Mullaperiyar Dam : പാതിരാത്രിയില്‍ തുറന്നും അടച്ചും തമിഴ്നാട്, ഗതികെട്ട് പെരിയാര്‍ തീരവാസികള്‍

First Published Dec 6, 2021, 11:54 AM IST

നൂറ്റാണ്ട് പഴക്കമുള്ള ജലസംഭരണിയുടെ ഉറപ്പിനെ ചൊല്ലി ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മത്സരിക്കുമ്പോള്‍ പരിയാര്‍ തീരദേശവാസികള്‍ക്ക് ഉറക്കവും സ്വത്തും നഷ്ടമാകുന്നു. സുപ്രീംകോടതി നിര്‍ദ്ദേശമായ 142 അടിയായി മുല്ലപെരിയാര്‍ ജലസംഭരണിയിലെ വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്താനായി തമിഴ്നാട് അര്‍ദ്ധരാത്രിയോ പുലര്‍ച്ചയോ എന്നില്ലാതെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുകയാണ്. ഇത് മൂലം പെരിയാര്‍ തീരദേശത്തുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വെള്ളം കയറാമെന്ന നിലയിലായി. മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനാല്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല. അതോടൊപ്പം പകല്‍മിക്കവാറും അടച്ചിടുന്ന ഷട്ടറുകള്‍ അര്‍ദ്ധ രാത്രിക്ക് ശേഷമാണ് തമിഴ്നാട് തുറക്കുന്നതെന്നതും ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചിത്രങ്ങളും വിവരണവും കെ വി സന്തോഷ് കുമാര്‍. 
 

"കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റുന്നില്ലെന്ന് നദീതീരവാസികള്‍ പറയുന്നു. ഇന്നലെ പാതിരാത്രി മുതല്‍ നദിയില്‍ വെള്ളമുയരാന്‍ തുടങ്ങി പാതിരാത്രിയായപ്പോള്‍ വീടിന്‍റെ പടി കടന്നും വെള്ളം കയറി. ഒടുവില്‍ രണ്ട് മണിയായപ്പോള്‍ അല്പം കുറഞ്ഞു. എന്നാല്‍, പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെളളം ഉയര്‍ന്നു. ഈയൊരു അവസ്ഥയില്‍ തങ്ങളെങ്ങനെ വീട്ടില്‍ സമാധാനമായി കിടന്നുറങ്ങു"മെന്ന് മഞ്ചുമല ആറ്റോരത്ത് വീടുള്ള മോഹനന്‍ ചോദിക്കുന്നു. 

'ഈയൊരു അവസ്ഥയില്‍ ഒരാഴ്ചയായി പണിക്ക് പോയിട്ടെന്നും മോഹനന്‍ പറയുന്നു. വരുമാനവും നിലച്ചു. വാടക വീടാണ്. പണിയില്ല. വാടക കൊടുക്കണം. വീട്ട് ചെലവുകള്‍ അതിനിടെയാണ് പാതിരാത്രിയില്‍ വീട്ടിലേക്ക് വെള്ളം കയറുന്നത്. സമാധാനമായി ഒന്ന് ഉറങ്ങാന്‍ പോലുമാകുന്നില്ലെന്നും മോഹനന്‍ പറയുന്നു. പലപ്പോഴും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോളായിരിക്കും വെള്ളം പടി കടന്ന് വീട്ടിലേക്ക് കയറുന്നത്. ഇത് കാരണം ഭക്ഷണം വെക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡിസംബര്‍ മാസത്തില്‍ നദിയിലെ വെള്ളമുയര്‍ന്ന് വീടുകളില്‍ വെള്ളം കയറി ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നത് ഒരു പക്ഷേ കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. മുല്ലപ്പെരിയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് 142 അടിയായി നിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ അതിന് മുകളിലേക്ക് ഡാമിലെ വെള്ളം സൂക്ഷിക്കുന്നതിന് തമിഴ്നാടിന് വിലക്കുണ്ട്. എന്നാല്‍ 142 ക്ക് മുകളിലേക്ക് ജലനിരപ്പുയര്‍ത്തമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യവും. ജലസംഭരണിയുടെ പഴക്കവും ബലക്ഷയവും ചൂണ്ടിക്കാട്ടി കേരളം ഇതിനെ എതിര്‍ക്കുന്നു. 

ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജലവിഭവ മന്ത്രിയും മുഖ്യമന്ത്രിയും തമിഴ്നാടിനോട് മുന്നറിയിപ്പില്ലാതെ വെള്ളം തുടര്‍ന്ന് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് തമിഴ്നാട് രാത്രിയിലും പാതിരാത്രിയിലും പുലര്‍ച്ചെയുമായി മുല്ലപ്പെരിയാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതെന്നതും ശ്രദ്ധേയം. പ്രത്യേകിച്ച് രാത്രിയില്‍ വെള്ളം തുറന്ന് വിടരുതെന്നും തുറന്ന് വിടുകയാണെങ്കില്‍ തന്നെ മുന്നറിയിപ്പില്ലാതെ തുറക്കരുതെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. 

എന്നാല്‍ കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്നത്. ഇന്നലെ വൈകുന്നരം ആറ് മണിയോടെ ഒമ്പത് ഷട്ടറുകള്‍ തുറന്ന് 7,300 ഘനയടി വെള്ളമാണ് തമിഴ്നാട് തുറന്ന് വിട്ടത്. അതിന് ശേഷം പാതിരാത്രി പതിനൊന്ന് മണിയോടെ ഒന്നൊഴികെ മറ്റെല്ലാ ഷട്ടറുകളും അടച്ചു. ഒരു ഷട്ടര്‍മാര്‍ 10 സെന്‍റീമീറ്റര്‍ തുറന്നുവച്ചു. ഇതോടൊപ്പം തമിഴ്നാട്ടിലെക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവിലും വ്യത്യാസം വരുത്തി. 1,867 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത് 1,200 ഘനയടിയായി കുറച്ചു. രണ്ടായിരം ഘനയടിയില്‍ താഴെ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് കേരളത്തിലേക്ക് 7,300 അടി വെള്ളം ഒഴുക്കുന്നതെന്നതും ശ്രദ്ധേയം. 

പുലര്‍ച്ചെ മൂന്ന് മണിയോടെ തമിഴ്നാട് വീണ്ടും മുല്ലപെരിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ തുറന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് അഞ്ച് ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. നാലരയാകുമ്പോഴേക്കും ജലസംഭരണിയിലെ ഒമ്പത് ഷട്ടറുകളും തമിഴ്നാട് തുറന്നു. ഇതില്‍ അഞ്ച് ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കി നാല് ഷട്ടറുകള്‍ 40 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്. അതായത് പുലര്‍ച്ചെ നാല് മണിക്ക് മുല്ലപ്പെരിയാറില്‍ നിന്ന് താഴ്വാരയിലേക്ക് ഒഴുകിയത് 5600 ഘനയടി വെള്ളം പെരിയാറിലൂടെ താഴ്വാരത്തിലേക്ക് കുത്തിയൊഴുകി. 

ഇതോടെ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നീ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശങ്ങള്‍ പെരിയാര്‍ നദിയോട് അടുത്തു കിടക്കുന്ന ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ജോലി വെള്ളം കയറുമ്പോള്‍ വീട്ടില്‍ നിന്ന് സാധനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കോ ഉയര്‍ന്ന പ്രദേശത്തെ ബന്ധു വീടുകളിലേക്കോ മാറിതാമസിക്കുക. വെള്ളം ഇറങ്ങുമ്പോള്‍ വീണ്ടും വീട്ടിലെത്ത് ചെളി വാരിക്കളയുകയെന്നതാണ്. 

തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതോടെ വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇന്നലെ രാത്രി മുല്ലപ്പെരിയാര്‍ തുറന്നതോടെ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നീ പ്രദേശങ്ങളിലെ പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

പാതിരാത്രിയിലും അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും തമിഴ്നാട് മുന്നറിയിപ്പുകളില്ലാതെ വെള്ളം തുറന്ന് വിടുന്നത് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ വലയ്ക്കുകയാണ്. തമിഴ്നാട് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ജില്ലാ ഭരണകൂടത്തിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. 

പലപ്പോഴും പെരിയാര്‍ തീരത്തെ ജനങ്ങള്‍ വിളിച്ച് പറയുമ്പോഴാണ് ജില്ലാ ഭരണകൂടം മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നത് അറിയുന്നത്. തന്നെ. അതിരാവലെ തമിഴ്നാട് തുറന്ന് വിട്ട ഒമ്പത് ഷട്ടറുകളില്‍ നാലെണ്ണം രാവിലെ എട്ടരയോടെ തമിഴ്നാട് അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ 30 സെന്‍റീമീറ്ററാക്കി കുറച്ചു.

ഇതോടെ മുല്ലപ്പെരിയാറിലൂടെ 2000 ഘനയടി വെള്ളം മാത്രമാണ് ഒഴുകുന്നത്. ജലനിരപ്പ് 141 അടിക്കും 142 അടിക്കും ഇടയില്‍ നിര്‍ത്താനാണ് തമിഴ്നാടിന്‍റെ ശ്രമം. ഇതിന് വേണ്ടിയാണ് തമിഴ്നാട് ഇടയ്ക്കിടയ്ക്ക് ഷട്ടര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. 

എന്നാല്‍, ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു മുന്നറിയിപ്പും തമിഴ്നാട് പാലിക്കുന്നില്ല. മാത്രമല്ല, കേരള ജലസേചന വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ തമിഴ്നാടിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് ഇക്കാര്യത്തില്‍ യാതൊരു മുന്നൊരുക്കമോ മുന്നറിയിപ്പോ നല്‍കാന്‍ തയ്യാറാകുന്നില്ല.

ഇതോടെ കേരളത്തിന്‍റെ പ്രദേശത്ത് നിലനില്‍ക്കുന്ന ഡാം കേരളത്തിലെ ജന ജീവിതത്തിന് തന്നെ ഭീഷണിയായി തീരുന്നു. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ കാര്യമായെന്നും ചെയ്യാനും കഴിയുന്നില്ലെന്നത് പെരിയാര്‍ തീരവാസികളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 

click me!