കൊവിഡ് 19 ; എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത് ?

First Published Jul 13, 2020, 2:27 PM IST


കേരളത്തിന്‍റെ തീരദേശ മേഖല 580 കിലോമീറ്ററാണ്. ഒമ്പത് ജില്ലകളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന ഈ തീരദേശത്ത് നൂറ്ക്കണക്കിന് മത്സ്യബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഈ തീരദ്ദേശ ഗ്രാമങ്ങിലെ പ്രധാനവരുമാന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്. കേരളതീരത്ത് മത്സ്യത്തിന്‍റെ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി എന്നതിനാലും മത്സ്യ ലഭ്യതയിലുള്ള കുറവും തീരദേശഗ്രാമങ്ങളെ അരപ്പട്ടിണിയിലാക്കിയിട്ട് കാലമേറെയായി. ഇത്തരമൊരു അവസ്ഥാവിശേഷത്തില്‍ നില്‍ക്കുന്ന ഗ്രാമങ്ങളിലേക്കാണ് കൊവിഡ്19 പോലൊരു മഹാമാരി കടന്നു ചെല്ലുന്നത്. കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ പരിഗണന അര്‍ഹിക്കുന്ന തീരദേശമേഖലയിലാണ് കേരളത്തിലെ ആദ്യ കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് രേഖപ്പെടുത്തിയതും. തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന് തെക്കുള്ള പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായത്. എന്നാല്‍ രണ്ട് ദിവസം കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളാണ് പൂന്തുറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത്. 

2020 ജൂലൈ 1തിരുവനന്തപുരത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളില്‍ ഒന്നായ കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് ജൂലൈ ഒന്നിനായിരുന്നു. ഇതോടെതിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തീരുമാനം. ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് അവശ്യ സര്‍വീകള്‍ക്കുമല്ലാതെ ആരും കണ്ടെയിന്‍മെന്‍റ് സോണുകള്‍ക്ക് പുറത്തു പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
undefined
ജൂലൈ 4കുമരിച്ചന്ത മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. പക്ഷേ അപ്പോഴേക്കും ഉറവിടമറിയാത്ത കേസുകള്‍ പൂന്തുറയില്‍ വ്യാപിച്ച് തുടങ്ങിയിരുന്നു. പൂന്തുറ കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം തുറക്കുമെന്നും നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ സാഹചര്യമില്ലെന്നും മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. പക്ഷേ നാലാം തിയതിയാകുമ്പോഴേക്കും നഗരത്തില്‍ 12 മേഖലകള്‍ കണ്ടേന്‍മെന്‍റ് സോണുകളായി കഴിഞ്ഞിരുന്നു. പാളയത്ത് ഒരു ഫുഡ് ഡെലിവറി ബോയ്ക്കും ഒരു മെഡിക്കല്‍ റെപ്രസെന്‍റേറ്റീവിനും ഉറവിടം സ്ഥിരീകരിക്കാത്ത രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം ഉറവിടം അറിയാത്ത രോഗികള്‍ 26 ആയി.
undefined
ജൂലൈ 5ജൂലൈ അഞ്ചാം തിയതി ഞായറാഴ്ച, രാവിലെ മേയറുടെ വാക്കുകളെ അപ്പാടെ വിഴുങ്ങി കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന തിരുവന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത് തിരുവനന്തപുരം നഗരം സജീവമായ ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നാണ്. പൂന്തുറയിലെ മെഡിക്കല്‍ റെപ്രസെന്‍റേറ്റീവിനും കുമരിച്ചന്തയിലെ മത്സ്യവ്യാപാരിക്കും പാളയത്തെ ഫുഡ് ഡൈലിവറി ബോയ്ക്കും ഉറവിടം കണ്ടെത്താനാകാതെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഏറെ ഭീതികമായ അവസ്ഥയാണ്. ഇവര്‍ മൂന്ന് പേരും സമൂഹത്തില്‍ നിരന്തരം ഇടപെടുന്നവരാണെന്നും ഇത് രോഗത്തിന്‍റെ സമൂഹവ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ തിരുവനന്തപുരം നഗരം ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
undefined
മന്ത്രി കടകംപള്ളിക്ക് മാധ്യമങ്ങളെ കണ്ടതിന് പുറകേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ 100 വാര്‍ഡുകളിലും ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം എന്നാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് പൊലീസിനെ വിളിക്കാം. പൊലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും ഇതിനായി ഒരു നമ്പര്‍ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ സ്റ്റോറില്‍ പോകാനും സത്യവാങ്ങ് മൂലം വേണമെന്നും ഡിജിപി ലോക്‍നാഥ് ബഹ്റ അറിയിച്ചു.
undefined
ജൂലൈ 6തിരുവനന്തപുരത്ത് 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിനിലെ തലസ്ഥാനത്ത് രോഗബാധമൂലമുണ്ടായ മൂന്ന് മരണങ്ങളില്‍ ഉറവിടം കണ്ടെത്താനാകാത്തത് ഏറെ ആശങ്ക ഉയര്‍ത്തി. ഇതിനിടെ തലസ്ഥാന നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ ഡ്രൈവര്‍മാര്‍, കടയുടമകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരന്‍ എന്നിങ്ങനെ മുന്‍നിര ആളുകള്‍ക്ക് രോഗം ബാധിച്ചത് ആശങ്കയേറ്റി. പൂന്തുറയില്‍ ഒരാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം ബാധിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയുണ്ടാക്കും വിധം ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവിഗദ്ഗരും മുന്നറിയിപ്പ് നല്‍കി.
undefined
ജൂലൈ 7പൂന്തുറയില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്കും സമീപ പ്രദേശമായ വള്ളക്കടവ് 7 പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കള്‍ കൂട്ടി. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം ദിവസവും സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന തിരുവനന്തപുരം നഗരത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്പ്രെഡിന് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയപ്പ് നല്‍കി.
undefined
ജൂലൈ 8കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും നേരിട്ടും അല്ലാതെയും ഏതാണ്ട് മൂന്നൂറോളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ നടത്തിയ 600 സാമ്പിള്‍ ടെസ്റ്റുകളില്‍ 119 പേര്‍ക്കും പോസറ്റീവ് ആയത് ഭയം വളര്‍ത്തി. ഇതോടെ പൂന്തറയില്‍ നിരീക്ഷണം ലംഘിക്കുന്നവരെ നിയന്ത്രിക്കാനായി കമാന്‍ഡോകളെ വിന്യസിച്ചു. പൂന്തുറയില്‍ നിന്ന് ആളുകള്‍ പുറത്തേക്കോ അകത്തേക്കോ കടക്കാതെ പ്രദേശം അടച്ചു.
undefined
കടല്‍ വഴി പൂന്തുറയിലേക്ക് ആരും എത്താതിരിക്കാന്‍ കോസ്റ്റല്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം പൂന്തുറയിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്തും. പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. എന്നാല്‍ വൈകുന്നേരത്തോടെ തലസ്ഥാനത്ത മാത്രം 60 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതായി സര്‍ക്കാര്‍ അറിയിപ്പ് വന്നു. ഇതോടെ പൂന്തുറയില്‍ സൂപ്പര്‍ സ്പ്രഡ് സ്ഥിരീകരിച്ച് സര്‍ക്കാര്‍ അറിയിപ്പും വന്നു.
undefined
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് അസാധാരണമായ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവിദഗ്ദര്‍ സര്‍ക്കാറിനെ അറിയിച്ചു. അതിനിടെ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ പൂന്തുറയില്‍ മുഴുവന്‍ വീടുകളിലും അണുനശീകരണത്തിനും 24 മണിക്കൂറും ലഭ്യമാകുന്ന തരത്തില്‍ ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. മത്സ്യബന്ധനം നിരോധിച്ചു.
undefined
ഇതോടൊപ്പം പൂന്തുറയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കടല്‍ വഴിയുള്ള വരവ് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്‍റെ നേതൃത്വത്തില്‍ 25 കമാന്‍റോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി ഗോപിനാഥ്, അസിസ്റ്റന്‍റ് കമ്മീഷണര്‍ ഐശ്യര്യ ദോംഗ്രേ എന്നിവരെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയമിച്ചു. ക്രമസമാധാന വിഭാഗം എഡിജിപി ഡോ ഷെയ്ക്ക് ദെര്‍വേഷ് സാഹിബിന് മേല്‍നോട്ട ചുമതല നല്‍കി.
undefined
അതിനിടെ പൂന്തുറയെ പ്രത്യേക ക്ലസ്റ്ററായി കണ്ട് കര്‍ശന നടപടികളിലേക്ക് ആരോഗ്യവകുപ്പും കടന്നു. രോഗികളെ കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപിപ്പിക്കാനും രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്‍റീനിലാക്കാനും തീരുമാനിച്ചു. തമിഴ്നാട്ടില്‍ നിന്നും വരുന്നവരെ പരിശോധിക്കാനായി പ്രത്യേകം ഒപിയും കിടത്തി ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചു.
undefined
ജൂലൈ 9കേരളത്തിലെ ആദ്യ സൂപ്പര്‍ സ്പ്രഡ് മേഖലയായി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത ഉള്‍പ്പെടുന്ന പൂന്തുറ മേഖലയെ പ്രഖ്യാപിച്ചു. പൂന്തുറ മേഖലയില്‍ മാത്രം 4000 ത്തിലധികം വയോധികരുണ്ട്. ഇതില്‍ 200 ലധികം പേര്‍ പാലിയേറ്റീവ് രോഗികളാണെന്നും പൂന്തറയിലെ സ്ഥിതി ഏറെ ആശങ്കാജനകമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങളെ ബഫര്‍ സോണുകളായും ജില്ലാ കലക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കടകള്‍ തുറക്കുന്നതിന് പ്രത്യക സമയവും പ്രഖ്യാപിച്ചു. സൂപ്പര്‍ സ്പ്രെഡില്‍ നിന്ന് സമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്നും കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
undefined
ഇതിനിടെ പൂന്തുറയില്‍ നിന്നും ആന്‍റിജന്‍ ടെസ്റ്റ് നടത്തി പോസറ്റീവ് ആയവരെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഒരു മുറിയില്‍ താമസിച്ചിരുന്ന 38 പേരില്‍ ക്യാന്‍സര്‍ രോഗികളും കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞ രോഗികളും ഉണ്ടായിരുന്നു. ഇവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും കാര്യമായ പരിശോധനയോ മരുന്നുകളോ ലഭിക്കുന്നില്ലെന്നും മറ്റ് രോഗങ്ങളുള്ളവരെയും കൊവിഡ് ടെസ്റ്റ് പോസറ്റീവ് ആയവരെയും അസൗകര്യങ്ങള്‍ മാത്രമുള്ള ഒരു വാര്‍ഡില്‍ ഒരുമിച്ച് കിടത്തിയിരിക്കുകയാണെന്നുമുള്ള ശബ്ദസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ശബ്ദസന്ദേശത്തില്‍ കാരക്കോണം മെഡിക്കല്‍ കോളേജിലെ അസൗകര്യങ്ങളെ കുറിച്ചാണ് പറയുന്നതെങ്കിലും പിന്നീട് ഇത് പൂന്തുറക്കാരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പൂന്തുറയിലേത് അനാവശ്യ ലോക്ഡൗണാണെന്നുമുള്ള വ്യാഖ്യാനങ്ങളിലേക്ക് മാറി.
undefined
അതോടൊപ്പം പൂന്തുറക്കാരെ പ്രവേശിപ്പിച്ച വര്‍ക്കലയിലെ എസ് ആര്‍ ഹോസ്പിറ്റല്‍, വട്ടപ്പാറ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദ സന്ദേശങ്ങളും വ്യപകമായി പ്രചരിച്ചു. എല്ലാ ശബ്ദസന്ദേശത്തിലും കാര്യമായ രോഗമോ രോഗലക്ഷണമോ ഇല്ലാതിരുന്നിട്ടും തങ്ങളെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി രോഗിയാണെന്ന് പറഞ്ഞ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രുകളില്‍ യാതൊരു വിധ ചികിത്സയോ പരിചരണമോ മരുന്നുകളോ ലഭിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളായിരുന്നു. ടെസ്റ്റ് നടത്തി പോസറ്റീവാണെന്ന് പറഞ്ഞയുടനെ തന്നെ ആശുപത്രികളിലേക്ക് മാറ്റിയതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലെന്ന പരാതികളുമുയര്‍ന്നു.
undefined
നാലഞ്ച് ദിവസമായി ആശുപത്രിയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളായിരുന്നു ഈ ശബ്ദസന്ദേശങ്ങളെല്ലാം. ഇതോടെ ജൂലൈ 9 ന് വൈകുന്നേരമാകുമ്പോഴേക്കും പൂന്തുറയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ സംഘടിച്ച് തുടങ്ങി. പൂന്തുറയിലെ സമ്പര്‍ക്കവ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തിരുവന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ്ണക്കടക്ക് കേസിലെ പ്രതിഷേധത്തെ തടയാനാണ് എന്ന വ്യാഖ്യാനവും ഇതിനിടെ വ്യാപകമായി.
undefined
ജൂലൈ 10ജൂലൈ പത്തിന് രാവിലെ പൂന്തുറയിലെ കൊവിഡ് വ്യാപനം വ്യാജമാണെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയത് വലിയ വിവാദമായി. സര്‍ക്കാറിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ പൂന്തുറക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും തൊട്ടടുത്ത കടയിലേക്ക് പോകാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. പല കടകളിലും സാധനങ്ങള്‍ തീര്‍ന്നുപോയതും പൊലീസും നാട്ടുകാരും തമ്മില്‍‌ വാക്കേറ്റത്തിന് കാരണമായി. മാത്രമല്ല, പൂന്തുറക്കാരിയായതിനാല്‍ ഗര്‍ഭിണികളെ പോലും പരിശോധിക്കാന്‍ ആശുപത്രികള്‍ തയ്യാറാകാതിരുന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
undefined
ജനങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ ആരോഗ്യമന്ത്രി രംഗത്തെത്തി. " അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയം വച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്‍ത്തനത്തില്‍ ചില ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായും വന്നു. കാറിന്‍റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല." എന്നാണ് സംഭവത്തെക്കുറിച്ച് മന്ത്രി കെ കെ ശൈലജ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പൂന്തുറയില്‍ യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു. അതോടൊപ്പം പൂന്തുറക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
എന്നാല്‍ മന്ത്രി കെ കെ ശൈലജ പറഞ്ഞതിന് സാധൂകരണമില്ലെന്നും ആരും ആരോഗ്യപ്രവര്‍ത്തകരുടെ നേര്‍ക്ക് മാസ്ക് ഊരി ചുമച്ചിട്ടില്ലെന്നും പൂന്തുറക്കാരും അവകാശപ്പെട്ടു. തങ്ങള്‍ തങ്ങളുടെ ആശങ്കപങ്കുവെക്കുകമാത്രമാണ് ചെയ്തതെന്ന് പൂന്തുറക്കാരും പറഞ്ഞു. ദിവസവേതനക്കാരായി ജീവിക്കുന്ന തങ്ങളുടെ ആശങ്കകളെ പരിഹരിക്കാതെ ലോക്ഡൗണും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ രീതിയെയും ജനങ്ങള്‍ വിമര്‍ശിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പൂന്തുറയിലേക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും നിയോഗിച്ചു.
undefined
പ്രതിഷേധത്തെ തുടര്‍ന്ന് ആന്‍റിജന്‍ ടെസ്റ്റിനെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും തയ്യാറായതോടെ പൂന്തുറയിലെ ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ച് വീടുകളിലേക്ക് തിരികെ പോയി. ഇതിനിടെ പൂന്തുറയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാണിക്യവിളാകം സ്വദേശിയായ സെയ്‍ഫുദ്ദീനാണ് (63) മരിച്ചത്. കൂടാതെ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ 102 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പൂന്തുറയില്‍ ജോലി ചെയ്തിരുന്ന ജൂനിയര്‍ എസ്ഐക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ സാമ്പിള്‍ ശേഖരിച്ച ശേഷവും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
undefined
ജൂലൈ 11പരിശോധനയ്ക്കെത്തിയ ഡോക്ടര്‍മാരുടെ കാറിന്‍റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറന്ന് ആരോഗ്യപ്രവര്‍ത്തകരുടെ മുഖത്തേക്ക് തുപ്പിയെന്ന് മന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയില്‍ വീണ്ടും ആരോപിച്ചു. ജനങ്ങളെ മറ്റാരോ ഇളക്കിവിട്ടതാണെന്നും ഇത്തരം പരിപാടികള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ഇളക്കിവിട്ടതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം ആരോ രാഷ്ട്രീയം കളിച്ചിട്ടാണെന്നും മന്ത്രി ആരോപിച്ചു. അതോടൊപ്പം പൂന്തുറക്കാരുടെ ആശങ്കയ്ക്ക് ഏറ്റവും വലിയ കാരണമായ ആന്‍റിജന്‍ ടെസ്റ്റ് വിശ്വസനീയമായ പരിശോധനാ രീതിയാണെന്നും ജനങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. ആന്‍റിജന്‍ ടെസ്റ്റ്, ആന്‍റിബോഡി ടെസ്റ്റ്, പിസിആര്‍ ടെസ്റ്റ് എന്നിവയെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും മന്ത്രി സംസാരിച്ചു.
undefined
അതോടൊപ്പം പൂന്തുറയില്‍ സര്‍ക്കാര്‍ ആദ്യമായി മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എടിഎം എന്നിവ പ്രവര്‍ത്തിപ്പിക്കാനും പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണവശാലും പൂന്തുറക്കാര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവിറക്കി. മാത്രമല്ല പൂന്തുറയിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വക്ക് റസ്പോണ്‍സ് ടീമിനെ നിയമിച്ചു. ചരക്ക് വാഹന ഗതാഗതം, വെള്ളം വൈദ്യുതി തുടങ്ങി പൂന്തുറയിലെ എല്ലാ കാര്യങ്ങളും ഇവരുടെ നിരീക്ഷണത്തിലാക്കി.
undefined
"നഗരത്തില്‍ നിന്ന് വ്യത്യസ്തമായി അന്നന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ പൊടുന്നനെയുള്ള നിയന്ത്രണം കൊണ്ടുവന്നത്. തീരദേശത്ത് കൊവിഡിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ സാധാരണ ജീവിതത്തെ ബാധിച്ചിരുന്നു. കൊവിഡ് ഭീഷണിയും സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ നരകയാതനയിലൂടെ കടന്നുപോകുന്നു. കടലില്‍ പോകാനോ മീന്‍ പിടിക്കാനോ മീന്‍വില്‍ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളത് അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണവും പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉയരുന്നു" എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
undefined
എന്നാല്‍ പൂന്തുറയില്‍ പ്രശ്നമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആരോപിച്ചു. മഹാപ്രളയത്തില്‍ എല്ലാം മറന്ന് സ്വന്തം സൈന്യമായി രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് തീരദേശക്കാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിന് മുതിരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
ജൂലൈ 12പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ട്വിറ്റ് ചെയ്തു. ഇത് സംബന്ധിച്ച് ഡിജിപിക്ക് കത്തയച്ചായും അവര്‍ പറഞ്ഞു. എന്നാല്‍, ജൂലൈ പത്താം തിയതി ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട സ്ഥിതിവിശേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇന്നലെ പൂന്തുറയില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്. പൂന്തുറയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും വാഹനത്തെ പൂഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറക്കാര്‍ എതിരേറ്റത്. തങ്ങളുടെ ആശങ്കമൂലമാണ് സംഘര്‍ഷം ഉണ്ടായതെന്നും ആശങ്കകള്‍ പരിഹരിച്ചതിനാല്‍ ഇനി അങ്ങയുണ്ടാകില്ലെന്നും അവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു.
undefined
പൂന്തുറയിലെ ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നു.
undefined
പൂന്തുറയിലെ ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നു.
undefined
ജൂലൈ 13ടലില്‍ നിന്ന് മീന്‍ പിടിക്കാനും അത് സര്‍ക്കാറിന്‍റെ ആരോഗ്യനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍നിന്ന് വിപണനം നടത്താനും മത്സ്യഫെഡ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുമെന്നാണ് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തില്‍ പറഞ്ഞു. എന്നാല്‍, അപ്പോഴേക്കുംട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിച്ച് ആറ് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രതിദിന വരുമാന മാര്‍ഗ്ഗങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പൂന്തുറ പോലെയുള്ള കേരളത്തിലെ തീരദേശ ഗ്രാമങ്ങളെ മഹാമാരിയുടെ കാലത്ത് പ്രത്യേക കരുതലേടെ പരിഗണിക്കേണ്ടതിന്‍റെ ആവശ്യകതയാണ് പൂന്തുറയിലെ പ്രശ്നം വിരല്‍ ചൂണ്ടുന്നത്.
undefined
click me!