നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായക മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരെ സ്വാധീനിക്കാൻ മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.

നിരീക്ഷണത്തിലാകുന്ന മാധ്യമങ്ങൾ

ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവ സമിതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ ബൾക്ക് എസ്.എം.എസ്, വോയ്‌സ് മെസേജുകൾ, പൊതുസ്ഥലങ്ങളിലെ ഓഡിയോ-വിഷ്വൽ ഡിസ്‌പ്ലേകൾ എന്നിവയ്ക്കും മുൻകൂർ അനുമതി ആവശ്യമാണ്.

അംഗീകാരമില്ലാത്ത പരസ്യങ്ങൾ, പെയ്ഡ് ന്യൂസ് എന്നിവ ശ്രദ്ധയിൽപ്പെട്ടാലോ എംസിഎംസി നിരീക്ഷണ സെൽ അത് എംസിഎംസി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോർട്ട് ചെയ്യും. ഇത്തരം പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുകയും നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം

  • പരസ്യങ്ങൾ നൽകുന്നതിന് നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്:
  • രാഷ്ട്രീയ പാർട്ടികൾ/സ്ഥാനാർത്ഥികൾ: പരസ്യം നൽകുന്നതിന് കുറഞ്ഞത് 3 ദിവസം മുൻപ് അപേക്ഷിക്കണം.
  • മറ്റ് സംഘടനകൾ: പരസ്യത്തിന് 7 ദിവസം മുൻപ് അപേക്ഷ നൽകണം.

പത്രപ്പരസ്യങ്ങൾ: വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് 2 ദിവസം മുൻപ് അനുമതി വാങ്ങണം. അപേക്ഷയോടൊപ്പം പരസ്യ ഉള്ളടക്കത്തിന്റെ രണ്ട് ഡിജിറ്റൽ പകർപ്പുകളും (പെൻഡ്രൈവ്/സിഡി) സ്വയം സാക്ഷ്യപ്പെടുത്തിയ സ്ക്രിപ്റ്റും സമർപ്പിക്കേണ്ടതുണ്ട്. പരസ്യം നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഏകദേശ ചെലവ് ഇതിൽ കൃത്യമായി രേഖപ്പെടുത്തണം.

പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴുദിവസം മുന്‍പ് സമര്‍പ്പിക്കണം. അപേക്ഷയില്‍ പരസ്യം നിര്‍മിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമര്‍പ്പിക്കണം.

ബന്ധപ്പെടേണ്ട വിലാസം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ മുകൾ നിലയിലാണ് എം.സി.എം.സി സെൽ പ്രവർത്തിക്കുന്നത്. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

  • മെംബർ സെക്രട്ടറി: 8943151491
  • അസിസ്റ്റന്റ് എഡിറ്റർ: 9846856982
  • അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ: 9496924773
  • ഇമെയിൽ: mcmcidk2026@gmail.com

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിക്കാൻ സമിതി നിർദ്ദേശിക്കും. എം.സി.എം.സിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീൽ നൽകാനും അവസരമുണ്ട്.