കൊവിഡും ആനക്കുട്ടികളിലെ വൈറസ് ബാധയും ; കോട്ടൂര്‍ തുറക്കാന്‍ കാലമെടുക്കും

First Published Aug 12, 2021, 3:56 PM IST

ന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥിതിചെയ്യുന്ന കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനുമൊപ്പം മനുഷ്യർക്ക് കാടിന്‍റെ പശ്ചാത്തലത്തിൽ ആനകളെ കാണുന്നതിനുമുള്ള സൗകര്യവും ഒരുക്കുക എന്നതാണ് ഈ പുനരധിവാസ കേന്ദ്രത്തിന്‍റെ ലക്ഷ്യം. കുട്ടിയാനകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഒരു വയസുള്ള രാജു മുതല്‍ 82 വയസ്സുള്ള സോമന്‍ വരെയുള്ള ആനകളാണ് കോട്ടുരില്‍ ഇപ്പോഴുള്ളത്. കൊവിഡ് വ്യാപനത്തിനിടെ ഹെര്‍പ്പസ് വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികള്‍ അടുത്തിടെ ഇവിടെ ചരിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് ആനക്കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ആനക്കുട്ടികളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോട്ടൂര്‍ ആനക്കോട്ട തുറക്കുന്നത് വൈകുമെന്നാണ് വിവരം. കോട്ടൂര്‍ ആനക്കോട്ടയില്‍ നിന്നും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ രാജീവ് സോമശേഖരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. 

ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നതിന്‍റെ ഭാഗമായാണ് കോട്ടൂരിൽ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. 

വനാശ്രിത സമൂഹത്തിന്‍റെ സാമ്പത്തിക സാശ്രയത്വം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയവയെല്ലാം പരിഗണിച്ച് രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019 ലാണ് ആരംഭിച്ചത്. 71.9 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെ പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും പ്രത്യേകമായി വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെയാണ് ആനപുനരധിവാസ കേന്ദ്രത്തിന്‍റെ നവീകരണം.

ആനകള്‍ക്കായി പ്രത്യേക സൌകര്യങ്ങളൊരുക്കുമ്പോഴും കേരളത്തില്‍ നാട്ടാനകള്‍ക്ക് നല്ലകാലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം ചരിഞ്ഞ ആനകളുടെ എണ്ണം 60 ആണ്. 

480 നാട്ടാനകളുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 461 നാട്ടാനകളെ ഉള്ളൂവെന്ന് ആനപ്രേമി സംഘം അവകാശപ്പെടുന്നു. 2019 ലും 2020 ലും 20 ആനകള്‍ വീതമാണ് കേരളത്തില്‍ ചരിഞ്ഞത്. ഈ വര്‍ഷം ഇതുവരെ 17 ആനകള്‍ ചരിഞ്ഞു. 

ദഹനവ്യവസ്ഥയിലെ തകരാറാണ് ആനകളുടെ മരണ നിരക്ക് ഉയര്‍ത്തുന്നതെന്ന് വിദഗ്ദരും പറയുന്നു. എരണ്ടക്കെട്ട് വന്ന് ചരിയുന്ന ആനകളുടെ മരണ നിരക്കില്‍ വര്‍ദ്ധനവുണ്ടെന്ന് കണക്കുകളും കാണിക്കുന്നു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെ നാട്ടാനകളുടെ എഴുന്നള്ളിപ്പുകളും നിന്നു. ഇതോടെ നാട്ടാനകളുടെ സ്വകാര്യ ഉടമസ്ഥര്‍ വന്‍തുക ചിലവഴിച്ച് ആനകളെ പരിപാലിക്കേണ്ട അവസ്ഥയിലാണ്. 

കൊട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനോടൊപ്പം നടക്കുന്ന നാട്ടാന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

undefined
click me!