പറമ്പിക്കുളം ഡാം ഷട്ടര്‍ തകര്‍ച്ച; വളരെ മോശം മെയിന്‍റനന്‍സ് എന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

First Published Sep 21, 2022, 3:55 PM IST

കേരളത്തിന്‍റെ ഡാമുകളുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിട്ടാകും ഒരു ഡാം തനിയെ തുറക്കപ്പെടുന്നത്. സാങ്കേതിക പിഴവാണ് കാരണമെന്ന് പറയാമെങ്കിലും കേരളം പോലൊരു സംസ്ഥാനത്ത് ഡാം ഷട്ടറുകള്‍ മുന്നറിയിപ്പൊന്നുമില്ലാതെ തുറക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന നാശനഷ്ടം ഏറെ വലുതായിരിക്കും. പറമ്പിക്കുളം ഡാമിന്‍റെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് സാങ്കേതിക പിഴവ് മൂലം തകര്‍ന്നപ്പോള്‍ മറ്റ് മൂന്ന് ഷട്ടറുകളില്‍ അമിത ഭാരം ഏല്‍ക്കാതിരിക്കാന്‍ അല്പം തുറന്ന് വച്ചു. ഇതോടെ ഡാമുകളില്‍ നിന്നും പുറത്തെത്തുന്ന വെള്ളത്തിന്‍റെ അളവ് കൂടി.  ചാലക്കുടി പുഴയുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണെന്ന് പാലക്കാട്. തൃശ്ശൂര്‍ ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ തമിഴ്നാട് കേരളത്തിലെ വിദഗ്ദ സംഘത്തെ ഡാം പരിശോധനയ്ക്ക് അനുമതി നല്‍കാറില്ലെന്ന ഗുരുതര ആരോപണവുമായി ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ രംഗത്തെത്തി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ സോളമന്‍ റാഫേല്‍ (പെരിങ്ങല്‍കുത്തില്‍ നിന്ന് ), ശ്യാം (ചാലക്കുടി പുഴയില്‍ നിന്ന്). 

ഇന്ന് (സെപ്റ്റംബര്‍ 21) പുലര്‍ച്ചെ രണ്ടു മണിയോടെ പറമ്പിക്കുളം ഡാമിലെ ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ ഉയരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. ഒരു ഷട്ടറിലൂടെ കൂടുതല്‍ ജലം കുതിച്ച് ചാടിയപ്പോള്‍ മറ്റ് ഷട്ടറുകളില്‍ കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനായി മറ്റ് മൂന്ന് ഷട്ടറുകളും 10 സെന്‍റിമീറ്റർ വീതം ഉയർത്തി വച്ചു. 

ഇതോടെ ഡാമില്‍ നിന്നും ഒഴുകുന്ന ജലത്തിന്‍റെ അളവ് കൂടി. മൂന്ന് ഷട്ടറുകളില്‍ നിന്നായി ഇപ്പോള്‍ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് 20,000 ഘനയടി അധിക ജലമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ഒരു ഡാമിന്‍റെ ഷട്ടര്‍ തകരുകയെന്ന് പറഞ്ഞാല്‍ അതിന്‍റെ മെയിന്‍റനന്‍സ് അത്രയ്ക്ക് മേശമായത് കൊണ്ടാണെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇത് തമിഴ്നാടിന്‍റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍, അറ്റക്കുറ്റ പണിയിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ ആരോപിച്ചു. ഇനി ഡാമിലെ വെള്ളം ഒഴുകി പോകാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

10 വർഷം മുൻപ് വരെ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, പിന്നീട് തമിഴ്നാട് കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാൻ അനുവദിക്കാറില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം കേരളത്തിന്‍റെ കൈവശമുള്ള ഡാമുകളെല്ലാം സുരക്ഷിതമാണെന്നും കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ ഡാമിലെ ഷട്ടർ തകരാർമൂലം ഒഴുകി വരുന്ന വെള്ളത്തിന്‍റെ അളവ് കൂടിയതോടെ മുൻകരുതലായി പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി. പറമ്പിക്കും മേഖലയിലെ രണ്ട് കോളനിയിലുളളവരെ ഇതിനകം മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.

കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് ഇവരെ അടിയന്തരമായി മാറ്റി പാർപ്പിച്ചത്. തുടർച്ചായി 20,000 ക്യുസെക്സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷട്ടർ തകരാറിലായത്. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകി.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും പാലക്കാട്  ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെത്തി അണക്കെട്ടില്‍ പരിശോധന നടത്തുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നാലോ അഞ്ചോ ദിവസം വേണ്ടിവരുമെന്ന് കരുതുന്നു.  ഡാമിന്‍റെ മറ്റ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ജാ​ഗ്രത മാത്രം മതിയെന്ന് എംഎൽഎ അറിയിച്ചു. പുഴയിലെ ഒഴുക്ക് അതിന്‍റെ തീരത്ത് താമസിക്കുന്നവരെ പോലും ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. എന്നാല്‍, പുഴയിൽ കുളിക്കുന്നതും കുളിക്കാനിറങ്ങുന്നതിനും നിരോധനമുണ്ട്. 

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

പുഴയിലേക്കുള്ള കടവുകൾ എല്ലാം പൊലീസ് ഇതിനകം അടച്ചു കഴിഞ്ഞു. ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്‍റ് ചാലക്കുടി പുഴയ്ക്ക് ഇരുവശവുമുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. 

ജലത്തിന്‍റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ രണ്ട് ഷട്ടറുകൾ കൂടി ഇന്ന് (സെപ്റ്റംബർ 21 ) രാവിലെ നാലരയോടെ തുറന്നു. 

പറമ്പിക്കുളം ഡാം സെന്‍റർ ഷട്ടർ തകരാർ മൂലം വെള്ളത്തിന്‍റെ അമിതപ്രവാഹത്തിനെ തുടർന്ന് പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.

click me!