ബുറെവി ഇന്ന് ലങ്ക കീഴടക്കും ; നാളെ ഉച്ചയോടെ തെക്കന്‍ കേരളം പ്രക്ഷുബ്ധമായേക്കാം

First Published Dec 2, 2020, 11:45 AM IST

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യൻ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെ കേരളത്തിൽ ബുറെവി സാന്നിധ്യം അറിയിക്കും. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ച് കരതൊട്ടാല്‍ മാത്രമേ ബുറെവിയുടെ തുടര്‍ഗതി എന്തായിരിക്കുമെന്ന ഏതാണ്ട് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ. നിലവില്‍ ശക്തി കുറഞ്ഞ കാറ്റാണ് അടിക്കുന്നത്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കാറ്റിന്‍റെ വേഗതയും ഗതിയും മാറാമെന്നതാല്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. എന്നാല്‍ ജാഗ്രത വിടരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2017 ല്‍ കേരളത്തിലടക്കം ഏറെ നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയ്ക്ക് ഏതാണ്ട് സമാനമായ സഞ്ചാരപാതയാണ് ബുറെവി ചുഴലിക്കാറ്റിന്‍റേതും. 

കേരളത്തില്‍ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള തെക്കന്‍ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കുമെന്ന് കരുതുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 11 കിലോമീറ്റർ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്.
undefined
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 15 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 .4° N അക്ഷാംശത്തിലും 83.4 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലും തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്റര്‍ ദൂരത്തുമാണ് ഇപ്പോള്‍ കാറ്റിന്‍റെ സ്ഥാനം.
undefined
അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുതാർജ്ജിക്കുന്ന ബുറെവി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ ശ്രീലങ്കയിൽ പ്രവേശിക്കുന്ന കാറ്റ് തുടർന്ന് വടക്ക് - പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെയോടെയാവും തമിഴ്നാട് തീരത്ത് എത്തുക.
undefined
തമിഴ്നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുമ്പോൾ മുതൽ തെക്കൻ കേരളത്തിൽ അതിന്‍റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.
undefined
കന്യാകുമാരിയിൽ വച്ച് കരയിൽ പ്രവേശിക്കുന്ന കാറ്റ് കന്യാകുമാരി തീരത്ത് കൂടി സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തിൽ പ്രവേശിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
undefined
ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
undefined
മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടൽത്തീരത്ത് സഞ്ചാരികൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
undefined
തീരദേശവാസികൾക്ക് സർക്കാർ കർശന മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്. എല്ലാവരും എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികൾ വിശ്വസിക്കുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സർക്കാർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. സുരക്ഷിതമായ മേൽക്കൂരയില്ലാത്തവർ അവിടം വിട്ടു മാറണം. മൊബൈൽഫോണുകളിൽ ചാർജ് ഉറപ്പാക്കണെന്നും സർക്കാർ നിർദേശിക്കുന്നു.
undefined
അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുറെവിയുടെ വരവിനെ തുടർന്ന് ലക്ഷദ്വീപിലും മാലദ്വീപിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
undefined
ചുഴലിക്കാറ്റിന്‍റെ വരവിനെ തുടർന്ന് തമിഴ്‌നാട്ടിലും അതീവ ജാഗ്രത തുടരുകയാണ്. പത്ത് ദിവസത്തിനിടെ തമിഴ്നാട് തീരത്ത് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, രാമനാഥപുരം ജില്ലകളെയാണ് ബുറെവി ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ഈ വർഷം തമിഴ്നാട് നേരിടുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ഉമ്പുൻ, നൈസർഗ, ഗതി, നിവാർ എന്നിവയാണ് 2020-ൽ തമിഴ്നാടിനെ വിറപ്പിച്ച ചുഴലിക്കാറ്റുകൾ. ഇവയ്ക്ക് പിറകേയാണ് ഇപ്പോള്‍ ബുറെവി കടന്നുവരുന്നത്.
undefined
സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തു വിട്ട പുതിയ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട ചുഴലിക്കാറ്റ് സംമ്പന്ധമായ വാര്‍ത്തയിലും പറയുന്നു.
undefined
അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിന്‍റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ.അഭിലാഷ് പറഞ്ഞു.
undefined
ശക്തമായ കാറ്റിൽ മരങ്ങളും പരസ്യബോർഡുകളും ഉറപ്പില്ലാത്ത കെട്ടിട മേൽക്കൂരകളും തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് അഭിലാഷ് പറയുന്നു. എന്നാൽ ഓഖി ചുഴലിക്കാറ്റിലുണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങൾ ബുറെവിയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും നാളെ രാവിലെ മുതൽ മറ്റന്നാൾ വൈകിട്ട് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും അഭിലാഷ് പറയുന്നു.
undefined
എന്നാല്‍, ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം. കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂവെന്നും അഭിലാഷ് പറയുന്നു.
undefined
click me!