Published : Jan 15, 2021, 10:42 AM ISTUpdated : Jan 15, 2021, 01:01 PM IST
ലോകം മുഴുവനും അടച്ചിടപ്പെട്ട ഈ മഹാമാരിക്കാലത്തും കേരളത്തിന്‍റെ ബദൽ ലോകം ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് പിണറായി മന്ത്രി സഭയുടെ അഞ്ചാമത്തെ ബജറ്റവതരണം തുടങ്ങിയത്. കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ സ്നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചായാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കൊവിഡ് കാലത്തെ അവസരമായി എടുത്ത് മുന്നോട്ട് പോയ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനം ലോകം ശ്രദ്ധിച്ച മാതൃകയാണെന്ന് മന്ത്രി തോമസ് ഐസക് അവകാശപ്പെട്ടു. നിരവധി വായ്പാ പദ്ധതികളും പുനരുജ്ജീവന പദ്ധതികളും അടങ്ങിയതാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റിലെ പ്രധാനകാര്യങ്ങള്‍ ഒറ്റനോട്ടത്തിലറിയാം.