കേന്ദ്രവും കേരളവും രണ്ട് ട്രാക്കിൽ, കിട്ടുമോ മലയാളിക്ക് അതിവേഗ ട്രെയിൻ യാത്ര?

Published : Feb 02, 2026, 01:22 PM IST

അയല്‍ സംസ്ഥാനങ്ങളെല്ലാം അതിവേഗ റെയിലില്‍ കുതിക്കാനൊരുങ്ങുമ്പോള്‍ ഇപ്പോഴും ആമവേഗമാണ് കേരളത്തിലെ തീവണ്ടികള്‍ക്കും പാതകള്‍ക്കും. എപ്പോഴാണ് കേരളത്തിലും ഗതിവേഗത്തില്‍ യാത്ര ചെയ്യാനാവുക? 

PREV
15

കേന്ദ്ര ബജറ്റ് 2026ലും കേരളത്തിന് അതിവേഗ റെയില്‍ പാതയില്ല. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ബജറ്റില്‍ ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തെ തഴഞ്ഞത്. ഇനി കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ മോഹങ്ങള്‍ക്ക് എപ്പോള്‍ ഗതിവേഗം കൂടും.

25

കേരളം പ്രഖ്യാപിച്ച അതിവേഗ റെയില്‍വേ പദ്ധതിയായിരുന്നു സില്‍വര്‍ലൈന്‍ (കെ റെയില്‍). എന്നാല്‍ പ്ലാനിംഗിലെ അവ്യക്തതകളും ഉയര്‍ന്ന ജനരോക്ഷവും സില്‍വര്‍ലൈന്‍ എന്ന മോഹം പദ്ധതിയുടെ തുടക്കത്തിലെ നുള്ളി. സില്‍വര്‍ലൈന്‍ സ്ഥലം ഏറ്റെടുപ്പിനായി നാട്ടിയ മഞ്ഞക്കുറ്റികള്‍ മാത്രമായി ഒതുങ്ങി പദ്ധതിയുടെ ആസൂത്രണം. കേന്ദ്രവുമായി സഹകരിച്ച് കേരളം പണിയാന്‍ ലക്ഷ്യമിട്ട സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരുഘട്ടത്തിലും കേന്ദ്രം പച്ചക്കൊടി വീശിയില്ല. തുടക്കത്തിലെ ആവേശത്തിനും അതിന് ശേഷമുള്ള നിശബ്‌ദതയ്‌ക്കും ഒടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളം ഉപേക്ഷിച്ചിരിക്കുകയാണ്. 

35

കെ റെയില്‍ അധികൃതര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) എന്ന പുത്തന്‍ റെയില്‍വേ യാത്രാ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആര്‍ആര്‍ടിഎസിന് സംസ്ഥാന ബജറ്റിന് തലേദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്‌തു. ആര്‍ആര്‍ടിഎസ് പദ്ധതിയുടെ പ്രാംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ അതിവേഗ ട്രെയിന്‍ യാത്രക്കായി ‘പേരില്‍ ഒരു പോരിന്’ ഇനിയില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

45

അതേസമയം, അതിവേഗ റെയിൽ പാത പദ്ധതിയുമായി ‘മെട്രോമാൻ’ ഇ ശ്രീധരൻ മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഈ പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ ഏല്‍പിച്ചതാണ് എന്നാണ് മെട്രോമാന്‍ പറയുന്നത്.

55

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്ന സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമായിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരാവട്ടെ അതിവേഗ റെയില്‍വേ പദ്ധതി ഔദ്യോഗികമായി കേരളത്തിന് ഇതുവരെ അനുവദിച്ചിട്ടുമില്ല. സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ആര്‍ആര്‍ടിഎസ് എന്ന പുത്തന്‍ ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ അതിവേഗ റെയിൽ പാത എന്ന ആശയവുമായി ഓഫീസ് തുറന്നിരിക്കുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് ആശ്വാസമേകാന്‍ ഏത് പദ്ധതിയാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് കാത്തിരുന്നറിയാം.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories