Published : Oct 11, 2020, 11:28 AM ISTUpdated : Oct 11, 2020, 11:57 AM IST
മെഗാഹിറ്റ് ആയ ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'ദൃശ്യം 2'. അതിനാല്‍ത്തന്നെ ചിത്രം സംബന്ധിച്ച എന്ത് പുതിയ അപ്‍ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. 'ദൃശ്യ'ത്തിലെ 'ജോര്‍ജുകുട്ടി'യും കുടുംബവും ഏഴ് വര്‍ഷത്തിനുശേഷം ഒരുമിച്ചെത്തിയപ്പോഴത്തെ 'കുടുംബചിത്രം' ഇത്തരത്തില്‍ വൈറല്‍ ആയിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് സ്വന്തം വാഹനത്തില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്‍റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തു. വ്യത്യസ്ത സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയ ലഘു വീഡിയോയിലെ സൂക്ഷ്‍മമായ പല കാര്യങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ പിന്നാലെ ചര്‍ച്ചയായി. ഇതിലൊന്ന് അദ്ദേഹം ധരിച്ചിരുന്ന ഷര്‍ട്ടിന്‍റെ വിലയെക്കുറിച്ച് ആയിരുന്നു. ഷര്‍ട്ടിന്‍റെ ബ്രാന്‍ഡും വിലയും 'കണ്ടെത്തിയ' ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെത്തന്നെ അക്കാര്യം പങ്കുവെക്കുകയും ചെയ്തു.