Uru : കടല്‍ കടന്ന് ഖത്തറ് പിടിക്കാന്‍ ചാലിയത്ത് നിന്നൊരു ഉരു...

First Published Nov 25, 2021, 4:06 PM IST

നൂറ്റാണ്ടുകള്‍ക്ക് മുന്നേ മലബാറിന്‍റെ പെരുമ ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ചത് നമുടെ സ്വന്തം ഉരുവാണ്. ഇന്ന് പഴയ പ്രതാപത്തിനല്‍പ്പം കോട്ടം തട്ടിയിട്ടുണ്ടെങ്കിലും ബേപ്പൂര്‍ ചാലിയത്തേക്ക് ഇപ്പോഴും ഉരു നിര്‍മ്മാണത്തിന് ആളുകളെത്തുന്നു. അതും അങ്ങ് ഗള്‍ഫ് നാട്ടില്‍ നിന്ന് തന്നെ. കൊവിഡ് രാജ്യത്തെ നിശ്ചലമാക്കുന്നതിനും മുമ്പ് തന്നെ വന്ന ഓർഡറാണെങ്കിലും പണി തീര്‍ത്ത് നീറ്റിലിറക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ മാത്രമാണ്. നീറ്റിലിറക്കുമ്പോഴോ അതൊരു ആവേശവും അരങ്ങും തന്നെയാണെന്ന് കാഴ്ചക്കാരും. കാണാം ചാലിയത്തിന്‍റെ സ്വന്തം ഉരുക്കാഴ്ചകള്‍. റിപ്പോര്‍ട്ട് വൈശാഖ് ആര്യന്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാകേഷ് തിരുമല.

30-25 ഉം ഇടയില്‍ മരപ്പണി ചെയ്യുന്ന തൊഴിലാളികളുടെ ഒന്നരവര്‍ഷത്തെ അധ്വാനമാണിത്. കൊവിഡ് ഇളവുകള്‍ക്കിടെ ആദ്യമായി നീറ്റിലിറക്കപ്പെടുന്ന ഉരു. ശംബൂക്ക് വിഭാഗത്തില്‍പെടുന്ന ഉരുവാണിതെന്ന് ഖലാസിയായ സുരേന്ദ്രന്‍ പറയുന്നു. 

130 അടി നീളവും 27 അടി വീതിയും 16 അടി ആഴവും നൂറ് ടൺ ഭാരവുമാണ് ഈ ഉരുവിനുള്ളത്.  ചാലിയത്തെ പ്രമുഖ ഉരു നിർമാതാക്കളായ ഹാജി പിഐ അഹമ്മദ് കോയ ഉരു നിർമ്മാണ കമ്പനിയാണ് ഈ ഉരുവിന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. 

ഉരു നിർമ്മിക്കുന്നത് ആ രംഗത്തെ പേര് കേട്ട ഖലാസികളാണെങ്കില്‍ നീറ്റിലിറക്കുന്നത് കമ്മാലികളാണ്. ഇവരെല്ലാം പരമ്പഗതാഗത ഖലാസികളാണ്.  നാല് മുതല്‍ ആറ് ദിവസമെടുത്താണ് നിർമ്മാണ സ്ഥലത്ത് നിന്നും ഉരുവിനെ പുഴയിലേക്ക് ഇറക്കുന്നത്. 

ഒരു യന്ത്രവും ഉപയോഗിക്കാതെ കയറും ഉരുളന്‍ മരങ്ങളും ദോവറും വാലീസുമൊക്കെ ഉപയോഗിച്ചാണ് ഭീമന്‍ ഉരുവിനെ പതുക്കെ പതുക്കെ നീറ്റിലിറക്കുന്നത്. ആണി ഉപയോഗിക്കാതെ പരമ്പരാഗത രീതിയില്‍ പലകകൾ തമ്മില്‍ ചൂടി കയറുകൊണ്ട് വരിഞ്ഞുകെട്ടി ഒരു ഉരു കൂടി ഇവർ തയ്യാറാകുന്നുണ്ട്. 

ദോവര്‍ തിരിച്ചാണ് ഖലാസികള്‍ ഉരു നീറ്റിലിറക്കുക. അതിനായി മറ്റ് വലിയ യന്ത്ര സമാഗ്രികളൊന്നും ഖലാസികള്‍ ഉപയോഗിക്കുന്നില്ല. ഉരു നീറ്റിലിറക്കുന്നതിന് ഖലാസികള്‍ക്ക് അവരുടെതായ കണക്ക് കൂട്ടലുണ്ട്. പണിപൂര്‍ത്തിയായ ഉരു ചിലപ്പോള്‍ നാല് ദിവസമെടുത്താകും നീറ്റിലിറക്കുക. 

കെയല, സാല്‍ തുടങ്ങിയ മലേഷ്യന്‍ തടിയാണ് ഉരുനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കരിമരുത് , വാഗ, വെൺതേക്ക് എന്നീ മരങ്ങള്‍ ഉരുവിന്‍റെ ഉള്ളിലെ മറ്റ് ഭാഗങ്ങളുടെ നിര്‍‌മ്മാണത്തിനായി ഉപയോഗിക്കുന്നു. 

ചാലിയത്തെ ഉരു നിര്‍മ്മാണം ഏതാണ്ട് പൂര്‍ണ്ണമായും കൈകൊണ്ടാണ് നിര്‍മ്മിക്കുന്നത്. വലിയ യന്ത്രങ്ങളൊന്നും നിര്‍മ്മാണത്തിനായി ഇവിടെ ഉപയോഗിക്കുന്നില്ല. ബേപ്പൂരെ ചാലിയത്തും ഗുജറാത്തിലുമാണ് ഇന്ന് ഇന്ത്യയില്‍ പരമ്പരാഗത ഉരുനിര്‍മ്മാതാക്കള്‍ ഉള്ളത്. 

ഉരു നിര്‍മ്മാണത്തില്‍ കൊവിഡിന് ശേഷമുള്ള ആദ്യത്തെ നീറ്റിലിറക്കമാണ് ഇതെന്ന് ഉരു നിര്‍മ്മാണ കമ്പനി എംഡി പി ഒ ഹാഷിം പറയുന്നു. സാങ്കേതിക വിദ്യ ഏറെ വികസിച്ചെങ്കിലും എല്ലാം പഴയ രീതിയില്‍ തന്നെ വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 

അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ഹാന്‍റിക്രാഫ്റ്റാണ് ഉരുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉരുവിന്‍റെ പുറം ചട്ടക്കൂട് മാത്രമാണ് ചാലിയത്ത് നിര്‍മ്മിക്കുന്നത്. ഉരുവിന് ഉള്ളിലെ ക്യാബിന്‍ നിര്‍മ്മാണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഖത്തറിലാണ്. 

താത്കാലിക എഞ്ചിന്‍ ഘടിപ്പിച്ച ശേഷമാകും ഉരു ഖത്തറിലേക്ക് യാത്ര ആരംഭിക്കുക. ഏതാണ്ട് 15, 16 ദിവസം വേണ്ടിവരും ഖത്തര്‍ തീരത്തെത്താന്‍. തൂത്തുക്കുടിയില്‍ നിന്നുള്ള ക്യാപ്റ്റനും ക്രൂവും ആണ് ഉരുവിനെ ഖത്തറിലെത്തിക്കുകയെന്നും നിര്‍മ്മാണ കമ്പനി എംഡി പി ഒ ഹാഷിം പറയുന്നു.
'

പെരുമൺ തീവണ്ടി ദുരന്തത്തിലും, കടലുണ്ടി തീവണ്ടിയപകടത്തിലും രക്ഷാ പ്രവർത്തകരായിjരുന്നു  ഖലാസികൾ. അന്നും യന്ത്രവത്കൃത ഉപകരണങ്ങള്‍ പരാജയപ്പെട്ടിടത്ത് കയറും മരവും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു ഖലാസികള്‍ നടത്തിയത്. 

click me!