T Sivadasa Menon: അച്ചടക്കം പഠിപ്പിച്ച മാഷിന് വിട പറഞ്ഞ് അണികള്‍

Published : Jun 28, 2022, 04:23 PM ISTUpdated : Jun 28, 2022, 04:31 PM IST

മുൻ മന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ ടി ശിവദാസ മേനോൻ  (T. Sivadasa Menon) അന്തരിച്ചു. 90 -ാം വയസായിരുന്ന അദ്ദേഹത്തെ ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു അദ്ദേഹം. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തു. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും അദ്ദേഹത്തിന്‍റെ കീഴിലായിരുന്നു. 'ചെങ്കൊടിക്ക് മേലെ പറക്കാൻ ആര്‍ക്കും അധികാരം ഇല്ലെ'ന്ന് പാര്‍ട്ടി അണികളെ പറഞ്ഞ് പഠിപ്പിച്ച അധ്യാപകനാണ് വിടവാങ്ങിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ പ്രതീഷ് കപ്പോത്ത്, ജിജോ എം എ. 

PREV
111
T Sivadasa Menon: അച്ചടക്കം പഠിപ്പിച്ച മാഷിന് വിട പറഞ്ഞ് അണികള്‍

മണ്ണാർക്കാട് സ്കൂളിൽ മാഷായിരുന്ന ടി.ശിവദാസ മേനോന്, ഇരുപത്തിയഞ്ചാം വയസ്സിൽ ഹെഡ് മാസ്റ്ററായിരുന്ന അപൂർവ റെക്കോ‍‍ർഡുണ്ട്. അധ്യാപക സംഘടനാ പ്രസ്ഥാനത്തിലൂടെ പാർട്ടി അമരത്തെത്തിയ ശിവദാസ മേനോൻ പാർട്ടിയിൽ എല്ലാവർക്കും 'പ്രിയപ്പെട്ട മാഷാ'യിരുന്നു. 

 

211

മാനേജ്മെന്‍റിന്‍റെ ചൂഷണത്തിനെതിരെ അധ്യാപകരെ സംഘടിപ്പിച്ചാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ശിവദാസ മേനോന്‍റെ രംഗപ്രവേശനം. 30 വര്‍ഷത്തെ അധ്യാപനത്തിനിടെയില്‍ സ്വകാര്യ അധ്യാപകര്‍ അനുഭവിക്കുന്ന ചൂഷണത്തെ നേരിടാനായി കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്‍ എന്ന സംഘടന സ്ഥാപിച്ചു. 

 

311

ആശയ വ്യക്തതയുള്ള പാർട്ടി ക്ലാസുകൾ, നർമ്മം കലർന്ന സംഭാഷണ ശൈലി, പരന്ന വായനയും അറിവും, നല്ല ഇംഗ്ലീഷ് പ്രാവീണ്യം, എല്ലാവരെയും സമഭാവനയോടെ കാണാനുള്ള പ്രത്യേക കഴിവ്. ശിവദാസ മേനോന്‍ അണികള്‍ക്കും നേതാക്കള്‍ക്കും വളരെ വേഗം പ്രിയപ്പെട്ടവനായി. 

 

411

സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 55 മത്തെ വയസ്സില്‍ 1987 ൽ മലമ്പുഴയിൽ നിന്ന് ശിവദാസ മേനോന്‍, ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ.തങ്കപ്പനെ തോല്‍പ്പിച്ചു. എന്നാല്‍, നിയമസഭയിലേക്ക് പ്രവേശിക്കും മുമ്പേ അദ്ദേഹത്തെ മന്ത്രിയായി തെരഞ്ഞെടുത്തെന്ന വിളി പാര്‍ട്ടി ആസ്ഥാനത്ത് നിന്നുമെത്തി. 

 

511

മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. 1987 -ലും '96-ലും മന്ത്രിയായി, '91 ല്‍ പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പ് ടി.ശിവദാസ മേനോനായിരുന്നു.'87  -ല്‍ നായനാര്‍ മന്ത്രിസഭയില്‍  വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തു. '96 ല്‍ മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും ശിവദാസ മേനോന്‍റെ കീഴിലായിരുന്നു.  

 

611

1999 ല്‍ കേരളത്തില്‍ 'കിഫ്ബി' ക്ക് (KIIFB) തുടക്കം കുറിക്കുന്നത് ശിവദാസ മേനോന്‍റെ കാലത്താണ്. 2000 ല്‍ കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ മദ്യ ദുരന്തം നടക്കുമ്പോള്‍ ശിവദാസ മേനോൻ ആയിരുന്നു എക്സൈസ് മന്ത്രി. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർക്കൊപ്പം ടി.ശിവദാസ മേനോനും അക്കാലത്ത് വാർത്താസമ്മേളനത്തിന് വരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. 

 

711

പാർലമെന്‍ററി രംഗം വിട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ എകെജി സെന്‍ററിന്‍റെ ചുമതല ശിവദാസ മേനോനായി. നിരവധി ജനകീയ പ്രക്ഷോഭങ്ങൾ, പൊലീസ് മർദ്ദനങ്ങൾ, തർക്കങ്ങൾ, വാഗ്വാദങ്ങൾ... അങ്ങനെ ശിവദാസ മേനോൻ രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞു നിന്നു, പലതവണ. 

 

811

വിഎസ്-പിണറായി വിഭാഗീയതയിൽ പിണറായി വിജയന്‍റെ വലംകൈ ആയിരുന്നു ശിവദാസ മേനോൻ. വിഎസിനെതിരെ ആരും പരസ്യമായി പ്രതികരിക്കാതിരുന്ന കാലത്ത് അദ്ദേഹം പലവട്ടം വിഎസിനെ തള്ളിപ്പറഞ്ഞു.

 

911

'പാർട്ടി വിരുദ്ധർക്ക് പാർട്ടിക്കകത്തല്ല സ്ഥാനം, പാർട്ടിക്ക് പുറത്താണ്', 'ആരായാലും എത്ര വലിയ നേതാവായാലും പാർട്ടിക്ക് അതീതനല്ല', 'മനുഷ്യനാണ് തെറ്റുപറ്റാം പക്ഷേ, പാർട്ടി തിരുത്തിയാൽ പാർട്ടിക്കൊപ്പം വരണം', 'ചെങ്കൊടിക്ക് മേൽ പറക്കാൻ ആർക്കും അധികാരമില്ല'... അദ്ദേഹം വിഎസിനോട് പറഞ്ഞ അക്കാലത്ത് ആഘോഷിക്കപ്പെട്ട രാഷ്ട്രീയ പ്രയോഗങ്ങളില്‍ ചിലതാണ്. 

 

1011

അദ്ദേഹം അണികളോട് പറ‍ഞ്ഞു, 'അച്ചടക്കമാണ് എല്ലാത്തിലും മീതെ' എന്ന്. പാർട്ടി അണികളെ അച്ചടക്കം പഠിപ്പിച്ച ആ മാഷിനെയാണ് ഇന്ന് സിപിഎമ്മിന് നഷ്ടമാകുന്നത്. ആ കാർക്കശ്യമാണ് എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് കൈമാറാൻ അദ്ദേഹത്തെ സഹായിച്ചത്. അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചു. മൂന്ന് തവണ മത്സരിച്ചെന്നും ഇനി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും പറഞ്ഞ് അദ്ദേഹം സ്വയം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

 

1111

കർക്കശക്കാരനായ പൊതുപ്രവർത്തകനായാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. അധ്യാപകന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി, എംഎല്‍എ, മന്ത്രി എന്നീ നിലകളിലെല്ലാം പാര്‍ട്ടിയിലും ഭരണത്തിലും ശിവദാസ മേനോന്‍ ശക്തമായ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയുടെ വിശ്വസ്തനായ മാഷായിരുന്നു അദ്ദേഹം. ഭാര്യ ഭവാനി അമ്മ 2003 -ൽ മരിച്ചു. മക്കൾ ടി.കെ.ലക്ഷ്മീദേവി, കല്യാണിക്കുട്ടി, മരുമക്കൾ കരുണാകര മേനോൻ, സി.ശ്രീധരൻ നായർ.

 

Read more Photos on
click me!

Recommended Stories