എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് മുന്നിലെ ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു, വൈകീട്ടോടെ പൊളിച്ച് നീക്കും

First Published Aug 26, 2021, 3:19 PM IST

റണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ഒരു നില കെട്ടിടം രണ്ടായി വിണ്ട്  മാറുകയും തുടര്‍ന്ന് ചെരിയുകയുമായിരുന്നു. കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന കെട്ടിടമാണ് ചെരിഞ്ഞത്. കെട്ടിടത്തിന്‍റെ ഭിത്തികള്‍ തകർന്ന നിലയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള നില കെട്ടിടമാണ് ഇന്ന് രാവിലെ 10.30 ഓടെ തകര്‍ന്നത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത്. 

രാവിലെ പത്തരയോടെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കെട്ടിടത്തിന് വിള്ളലുകള്‍ കണ്ടത്. 

ആദ്യം ചെറിയ വിള്ളലുകള്‍ കണ്ടിരുന്നു. ചില ശബ്ദങ്ങളും കേട്ടു. എന്നാല്‍ ഇത് കാര്യമാക്കിയിരുന്നില്ലെന്നും എന്നാല്‍ കടയ്ക്ക് പുറത്ത് നിന്നവര്‍, കാര്യം പ്രശ്നമാണെന്ന് പറഞ്ഞപ്പോഴാണ് കടയ്ക്ക് പുറത്തിറങ്ങി നോക്കിയതെന്ന് സംഭവ സമയം കടയിലുണ്ടായിരുന്നയാള്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കൂടി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവരെ എല്ലാം ഒഴിപ്പിച്ചു. ആർക്കും പരിക്കുകളില്ല. 

എറണാകുളം നോര്‍ത്ത് റെയില്‍ വേ സ്റ്റേഷന് മുന്നിലുള്ള റോയല്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മുകള്‍ ഭാഗമാണ് വിണ്ടുകീറിയ നിലയിലുള്ളത്. 

രാവിലെയാണ് സംഭവമെന്നതിനാൽ കൂടുതൽ ജോലിക്കാർ കെട്ടിടത്തിലുണ്ടായിരുന്നില്ല.  ഫയർഫോഴ്സ് സംഘവും ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു. കെട്ടിടത്തിന് 60 വർഷത്തിലധികം പഴക്കമുണ്ടെന്നും പുതിയ ഷോപ്പിംഗ് ക്ലോ൦പ്ല്ക്സ് പണിയാനായി ഇരിക്കുകയാണെന്നും അതിനാല്‍ പെട്ടെന്ന് കെട്ടിടം പൊളിച്ച് നീക്കാതിരുന്നതെന്നും കെട്ടിടം ഉടമ നൂറുദ്ദീൻ മേത്ത൪ പറഞ്ഞു.

കാലപ്പഴക്കം കാരണമാണ് കെട്ടിടം ചെരിഞ്ഞതെന്ന് ടി ജെ വിനോദ് എ൦എൽഎ പറഞ്ഞു. ചെരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കിൽ സമീപത്തെ കെട്ടിടങ്ങൾക്കു൦ ഭീഷണിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കൂടുതല്‍ മുന്‍കരുതലുകളെടുത്ത ശേഷം കെട്ടിടം പൊളിച്ച് നീക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ശക്തമായ മഴയോ കാറ്റോ വന്നാല്‍ അത് കൂടുതല്‍ അപകടമാകാനും സാധ്യതയുണ്ട്. 

തകര്‍ന്ന കെട്ടിടത്തിന്‍റെ സമീപത്തെ കടകളില്‍ നിന്നുള്ളവരെയും ഒഴിപ്പിച്ചു. കെട്ടിടത്തിനകത്ത് നിന്ന് ഗ്യാസ് കുറ്റികളുള്‍പ്പെടെയുള്ളവ മാറ്റി. കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ല.

മേയറും എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തി. ഇന്ന് വൈകീട്ടോടെ കെട്ടിടം മുഴുവനായും പൊളിച്ച് നീക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കോര്‍പ്പറേഷന്‍. 

കോണ്‍ഗ്രസിന്‍റെ പഴയ തലമുറയുടെ സ്ഥിരം താവളമായിരുന്നു അന്ന് മാസ് ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!