നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ പ്രചാരണ പരിപാടികളും ഉദ്യോഗസ്ഥരുടെ ഒരുക്കങ്ങളും സജീവമായിരിക്കുകയാണ്. എന്നാൽ വോട്ടർമാരെ നേരിൽ കാണാൻ ഇറങ്ങുന്ന രാഷ്ട്രീയ പ്രവർത്തകരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
നിർജലീകരണം തടയാം; ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം
വേനൽക്കാലത്ത് ശരീരം പെട്ടെന്ന് തളരാൻ പ്രധാന കാരണം നിർജലീകരണമാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കരിക്കിൻ വെള്ളം, സംഭാരം, നാരങ്ങാ വെള്ളം, ഒ.ആർ.എസ് എന്നിവ ഉത്തമമാണ്. എന്നാൽ ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. പാനീയങ്ങളിൽ ചേർക്കുന്ന ഐസിന്റെ ശുദ്ധത ഉറപ്പില്ലെങ്കിൽ അത് ഉപയോഗിക്കരുത്.
26
വസ്ത്രധാരണത്തിലും വേണം ജാഗ്രത; 11 മുതൽ 3 വരെ വെയിൽ ഒഴിവാക്കാം
പകൽ 11 മണി മുതൽ 3 മണി വരെയാണ് വെയിലിന് ഏറ്റവും കടുപ്പമേറുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതുന്നതിനൊപ്പം പാദരക്ഷകൾ ധരിക്കാനും മറക്കരുത്.
36
പൊതുസമ്മേളനങ്ങളിൽ തണലും വെള്ളവും ഉറപ്പാക്കാം
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങൾ ഉച്ചസമയത്ത് (11 am - 3 pm) ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. സമ്മേളന സ്ഥലങ്ങളിൽ പങ്കെടുക്കുന്നവർക്കായി ആവശ്യത്തിന് തണലിടങ്ങളും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്.
വേനൽക്കാലത്ത് പഴങ്ങൾ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. എന്നാൽ തണ്ണിമത്തൻ പോലുള്ള തോടുള്ള പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ മുറിച്ചുപയോഗിക്കാവൂ. പഴവർഗങ്ങൾ ശുദ്ധജലത്തിൽ കഴുകിയെന്ന് ഉറപ്പാക്കണം. പ്രായമായവർ, ഗർഭിണികൾ, പ്രമേഹ-ഹൃദ്രോഗ ബാധിതർ എന്നിവർ ചൂടുകാലത്ത് പ്രത്യേക ശ്രദ്ധ പുലർത്തണം.
56
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ കൃത്യസമയത്ത് ആഹാരം കഴിക്കാനും മരുന്നുകൾ മുടക്കാതിരിക്കാനും ശ്രദ്ധിക്കണം. കുഴഞ്ഞുവീഴൽ പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 108 ആംബുലൻസ് സേവനം പ്രയോജനപ്പെടുത്താം. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ മരുന്നുകളുടെ വിവരങ്ങൾ അടങ്ങിയ കുറിപ്പ് കയ്യിൽ കരുതുന്നത് അടിയന്തര ഘട്ടങ്ങളിൽ സഹായകമാകും.
66
അപകടങ്ങളും പ്രഥമശുശ്രൂഷയും
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പാമ്പ് കടിയേറ്റാൽ പരിഭ്രമിക്കാതെ ശരീരം അനങ്ങാത്ത വിധം എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. നായയോ പൂച്ചയോ കടിച്ചാൽ 15 മിനിറ്റോളം പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകിയ ശേഷം വാക്സിൻ സ്വീകരിക്കണം. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിനങ്ങളിലും മെഡിക്കൽ ടീമിന്റെയും 108 ആംബുലൻസിന്റെയും സേവനം ലഭ്യമായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam