തോട് റോഡാക്കി; മുങ്ങി ജീവിച്ച് ഇരുപത് കുടുംബങ്ങൾ

First Published Jul 7, 2019, 4:22 PM IST

ചില വ്യക്തി താല്‍പര്യങ്ങള്‍ ചുറ്റുമുള്ളവരെ എങ്ങനെയാണ് ദുരിതത്തിലാക്കുകയെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പാണ്ടിപ്പറമ്പിലെ ഇരുപത് കുടുംബങ്ങളുടെ ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുതായി എത്തിയവര്‍ ഒരു നാട്ടിലൂടെ ഒഴുകുന്ന തോടിന് തടയിട്ടു. ഒഴുകാന്‍ വഴിയില്ലാതായപ്പോള്‍ വെള്ളം കിട്ടിയേടത്ത് കേറി നിറഞ്ഞു. മഴ പെയ്താല്‍ എട്ട് മാസം പാണ്ടിപ്പറമ്പിലെ ഇരുപത് കുടുംബങ്ങള്‍ മുട്ടോളം വെള്ളത്തിലാണ് ജീവിക്കുന്നത്. കുഞ്ഞു കുട്ടികളുണ്ട്. പക്ഷാഘാതം വന്ന പ്രായമായ മുത്തശ്ശിമാരുണ്ട്. നഗരസഭയും അധികാരികളുമുണ്ട്. പക്ഷേ... കാര്യത്തിലിടപെടാന്‍ സമയമായില്ലെന്നാണ് അധികാരികളുടെ ഭാവം. ചിത്രങ്ങള്‍ ഷെഫീക്ക് മുഹമ്മദ്, ഏഷ്യാനെറ്റ് ന്യൂസ്. 

തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പാണ്ടിപ്പറമ്പ് റോഡിലെ അജയനും ഭാര്യ ഷീബയുമാണ് ചിത്രത്തില്‍. നിങ്ങള്‍ കരുതും പോലെ ഇത് കഴിഞ്ഞ പ്രളയകാലത്തെ ചിത്രമല്ല. ഇന്നലെ... അല്ല ഇന്നും അജയനും ഭാര്യയും ഈ വെള്ളത്തില്‍ തന്നെയാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്.
undefined
അജയനും ഭാര്യയും മാത്രമല്ല, കഴിഞ്ഞ വര്‍ഷം നവംബറില്‍ പക്ഷാഘാതം വന്ന് തളര്‍ന്ന് കിടക്കുന്ന അജയന്‍റെ 85 കാരിയായ അമ്മയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകനും ഈ വെള്ളക്കെട്ടിലാണ് ജീവിക്കുന്നത്. അല്ല അജയന്‍റെ കുടുംബത്തെ പോലെ ഇരുപത് കുടുംബങ്ങളാണ് ഈ വെള്ളക്കെട്ടില്‍ നരകജീവിതം ജീവിച്ചു തീര്‍ക്കുന്നത്.
undefined
പെട്ടെന്ന് ഒരു ദിവസം രൂപപ്പെട്ടതല്ല ഈ വെള്ളക്കെട്ട്. മഴ വെള്ളം ഒഴുകിപോകാനായി പരമ്പരാഗതമായി ഒരു തോട് ഈ വഴിയുണ്ടായിരുന്നു. കണ്ണംകുളങ്ങര പാണ്ടിപ്പറമ്പിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന് പോകാനായി ഒരു തോട്.
undefined
മഴക്കാലത്ത് തോട്ടില്‍ കൂടി വെള്ളം ഒഴുകി പോകും. വേനല്‍ കാലത്ത്, കാട് കേറും. വീണ്ടു മഴക്കാലമാകുമ്പോഴേക്കും വെള്ളം ഒഴുകിത്തുടങ്ങും. പറമ്പുകളില്‍ വെള്ളം കെട്ടിക്കിടക്കില്ലായിരുന്നു. ഇതായിരുന്നു ഓര്‍മ്മവെച്ച കാലം മുതല്‍ ഇവിടെത്തെയവസ്ഥയെന്ന് അജയന്‍ പറയുന്നു.
undefined
എന്നാല്‍ കാലക്രമേണ പുതിയ വഴികള്‍ രൂപപ്പെട്ടു. ചുറ്റുപുറവും പുതിയ വീടുകള്‍ ഉയര്‍ന്നു. അജയന്‍റെ വീടിന് തെക്ക് മൂന്നൂറ് മീറ്ററോളം മാറി പുതിയ കുറച്ച് വീടുകള്‍ ഉയര്‍ന്നു. അവര്‍ക്ക് വഴിക്കായി മുപ്പത് മീറ്ററോളം നീളമുണ്ടായിരുന്ന തോടിന്‍റെ പതിനഞ്ചോളം മീറ്റര്‍ മണ്ണിട്ട് നികത്തി റോഡ് ഉണ്ടാക്കി.
undefined
അന്നു മുതല്‍ പണ്ടിപ്പറമ്പിലെ വെള്ളം അജയനും കുടുംബവും മറ്റ് ഇരുപതോളം കുടുംബങ്ങളും ജീവിക്കുന്ന പ്രദേശത്ത് കെട്ടിക്കിടക്കാന്‍ തുടങ്ങി. പ്രശ്നം രൂക്ഷമായപ്പോള്‍ 1999 ല്‍ നഗരസഭ റോഡിനടിയില്‍ക്കൂടി പൈപ്പ് ഇട്ടുകൊടുത്തു.
undefined
പക്ഷേ വീണ്ടും വീടുകള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. ബാക്കിയുണ്ടായിരുന്ന തോട്, റോഡിനും തെങ്ങിന്‍ തോപ്പിനുമായി വഴിമാറി. വീട് വെച്ചവര്‍ സ്വന്തം വീടിന്‍റെ ഭംഗി മാത്രം നോക്കി.
undefined
തൊട്ട് അയല്‍പക്കത്തുള്ള വീടുകള്‍ മുങ്ങുന്നത് അവര്‍ കണ്ടില്ലെന്ന് നടിച്ചു. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ നഗരസഭയും 'നാളെ നാളെ... നീളെ നീളെ...' എന്ന് പാടി.
undefined
ഇരുപത് കുടുംബങ്ങള്‍ മൂന്നുവര്‍ഷമായി ഈ ദുരിതം സഹിക്കുന്നു. ജൂണില്‍ മഴ തുടങ്ങിയാല്‍ പിന്നെ എട്ട് മാസത്തേക്ക് വെള്ളക്കെട്ടാണ്. അടുത്ത വര്‍ഷം ഫെബ്രുവരി കഴിയണം ഒരു തരി മണ്ണ് കാണാനെന്ന് അജയന്‍റെ ഭാര്യ ഷീബ പറയുന്നു.
undefined
അജയന്‍ വെല്‍ഡിങ്ങ് പണിക്കാരനായിരുന്നു, മൂന്ന് വര്‍ഷം മുമ്പ്. ഇപ്പോള്‍ നട്ടെല്ലിന് പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതെയായി. അജയന്‍റെ അമ്മയും അജയനൊപ്പമാണ് താമസം. അമ്മ കഴിഞ്ഞ നവംബറില്‍ പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മ കിട്ടക്കുന്ന കട്ടിലിന്‍റെ കാല് വര്‍ഷത്തില്‍ എട്ട് മാസം വെള്ളത്തിലാണ്.
undefined
എന്നാല്‍ പിന്നെ ഒഴിഞ്ഞ് പോയിക്കൂടെ എന്ന് ചോദിക്കുന്നവരോട് .... ഷീബ നഗരത്തില്‍ കടകളിലെ കലക്ഷന്‍ ഏജന്‍റായി കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് വേണം അമ്മയ്ക്കും അജയനുമുള്ള മരുന്ന് വാങ്ങാന്‍. മകന് പ്ലസ്ടു പഠനം തുടരാന്‍. അതിനിടെ ഈ വെള്ളക്കെട്ടില്‍ നിന്ന് എങ്ങനെ പുറത്തുപോകുമെന്ന് അജയന്‍ ചോദിക്കുന്നു. ഈ ഭൂമി ഇനിയാര് വാങ്ങുമെന്നും.
undefined
മഴ വെള്ളം കെട്ടി നിര്‍ത്തരുതെന്നും പരിസരം ശുചിയായി സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ പരസ്യം ചെയ്യും. പക്ഷേ, കണ്ണംകുളങ്ങര പാണ്ടിപ്പറമ്പ് പ്രദേശത്തെ, തൃപ്പൂണിത്തുറ നഗരസഭ ഇക്കാര്യത്തില്‍ നിന്ന് ഒഴിവാക്കിയാതായിവേണം കരുതാന്‍. വെള്ളക്കെട്ടിന്‍റെ പ്രശ്നവുമായി നഗരസഭയെ കാണാന്‍ പോയാല്‍ അവരുടെ മനോഭാവം അങ്ങനെയായിരിക്കുമെന്ന് അജയന്‍.
undefined
കഴിഞ്ഞ പ്രളയത്തില്‍ വീട് മിക്കവാറും മുങ്ങി. മകന്‍ അഭിജിത്ത് പത്താം ക്ലാസിലായിരുന്നു അപ്പോള്‍. അവന്‍റെ പാഠപുസ്തകം ഒന്നടക്കം ഒഴുകിപ്പോയി. ജീവനും കൈയില്‍ പിടിച്ച് ഓടുമ്പോള്‍ പുസ്തകം നോക്കിയിരിക്കാനാകില്ലല്ലോ.
undefined
പിന്നെ അവന്‍റെ കൂട്ടുകാരെല്ലാവരും കൂടി നോട്ട് പകര്‍ത്തി കൊടുത്തും പുസ്തകം കടം വാങ്ങിയുമാണ് പഠിച്ചത്. എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ അഭിജിത്തിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. അവന് പഠിക്കാന്‍ ഇഷ്ടമുള്ളിടത്തോളം പഠിപ്പിക്കണം. പക്ഷേ... ഈ വെള്ളക്കെട്ടില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് ... ? അജയന്‍ ചോദിക്കുന്നു.
undefined
ചിത്രങ്ങള്‍: ഷെഫീക്ക് മുഹമ്മദ്, ഏഷ്യാനെറ്റ് ന്യൂസ്.
undefined
click me!