ഒരോ കാലത്തും വ്യവസ്ഥിതിയെ സാധാരണ ജനങ്ങള്‍ വെല്ലുവിളിച്ചിരുന്നത്, വ്യവസ്ഥിതിയെതന്നെ കളിയാക്കിക്കൊണ്ടായിരുന്നു. ഇത്തരം കളിയാക്കലുകളുടെ ചരിത്രം മലയാളഭാഷയില്‍ രേഖപ്പെടുത്തി തുടങ്ങുന്നത് തോല കവിയില്‍ നിന്നാണ്. പിന്നീട് കുഞ്ചന്‍ നമ്പ്യാരിലൂടെ വളര്‍ന്ന് സഞ്ജയനിലൂടെ, വികെഎന്നിലൂടെ പന്തലിച്ച ഹാസ്യശാഖയാണ് മലയാളത്തിലെ ഹാസ്യസാഹിത്യം. ടെലിവിഷന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രക്ഷേപണം ചെയ്യപ്പെട്ട 'മുന്‍ഷി' എന്ന ഏഷ്യാനെറ്റ് പരമ്പരയും ഇതിന്‍റെ തുടര്‍ച്ചയായി കാണാം. എന്നാല്‍ പുത്തന്‍ സമൂഹ്യമാധ്യമങ്ങളുടെ കാലത്ത് ഹാസ്യാവതരണത്തിന് പുതിയ രീതിശാസ്ത്രങ്ങള്‍ സ്വാഭാവികമായും ഉടലെടുക്കുന്നു. സിനിമകളുടെ ചില നിമിഷങ്ങള്‍, ചില ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നു തുടങ്ങി ചിത്രങ്ങളുടെ ചേര്‍ത്തുവെക്കലിലൂടെ പുതിയ ഹാസ്യരൂപത്തിന് തന്നെ തുടക്കം കുറിക്കുന്നു. 'മീം' എന്ന പേരില്‍ അറിയപ്പെടുത്ത ഇത്തരം ഹാസ്യരൂപങ്ങളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനോപാധി. ട്രോള്‍ മീമുകള്‍ പരമ്പരാഗത ഫലിതത്തിന്‍റെ നവരൂപമാണെന്നതില്‍ സംശയമില്ല. മറ്റൊരാളെ കളിയാക്കുന്നത് എന്നും ഇഷ്ടപ്പെടുന്ന നമ്മള്‍ സ്വയം കളിയാക്കലുകളെ അത്രയ്ക്കങ്ങോട്ട് അനുവദിച്ചു കൊടുക്കാറുമില്ല. തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ രൂപികരിച്ച എസ്ആര്‍ജിപിടിസി എന്ന ട്രോള്‍ ഗ്രൂപ്പ് അഡ്മിന് സംഭവിച്ചതും മറ്റൊന്നല്ല. ഗ്രൂപ്പ് അഡ്മിനായ അരവിന്ദ് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥി പോളിടെക്നിക്കില്‍ നിന്ന് പഠിച്ചിറങ്ങിയത് ഈ വര്‍ഷമാണ്. എസ്ആര്‍ജിപിടിസി എന്ന ഗ്രൂപ്പിലെ പ്രധാന വിഷയം പോളിടെക്നിക്കിലെ ചെറിയ തമാശകളാണ്. പലപ്പോഴും അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ ഗ്രൂപ്പില്‍ ട്രോള്‍ മീമുകളായി മാറാറുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്നത് വരെ അരവിന്ദിനോട് ആരും ഗ്രൂപ്പ് നിര്‍ത്തണമെന്നോ സൂക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ പഠനശേഷം സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി പോളിടെക്നിക്കിലെത്തിയ അരവിന്ദിന് 'നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍' പ്രധാനാധ്യാപകന്‍ തയ്യാറായില്ല. പകരം സ്വാഭാവ ഗുണം രേഖപ്പെടുത്തേണ്ട കോളത്തില്‍ 'തൃപ്തികരമല്ല' എന്നാണ് എഴുതി നല്‍കിയത്. ഇത് ചോദിക്കാനെത്തിയ അരവിന്ദന്‍റെ അച്ഛനും മുല്ലശ്ശേരി ഗവ.എച്ച്എസ്എസിലെ സീനിയര്‍ അധ്യാപകനായ എന്‍ കൃഷ്ണശര്‍മ്മയോട് പ്രധാന അധ്യാപകന്‍ പറഞ്ഞത് " അരവിന്ദ് നല്ല പയ്യനാണ്. പക്ഷേ സ്വാഭാവ ഗുണം അത്ര നല്ലതല്ല' എന്നായിരുന്നു. തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളുടെ ട്രോള്‍ പേജിലെ മീമുകള്‍ കാണാം.