ജീവിതം കൊണ്ട് തുഴഞ്ഞ് വാരിക്കൂട്ടിയ മാലിന്യങ്ങള്‍ നീക്കണം; രാജപ്പേട്ടന് ഒരു വീട് വേണം, വള്ളവും

First Published Feb 1, 2021, 11:07 AM IST

തിവ് പോലെ അതിരാവിലെ തന്നെ അരയ്ക്ക് താഴെ തളര്‍ന്ന ശരീരവും വലിച്ച് രാജപ്പേട്ടന്‍ വേമ്പനാട്ട് കായലിലേക്ക് പോയിരുന്നു. പരിസ്ഥിതി സംരക്ഷിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ തന്‍റെ പേര് കേട്ടതിന്‍റെ ആഹ്ളാദമൊന്നും അദ്ദേഹത്തിന്‍റെ മുഖത്തില്ല. എന്നത്തെയും പോലെ സാധാരണ ദിവസം. ശരീരമുയര്‍ത്തിയ പരിമിതികളെ വെല്ലുവിളിച്ച് ജീവിക്കാനായി വീട്ടില്‍ നിന്ന് വള്ളമൂന്നി വേമ്പനാട്ട് കയലിലേക്ക് തുഴഞ്ഞ് പോയതാണ് എന്‍ എസ് രാജപ്പന്‍ എന്ന രാജപ്പേട്ടന്‍. പതിനാല് വര്‍ഷമായി അദ്ദേഹം വേമ്പനാട്ട് കായലിലേക്ക് തുഴയുന്നു. മീന്‍ പിടിക്കാനല്ല. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ രാജപ്പേട്ടന്‍ വേമ്പനാട്ട് കായലില്‍ നിന്ന് മീന്‍ പിടിച്ചിട്ടില്ല. പിടിച്ചതും കോരിയെടുത്തതും നാട്ടുകാര് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. രാജപ്പേട്ടന്‍റെ ചെറിയ ശ്രമം വെമ്പനാട്ട് കായലിനെ അത്രയെങ്കിലും മലിനമാക്കുന്നതില്‍ നിന്ന് തടഞ്ഞു. അദൃശ്യമായ വലിയൊരു മാറ്റത്തിന്‍റെ തുടക്കമാണ് ആ ചെറിയ ശ്രമം. അതേ, എന്തുകൊണ്ടും രാജ്യത്തിന്‍റെ ആദരം നേടാന്‍ യോഗ്യനായ മനുഷ്യനാണ് കോട്ടയം കുമരകം, മഞ്ചാടിക്കരി സ്വദേശി എന്‍ എസ് രാജപ്പന്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്. 

ലോകം മുഴുവനും ഒരു മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു മഹാമാരിയായ പോളിയോയ്ക്കെതിരെയുള്ള കുട്ടികള്‍ക്കായി കൊടുക്കുന്ന പോളിയോ വാക്സിന്‍ വിതരണം നടന്നത്. അതേ ദിവസം തന്നെയാണ് പ്രധാനമന്ത്രി തന്‍റെ മന്‍കി ബാത്തില്‍ ശാരീരികാവശതകളുള്ള രാജപ്പനെ കുറിച്ച് പറഞ്ഞതും.
undefined
ശാരീരിക അവശതകളുണ്ടെങ്കിലും വേമ്പനാട്ട് കായലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന എന്‍ എസ് രാജപ്പന്‍ രാജ്യത്തിന് തന്നെ ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി തന്‍റെ മന്‍കി ബാത്തില്‍ പറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
undefined
വയസെത്രയെന്ന് ചോദിച്ചാല്‍ 72 ന്ന് പറയും. 14 വര്‍ഷമായി വേമ്പനാട്ട് കായലാണ് രാജപ്പേട്ടന് എല്ലാം. അരയ്ക്ക് താഴെ തളര്‍ന്നത് കൊണ്ട് മറ്റുള്ളവരെ പോലെ എല്ലാ ജോലിയും ചെയ്യാന്‍ കഴിയില്ല.
undefined
മഞ്ചാടിക്കരിയില്‍ വേമ്പനാട്ട് കായലിനരികിലെ വീട്ടില്‍ കഴിഞ്ഞവര്‍ഷം വരെ അവിവാഹിതനായ രാജപ്പന്‍ ഒറ്റയ്ക്കായിരുന്നു ജീവിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ വീട് പോയി. പിന്നെ പെങ്ങളുടെ വീട്ടിലേക്ക് മാറി.
undefined
undefined
അപ്പോഴൊക്കെ അവനവന് ആവശ്യമുള്ളത് കണ്ടെത്താന്‍ രാജപ്പന്‍ എന്നും ശ്രദ്ധിച്ചിരുന്നു. വീട്ടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പരിമിതികളില്‍ നിന്ന് കൊണ്ട് തന്നെ തന്നാല്‍ കഴിയാവുന്നതെല്ലാം രാജപ്പന്‍ ചെയ്തു.
undefined
പതിനാല് വര്‍ഷം മുമ്പ് ഒരു വള്ളം വാടകയ്ക്കെടുത്ത് വേമ്പനാട്ട് കായലിലേക്ക് തുഴയാന്‍ തുടങ്ങിയതാണ് രാജപ്പന്‍. കായലിലെ മാലിന്യങ്ങള്‍ പ്രത്യേകിച്ചും പ്ലാസ്റ്റിക്ക് മാലിന്യം വലിച്ച് വള്ളത്തില്‍ കയറ്റും.
undefined
undefined
പിന്നെ അതും കൊണ്ട് ഏതെങ്കിലും ആക്രക്കടയില്‍ കൊടുക്കും അവിടെ നിന്നും കിട്ടുന്ന ചില്ലറകളായിരുന്നു രാജപ്പന്‍റെ ജീവിത വരുമാനം. ശാരീരിക പരിമിതി മൂലം അധിക ദൂരമൊന്നും വള്ളം തുഴയാന്‍ രാജപ്പനാകില്ല.
undefined
അധികവും വീടിന് ചുറ്റുമുള്ള കായല്‍പ്പരപ്പില്‍ നിന്ന് തന്നെ വള്ളം നിറയാനുള്ള പ്ലാസ്റ്റ്ക്ക് കിട്ടും. വല്ലപ്പോഴും ദൂരേയ്ക്ക് തുഴഞ്ഞ് പോകും. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് തിരികെയെത്താന്‍ കഴിയില്ല. രാത്രിയായാല്‍ വഴി കാണാതെ പോകും.
undefined
undefined
സന്ധ്യമയങ്ങി കാഴ്ച മങ്ങിയാല്‍ ഏതെങ്കിലും പാലത്തിനടിയില്‍ വള്ളം പിടിച്ച് കെട്ടും. അന്ന് രാത്രി അവിടെ കിടക്കും. പിന്നേറ്റ് നേരം വെളുക്കുമ്പോള്‍ കിട്ടിയ പ്ലാസ്റ്റിക്കുകളുമായി വള്ളവുമായി തിരികെ വീട്ടിലെത്തും.
undefined
കായലിലെ പ്ലാസ്റ്റിക് മാലിന്യം വിറ്റാല്‍ ഒരു വയറ് ഒരു നേരം കഴിഞ്ഞാലായി. അത്രമാത്രം. പക്ഷേ, അതിലേറെ തന്‍റെ സ്വന്തമായ കായല്‍ വൃത്തിയായിക്കിടക്കും. അതിലാണ് രാജപ്പേട്ടന് സന്തോഷം.
undefined
undefined
ആളുകള് വരും പോകും. പോകുമ്പോള്‍ പലതും കളയും. പക്ഷേ അത് നാടിന് കേടാണ്. അത് വാരിക്കളഞ്ഞില്ലെങ്കില്‍ കായല് നശിക്കും. ഇതൊന്നും ആരും രാജപ്പേട്ടനെ പഠിപ്പിച്ചതല്ല.
undefined
ജീവിതത്തിലെ എല്ലാ നിമിഷവും കായല് മാത്രം കണ്ട് ജീവിച്ച ഒരു മനുഷ്യന്‍റെ സ്വന്തം കാഴ്ചപ്പാടാണ്. അവിടെയാണ് രാജപ്പേട്ടന്‍ വ്യത്യസ്തനാകുന്നത്. പരിസ്ഥിതി സംരക്ഷിക്കാന്‍ വാദിക്കുമ്പോഴും അവസാനം പ്ലാസറ്റ്ക്ക് റോഡിലേക്ക് തന്നെ വലിച്ചെറിയുന്ന നമ്മളില്‍ നിന്നും എത്രയോ ഉയരെയാണ് രാജപ്പന്‍.
undefined
undefined
ടിവിയില്‍ പ്രധാനമന്ത്രി തന്നെ കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ വാര്‍ഡ് അംഗത്തിന്‍റെ തോളിലുരുന്നാണ് രാജപ്പന്‍ അടുത്ത വീട്ടിലേക്ക് പോയത്. 'പ്രധാനമന്ത്രി തന്‍റെ പേര് പറയുന്നത് കേട്ടപ്പോള്‍ തന്നെ കുറിച്ചാണ് പറയുന്നതെന്ന് മനസിലായി. സന്തോഷം തോന്നി' അത്രമാത്രം.
undefined
രാജപ്പന്‍ വീണ്ടും വേമ്പനാട്ട് കായലിലേക്ക് തോണി തുഴഞ്ഞു. അന്നന്നത്തേക്കുള്ള അന്നത്തിനായി. ഒരാഗ്രഹം മാത്രം ബാക്കി വച്ച്. മരിക്കും മുമ്പ് സ്വന്തമായൊരു വീട്, പിന്നെ വാടക കൊടുക്കാതെ സ്വന്തമായൊരു വള്ളം. വേമ്പനാട്ട് കായലിലേക്ക് ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴികു വരുന്നു. അതെടുത്ത് കളയാന്‍ രാജപ്പേട്ടനല്ലാതെ മറ്റാരാണുള്ളത്...
undefined
click me!