സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പ്രസിദ്ധീകരിച്ചു. വോട്ടർമാരുടെ എണ്ണത്തിലും വൈവിധ്യത്തിലും നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പട്ടികയിലുള്ളത്.
4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കും
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഈ യുവ വോട്ടർമാരുടെ നിലപാടുകൾ വലിയ സ്വാധീനം ചെലുത്തും.
26
വോട്ടർമാരിൽ വനിതാ ആധിപത്യം; സ്ത്രീ വോട്ടർമാർ കൂടുതൽ
ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811 ആണ്. സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികമാണെന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീപക്ഷ നിലപാടുകൾക്കുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പട്ടികയിൽ 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.
36
മലപ്പുറം ഒന്നാമത്; വോട്ടർമാരുടെ കാര്യത്തിൽ മുന്നിൽ
ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് (36,32,210 പേർ). സംസ്ഥാനത്ത് സ്ത്രീകളേക്കാൾ പുരുഷ വോട്ടർമാർ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. മണ്ഡലങ്ങൾ പരിശോധിച്ചാൽ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതൽ സമ്മതിദായകർ ഉള്ളത് (2,55,441).
വയോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണത്തെ പട്ടിക ശ്രദ്ധേയമാണ്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 പേരും 110 വയസ്സിന് മുകളിൽ പ്രായമുള്ള 54 പേരും പട്ടികയിലുണ്ട്. വോട്ടർമാരിൽ കൂടുതല്‍ 40-നും 49-നും ഇടയിൽ പ്രായമുള്ളവരാണ് (56.32 ലക്ഷം പേർ).
56
വിദേശ വോട്ടർമാരും സർവീസ് വോട്ടർമാരും
പ്രവാസികളുടെ പങ്കാളിത്തത്തിലും ഇത്തവണ വർദ്ധനവുണ്ട്. ആകെ 2,42,093 പേർ വിദേശ ഇലക്ടറൽ വിഭാഗത്തിലും 53,984 പേർ സർവീസ് വോട്ടർമാരായും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജനറൽ ഇലക്ടറൽ വിഭാഗത്തിൽ മാത്രം 2.69 കോടി വോട്ടർമാരാണുള്ളത്.
66
വോട്ടർ പട്ടിക പരിശോധിക്കാം
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടർമാർക്ക് സ്വന്തം പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താൻ ഇനിയും അവസരമുണ്ട്. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ അതത് താലൂക്ക്, വില്ലേജ് ഓഫീസുകൾ, ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്നിവർ വഴിയോ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam