തെരുവ് നായ നിയന്ത്രണത്തിലും പ്രതിരോധത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു; കാണാം ട്രോളുകള്‍

First Published Sep 13, 2022, 4:40 PM IST

കേരളത്തില്‍ കഴിഞ്ഞ കുറച്ചേറെ നാളുകളായുള്ള സാമൂഹിക പ്രശ്നമാണ് തെരുവ് നായ ശല്യം. കേരളത്തില്‍ ഇതുവരെയായി പേ ബാധിച്ച തെരുവ് നായ കടിച്ച് ഏതാണ്ട് 21 പേര്‍ ഇതുവരെ മരിച്ചു. അതില്‍ ആറ് പേര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വാക്സിന്‍ എടുത്ത ശേഷമാണ് മരിച്ചത്. ഇതോടെ കേരളത്തിലെ തെരുവ് നായകളെ കൊന്നൊടുക്കണമെന്ന ആവശ്യം ശക്തമായി. ട്രോളന്മാരും രംഗത്തിറങ്ങി. എല്ലാവരുടെയും ആവശ്യം ഒന്നാണ്, തെരുവ് നായകളെ കൊല്ലുക. ഇതിനെതിരെ സംസാരിച്ചവരെയൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിച്ചും കേരളീയര്‍ മുന്നേറുകയാണ്. 

സത്യത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനും വഴി യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നതിനുമുള്ള കാരണങ്ങള്‍ ആരും അന്വേഷിച്ചില്ല. മറിച്ച് ഭൂരിപക്ഷവും തെരുവ് നായകളെ കൊന്നൊടാനുള്ള ആക്രോശങ്ങളായിരുന്നു എങ്ങും. 

തെരുവ് നായകളെ സംരക്ഷിക്കണമെന്നും മറ്റേതൊരു ജീവിയെയും പോലെ അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ചവരെല്ലാം നിമിഷ നേരം കൊണ്ട് 'എയറി'ലായി. പൊതു ജനം തെരുവ് നായകള്‍ക്കെതിരെ ഒന്നിച്ചു. 

എന്നാല്‍, തെരുവ് നായ ശല്യത്തിനുള്ള പ്രധാന കാരണമെന്തായിരുന്നു.? മനുഷ്യന്‍ സാമൂഹിക നിര്‍മ്മിതിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തതോടെ ഭൂമിയിലെ എല്ലാ പക്ഷി-മൃഗാദികളുടെയും സംരക്ഷകനായി സ്വയം അവരോധിതനായി. 

ഇതോടെ മനുഷ്യന്‍ മാത്രമാണ് ഈ ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും യോഗ്യനെന്നും മറ്റുള്ള ജീവികള്‍ മനുഷ്യന്‍റെ സന്തോഷത്തിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നവയാണെന്നുമുള്ള മിഥ്യാ ബോധത്തിലേക്ക് പലരും വഴുതി വീണു. 

എന്നാല്‍, ഈ ലോകത്തിലെ ഓരോ ജീവിവര്‍ഗ്ഗത്തിനും അതിന്‍റെതായ കടമകള്‍ അതാത് ജീവികള്‍ ജീവിക്കുന്നിടങ്ങളില്‍ ചെയ്യുന്നുണ്ടെന്ന് ശാസ്ത്രം പോലും ആണയിടുന്നു. 

തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായകളുടെ പ്രധാന ഭക്ഷണം. വിശപ്പ് എന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ പിന്നെ മൃഗങ്ങളുടെ ശ്രദ്ധ പ്രധാനമായും വംശവര്‍ദ്ധനവിലാകും. 

ഒരു സാമൂഹിക പ്രശ്നമായി മാറാതെ ഇത്തരം ജീവിവര്‍ഗ്ഗങ്ങളുടെ വംശവര്‍ദ്ധന നിയന്ത്രിക്കേണ്ടത് അതാത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വമാണ് നമ്മുടെ സര്‍ക്കാര്‍ മറന്ന് പോയതും. 

എന്നാല്‍, കേരളത്തിലെ ആരോഗ്യ / മൃഗ സംരക്ഷണ / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അങ്ങയറ്റത്തെ അലംഭാവത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

പേ വിഷത്തിനെതിരെയുള്ള വാക്സിന്‍ ഉപയോഗിച്ചിട്ടും രോഗികള്‍ മരിക്കുന്നുണ്ടെങ്കില്‍ വാക്സിന്‍റെ ഗുണമേന്മയിലെ കുറവ് കൊണ്ടാണെന്നും ഇത്തരത്തില്‍ വാക്സിന്‍ പരാജയമാണോയെന്നും അന്വേഷിക്കുകയും അതില്‍ നടപടികളെടുക്കുകയും ചെയ്യേണ്ട ആരോഗ്യവകുപ്പ്, ഏറെ വൈകിയാണ് ഇത്തരം കാര്യങ്ങളില്‍ ഒരു തീര്‍പ്പിലെത്തിയതെന്ന് ഇത് സംബന്ധിച്ച്  കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ പറയുന്നു. 

വാക്സിന്‍ എടുത്തിട്ടും സംഭവിച്ച മരണങ്ങള്‍ എന്തു കൊണ്ടായിരുന്നു ? വാക്സിന്‍റെ ഗുണനിലവാരം, വാക്സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് ചെയ്നില്‍ സംഭവിച്ച പിഴവ്, കുത്തിവയ്പ്പ് എടുക്കുന്നവരുടെ വൈദക്ത്യ കുറവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് വൈകി. 

മരണസംഖ്യ ഉയര്‍ന്നപ്പോഴാണ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ കസോളിലെ കേന്ദ്ര ഡ്രഗ് ലബോറട്ടറിയിലേക്ക് അയച്ചത്.

അതുപോലെ തന്നെ 3 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് എന്ന കോള്‍ഡ് ചെയ്നില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ തടസമില്ലാതെ ഇതേ ഊഷ്മാവില്‍, സൂക്ഷിക്കാന്‍ കഴിഞ്ഞോ എന്ന് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. 

വാക്സിന്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലെ കോള്‍ഡ് ചെയിന്‍ സംബന്ധിച്ചും വാക്സിന്‍ സൂക്ഷിക്കുന്നതിലെ കാര്യക്ഷമത സംബന്ധിച്ചും ആരോഗ്യവകുപ്പിന് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. അതു പോലെ തന്നെ അതീവ സൂക്ഷമായി ചെയ്യേണ്ട ഒന്നാണ് വാക്സിനേഷന്‍.

പേ വിഷത്തിനെതിരെയുള്ള വാക്സിന്‍ തൊലിപ്പുറത്താണ് എടുക്കുന്നത്. ഇത് എടുക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈദഗ്ധ്യം ഉണ്ടോയെന്ന കാര്യത്തിലും ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ല. 

ഇതോടൊപ്പം മാലിന്യ സംസ്കരണത്തിലും വന്ധ്യം കരണത്തിലും തദ്ദേശസ്വയം ഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും  അമ്പേ പരാജയപ്പെട്ടു. കേരളത്തില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന എല്ലാ മാലിന്യ സംസ്കരണ പദ്ധതികളും ആറ് മാസത്തിനപ്പുറം പോയിട്ടില്ലെന്നതാണ് ചരിത്രം. 

അവനവന്‍ പുറന്തള്ളുന്ന മാലിന്യം കൃത്യമായി സംരക്ഷിക്കുന്നതിനേക്കാള്‍ പൊതു നിരത്തിലേക്ക് വലിച്ചെറിയാനാണ് മലയാളി എന്നും ശ്രമിച്ചിട്ടുള്ളതിന് തെളിവാണ് വഴിയോരങ്ങളില്‍ കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യമലകള്‍.

ആവശ്യത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ മൃഗസംരക്ഷണ വകുപ്പില്‍ നിയമിച്ച് കൊണ്ടും ആവശ്യത്തിന് ധനസഹായം അനുവദിച്ചും ചെയ്യേണ്ട വന്ധംകരണ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. വന്ധംകരണം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ചുമതലയാണെന്ന് സര്‍ക്കാര്‍ പറയുന്നു. 

എന്നാല്‍ വന്ധംകരണത്തിന് ആവശ്യമായ ഫണ്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് സത്യം. വന്ധംകരണം നടത്തിയ പട്ടികള്‍ നാലും അഞ്ചും കുഞ്ഞുങ്ങളെ പ്രസവിച്ചെന്ന വാര്‍ത്തകളും ഇതിനിടെ പുറത്ത് വന്നു.

 ഇത്തരത്തില്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്യാതിരിക്കുകയും അതിന് തെരുവ് നായകള്‍ ഏറ് വാങ്ങുകയുമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ പരാജയമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞ് ചില ട്രോളുകളുമുണ്ട്. 

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സര്‍ക്കാറിന് അത്തരം കാര്യങ്ങളില്‍ താത്പര്യമില്ല. അതിനാല്‍ അങ്ങനൊരു നഷ്ടപരിഹാരത്തെ കുറിച്ച് ജനത്തിനും ധാരണയില്ല. 

click me!