Mullaperiyar Dam : അര്‍ദ്ധരാത്രിയിലെ തുറക്കല്‍ ; സുപ്രീം കോടതിയില്‍ കാണാമെന്ന് കേരളം

Published : Dec 08, 2021, 11:34 AM ISTUpdated : Dec 08, 2021, 11:39 AM IST

കേരളത്തിന്‍റെ ആശങ്കകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ തമിഴ്നാട് (Tamil Nadu) മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  (Mullaperiyar Dam) ഒന്‍പത് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ ഇടുക്കി അണക്കെട്ടിലേക്ക് (Idukki Dam) ഒഴുക്കിയെത്തുന്നത് 7140 ഘനയടി വെള്ളമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്. സുപ്രീംകോടതി (Supreme Court) നിര്‍ദ്ദേശപ്രകാരം ജലനിരപ്പ് 142 അടിയില്‍ താഴെ നിര്‍ത്തുകയെന്നത് മാത്രമാണ് തമിഴ്നാടിന്‍റെ ലക്ഷ്യം. അതിനായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വിടുന്നത്. ഒരാഴ്ചയായി അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയുമായി തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം ഷട്ടറുകള്‍ തുറന്ന് വിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പ്രായോഗിക നിലപാടെടുക്കുന്നതിന് പകരം മാധ്യമങ്ങളിലൂടെ തമിഴ്നാടിനെ വിമര്‍ശിക്കുക മാത്രമാണ് കേരളം (Keralam) ചെയ്യുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. മന്ത്രിമാര്‍ തമിഴ്നാടിന്‍റെ നടപടിയെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുക മാത്രമേ ചെയ്യുന്നൊള്ളൂവെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള നടപടികളെടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.    

PREV
114
Mullaperiyar Dam : അര്‍ദ്ധരാത്രിയിലെ തുറക്കല്‍ ; സുപ്രീം കോടതിയില്‍ കാണാമെന്ന് കേരളം

മുല്ലപ്പെരിയാര്‍ ഡാമിനും ഇടുക്കി ഡാമിനുമുടയിലുള്ള വള്ളക്കടവ് മുതല്‍ അയ്യപ്പന്‍ കോവില്‍ വരെയുള്ള 30 കിലോമീറ്ററോളം ദൂരത്തിനിടയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ആശങ്കയോടെയാണ് രാത്രികാലങ്ങളില്‍ കഴിച്ച് കൂട്ടുന്നത്. തമിഴ്നാടിന്‍റെ നടപടിക്കെതിരെ ക്രിയാത്മക നടപടിയെടുക്കുന്നതിന് പകരം കേരളത്തിന്‍റെ ജനപ്രതിനിധികള്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. 

 

214

മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും തമിഴ്നാടുമായി ബന്ധപ്പെട്ട് മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങളെ തമിഴ്നാട് പാടെ തള്ളിക്കളയുകയാണെന്ന് കേരള സര്‍ക്കാരും പറയുന്നു. തമിഴ് നാടും കേരളവും തമ്മില്‍ ഉദ്യോഗസ്ഥ ഭരണ തലത്തിലുള്ള ഏകോപനമില്ലായ്മ 30 കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളുടെ സ്വസ്ഥതയാണ് ഇല്ലാതാക്കിയത്. 

 

314

ഇന്ന് പുലർച്ചെ മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകളുയർത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും പുലര്‍ച്ചയോടെ വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് ഇന്ന് പുലര്‍ച്ചെ വെള്ളം കയറിയത്. വികാസ് നഗർ ഭാഗത്തെ റോഡുകളിൽ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി അര്‍ദ്ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നത് ഇവിടെ പതിവാണ്. 

 

414

ഒമ്പത് ഷട്ടറുകളാണ് ഇന്ന് പുലർച്ചെയോടെ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നത്. ഇതിൽ മൂന്ന് ഷട്ടറുകൾ രാവിലെ ഒമ്പത് മണിയോടെ അടച്ചു. നിലവിൽ ആറ് ഷട്ടറുകള്‍ തുറന്നിരിക്കുന്നുണ്ട്. രാത്രിയിൽ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്തിന്‍റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി പുലർച്ചെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്. 

 

514

തമിഴ്നാടിന്‍റെ നടപടികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ രംഗത്തെത്തി. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നുമാണ് മന്ത്രി അറിയിച്ചത്.  ''ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം." എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 

 

614

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച (8.12.'21) പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

 

714

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും കഴിഞ്ഞ ഒരാഴ്ചയായി വെള്ളം കയറിയ നിലയിലാണ്. 

 

814

ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനം ജനങ്ങൾക്കിടയിലും ശക്തമാണ്.  ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ മന്ത്രിമാരെ തടയാന്‍ തുടങ്ങിയതോടെയാണ് സർക്കാർ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 

 

914

തമിഴ്നാട് കഴിഞ്ഞ ഒരാഴ്ചയായി അര്‍ദ്ധരാത്രിക്ക് ശേഷം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നു. ജനജീവിതത്തെ ഏറെ ആശങ്കയിലാക്കുന്ന തമിഴാനാട് നടപടിക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ഇത്രയും നാള്‍ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. 

 

1014

മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. 

 

1114

രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. 

 

1214

ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan)രംഗത്തെത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. 

 

1314

മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുകി വിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

 

1414

മുല്ലപ്പെരിയാരില്‍ നിന്ന് തമിഴ്നാട് നിരന്തരം വെള്ളം തുറന്ന് വിടാന്‍ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജനനിരപ്പ് ഉയര്‍ന്നു. ഇതോടെ ഇന്നലെ രാവിലെ കേരളം ചെറുതോണി അണക്കെട്ട് തുറന്ന് അധിക ജലം ഒഴുക്കിവിട്ടു. ഇതിന്‍റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

 

Read more Photos on
click me!

Recommended Stories