ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, രണ്ട് പേര്‍ക്കായി തിരച്ചില്‍

Published : Aug 29, 2022, 09:55 AM ISTUpdated : Aug 29, 2022, 12:31 PM IST

തൊടുപുഴ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂർ സ്വദേശി സോമന്‍റെയും കുടുംബത്തിന്‍റെയും സ്വപ്നങ്ങളാണ് തൂത്തെടുത്തത്. ഉരുള്‍പൊട്ടലില്‍ വീടിന്‍റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുളിനോടൊപ്പം ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. വീടിന്‍റെ തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ശക്തമായ ഉരുള്‍പൊട്ടലില്‍ വീടോടു കൂടെയാണ് ഇവര്‍ ഒലിച്ച് പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായ രണ്ട് പേർക്കായി രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. 2018 ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ്. 

PREV
115
ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി,  രണ്ട് പേര്‍ക്കായി തിരച്ചില്‍

ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഈ മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടുകയായിരുന്നു. രാത്രിയില്‍ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്.  ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. 

215

പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്. പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘം ഇന്ന് എത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടു.

315

ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്ര നിരോധിക്കണോയെ കാര്യത്തിൽ വൈകീട്ട് തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

415

മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നു.  
 

515

മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ് ഇതുവരെയുണ്ടായത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂർണമായും നശിച്ചു. 

615

പത്തനംതിട്ട പെരിങ്ങമലയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തിൽ മുങ്ങി ചത്തു. ഇന്നലെ രാത്രി 12 മണിയോടെ തുടങ്ങിയ അതിതീവ്ര മഴയാണ് പ്രശ്നം സൃഷ്ടിച്ചത്. എന്നാൽ ഇന്ന് രാവിലെ മുതല്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും. 

715

പ്രദേശത്തെ കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞു. പലയിടങ്ങളിലും റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. പൊലീസ് ക്വാർട്ടേഴ്സിലും വെള്ളം കയറി. 12 -ലേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളിൽ പോലും ഇത്തവണ വെള്ളം കയറി. 

815

പുഴകളിൽ നിലവിൽ അപകടകരമായ രീതിയിൽ വെളളം ഉയർന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ മഴ തുടരുന്ന സാഹചര്യം ഉണ്ടായാൽ പുഴകളിലെ ജല നിരപ്പും ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയത്ത് നെടുംകുന്നം നെടുമണിയിൽ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. തോട് വഴി മാറി ഒഴുകുകയാണ്. 

915

കറുകച്ചാൽ മണിമല റൂട്ടിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി. 2018-ലെ പ്രളയത്തിൽ പോലും വെള്ളം കയറാത്ത സ്‌ഥലങ്ങളാണിത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ  മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

1015

ഇത് പ്രകാരം ഇന്ന് കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വയനാട് അമ്പുകുത്തി മലയ്ക്ക് സമീപം മലവയലില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. 

1115

തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി. വയലിനോട് ചേർന്ന സ്ഥലമായതിനാൽ വേഗത്തിൽ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

1215

കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലും ഉരുൾപൊട്ടി. ഇതേതുടർന്ന് ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. 

1315

കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു.

1415

പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലുണ്ടായത്.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.

1515

തെക്ക് പടിഞ്ഞാറൻ ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. 

Read more Photos on
click me!

Recommended Stories