഉപേക്ഷിച്ചതായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ, ഗുരുതരാവസ്ഥയിലായിരുന്ന വയസ്സായ മാതാപിതാക്കളെ പരിചരിക്കാനാണ് ഇവർ ഇന്ത്യയിൽ എത്തിയത്. അവിടെ വെച്ച് കൊവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും രണ്ടാഴ്ചത്തോളം ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് തിരികെ യാത്ര ചെയ്യാൻ വൈകിയതെന്നും ഇവർക്ക് യുഎസുമായി ശക്തമായ ബന്ധമുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു. ഇന്ത്യയിലായിരുന്ന സമയത്താണ് ഇവർ നോർത്ത് കരോലിനയിൽ സ്വന്തമായി വീട് വാങ്ങിയതെന്നും അതിനായി പണം അടച്ചിരുന്നതെന്നും രേഖകൾ തെളിയിക്കുന്നു.
കേസിൽ തെളിവുകൾ ഹാജരാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് സാധിക്കാത്തതിനെ തുടർന്ന് 2026 മേയ് 19-ന് ഇമിഗ്രേഷൻ ജഡ്ജി ഇവർക്കെതിരെയുള്ള നാടുകടത്തൽ കേസ് തള്ളിയിരുന്നു. എന്നിട്ടും, ഓഗസ്റ്റ് 11-ന് ഷാർലറ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാനെത്തിയ ഇവരെ "ഇവർ ഇപ്പോൾ ഗ്രീൻ കാർഡ് ഉടമയല്ല" എന്ന് ആരോപിച്ച് ഐസിഇ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവർക്ക് കടുത്ത പ്രമേഹ രോഗമുണ്ടെന്നും കൃത്യമായ ഗ്ലൂക്കോസ് നിരീക്ഷണവും വൈദ്യസഹായവും ആവശ്യമാണെന്നും ബന്ധുക്കൾ അറിയിച്ചു. വാസംസെട്ടിയുടെ അനധികൃത തടങ്കലിനെതിരെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ അടിയന്തര 'ഹേബിയസ് കോർപ്പസ്' ഹർജി ഫയൽ ചെയ്തു. ഇതിൽ തടങ്കലിൽ വച്ചതിന്റെ നിയമപരമായ കാരണം വിശദീകരിക്കാൻ ഫെഡറൽ ജഡ്ജി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ അനുകൂലമായ വിധി ഉണ്ടായാൽ വരും ദിവസങ്ങളിൽ ഇവർക്ക് ജാമ്യത്തിന് അപേക്ഷിക്കാൻ അവസരം ലഭിച്ചേക്കും.


