സാറ്റ്നാവിനെ പിന്തുടര്‍ന്നു; വഴി പിഴച്ച് മരണത്തെ മുഖാമുഖം കണ്ട് ട്രക്ക് ഡ്രൈവര്‍

First Published Jan 7, 2022, 4:03 PM IST

വാഹനത്തിലെ സാറ്റ്ലൈറ്റ് സംവിധാനമായ സാറ്റ്നാവിനെ (SatNav Technologies) പിന്തുടര്‍ന്ന ട്രക്ക് ഡ്രൈവര്‍ക്ക് വഴി പിഴച്ചു. ഒടുവില്‍ അതീവ ദുര്‍ഘടമായ പര്‍വ്വതപാതയിലൂടെ സഞ്ചരിച്ച അദ്ദേഹം കിഴക്കാം തൂക്കായ മലയിടുക്കിലേക്ക് അപകടകരമായി ചെരിയുകയായിരുന്നു. വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ചാങ്‌സി നഗരത്തിന് സമീപം ജനുവരി ഒന്നിനാണ് സംഭവം. അപകടത്തിന്‍റെ വീഡിയോകള്‍ നിമിഷ നേരം കൊണ്ട് ചൈനയിലെ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. 

സാറ്റ്നാവ് കാണിച്ച് കൊടുത്ത വഴിയിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ച ട്രക്ക് ഡ്രൈവര്‍, ഒടുവില്‍ അപകടകരമായ കിഴക്കാം തൂക്കായി നില്‍ക്കുന്ന പര്‍വ്വത പാതയിലൂടെയായി യാത്ര. വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ചാങ്‌സി നഗരത്തിന് സമീപത്തെ 330 അടി ഉയരമുള്ള പര്‍വ്വത പാതിയിലായിരുന്നു അദ്ദേഹം എത്തിയത്. 

കുറച്ചേറെ ദൂരം സഞ്ചരിച്ച അദ്ദേഹം തനിക്ക് വഴി തെറ്റിയതായി മനസിലാക്കുകയും വാഹനം തിരിച്ചിറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആ മലമ്പാതയിലൂടെ അദ്ദേഹം തന്‍റെ ട്രക്ക് തിരിച്ചിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 

തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന്‍റെ ചക്രങ്ങളിലൊന്ന് റോഡില്‍ നിന്നും തെന്നിമാറി. വാഹനം പാറക്കെട്ടിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്നു. ഒരു വശത്ത് വലിയ മലയാണെങ്കില്‍ മറുവശത്ത് അഗാധമായ കൊക്ക. മലയിൽ നിന്ന് താഴേക്ക് വീഴുന്ന ട്രക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിന് മുമ്പ് ഡ്രൈവറും ഒരു യാത്രക്കാരനും ക്യാബിൽ നിന്ന് രക്ഷപ്പെട്ടു. 

ഡ്രോൺ ഫൂട്ടേജിൽ ലോറി അപകടകരമായ രീതിയിൽ മറിഞ്ഞതായി കാണാം. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഭാരമുള്ളതും വലിയതുമായ മൂന്ന് ഡമ്പർ ട്രക്കുകൾ ഉപയോഗിച്ച് തൊഴിലാളികള്‍ വാഹനം റോഡിലേക്ക് മാറ്റി. '

റെസ്ക്യൂ സ്ക്വാഡ് മൂന്ന് ഡമ്പറുകളും ഒരുമിച്ച് ചങ്ങലയിട്ട് മലയുടെ വശത്തേക്ക് ഉറപ്പിച്ചു. ഇതിനായി കപ്പിയും കയറും ഉപയോഗിച്ചു. തുടർന്ന് സംഘം ട്രക്കിൽ കനത്ത സ്റ്റീൽ വയർ ഘടിപ്പിച്ചു. തുടര്‍ന്ന് ശ്രദ്ധാപൂര്‍വ്വം ട്രക്കിനെ റോഡിലേക്ക് തിരികെ കയറ്റി. ട്രക്ക് മലഞ്ചരുവിലേക്ക് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ജനുവരി ഒന്നിന് റോഡ് അടച്ചിരുന്നു. പിന്നീട് ട്രക്കിനെ മാറ്റിയ ശേഷം ജനുവരി 4 ഓടെയാണ് റോഡ് വീണ്ടും തുറന്ന് കൊടുത്തത്. 

click me!