ബോട്‍സ്വാനയില്‍ ചരിഞ്ഞത് 350 ആനകള്‍, കാരണം കണ്ടെത്താനാവാതെ അധികൃതര്‍; കാണാം ചിത്രങ്ങള്‍

First Published Jul 2, 2020, 11:53 AM IST

കഴിഞ്ഞ രണ്ടുമാസത്തിനിടെ ബോട്സ്വാനയില്‍ ചരിഞ്ഞത് നൂറുകണക്കിന് ആനകള്‍. എന്നാല്‍, ഇവയുടെ മരണകാരണം അറിയാത്തതിനെ ചുറ്റിപ്പറ്റി ആശങ്കയേറുകയാണ്. മെയ് ആദ്യം മുതൽ ഈ ദക്ഷിണാഫ്രിക്കൻ രാജ്യത്തെ ഒകവാന്‍ഗോ ഡെല്‍റ്റയില്‍ മൂന്നൂറ്റിയമ്പതോളം ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് ഡോ. നിയാൾ മെക്കാൻ പറയുന്നു. എന്താണിവയുടെ മരണകാരണം എന്നുമാത്രം ആർക്കും അറിയില്ല. അതറിയണമെങ്കില്‍ സാമ്പിളുകളില്‍ നിന്നുള്ള ലാബ് ഫലം അറിയണം. അതിന് ഇനിയും സമയമെടുക്കുമെന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്. 

യു കെ കേന്ദ്രീകരിച്ചുള്ള ചാരിറ്റിയായ നാഷണല്‍ പാര്‍ക്ക് റെസ്ക്യൂവില്‍ പ്രവര്‍ത്തിക്കുന്ന ഡോ മെക്കാന്‍ ബിബിസി -യോട് പറഞ്ഞതനുസരിച്ച്, മെയ് ആദ്യം തന്നെ പ്രാദേശിക സംരക്ഷകര്‍ പ്രദേശത്ത് നടത്തിയ മൂന്നുമണിക്കൂര്‍ നേരത്തെ യാത്രയില്‍ 169 ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്നാണ്. ഇത് തികച്ചും അസാധാരണമാണ്. ഒരുമാസത്തിനുശേഷം നടന്ന പരിശോധനയില്‍ കുറേക്കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. അങ്ങനെയാണ് 350 ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും മെക്കാന്‍ പറയുന്നു. വരള്‍ച്ചയുമായി ബന്ധപ്പെട്ടല്ലാതെ ഇത്രയധികം ആനകള്‍ ചരിഞ്ഞത് അസാധാരണവും അത്ഭുതവുമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഈ ആനകളില്‍ നിന്നും കൊമ്പുകള്‍ നീക്കം ചെയ്‍തിട്ടില്ലെന്നും അതിനാല്‍ കൊമ്പുകള്‍ക്കുവേണ്ടിയുള്ള വേട്ടയാടലായിരിക്കാമെന്ന സാധ്യത സര്‍ക്കാര്‍ മെയ് മാസത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്ന് Phys.org പറയുന്നു.
undefined
മാത്രവുമല്ല, ആനകള്‍ മാത്രമാണ് പ്രദേശത്ത് ചരിഞ്ഞിരിക്കുന്നത്, വേട്ടക്കാര്‍ സയനൈഡ് ഉപയോഗിച്ചാണ് സാധാരണ ആനകളെ കൊല്ലുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ മറ്റ് ജീവികളും കൊല്ലപ്പെട്ടതായി കാണാനായേനെ. എന്നാല്‍, ആനകളുടെ മൃതദേഹം മാത്രമാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ബോട്‍സ്വാനയിൽ 100 ​​ആനകളെയെങ്കിലും വിഷം വെച്ചും മറ്റും കൊന്നിരുന്നു. ആ സാധ്യതയും ഈ ആനകളുടെ കാര്യത്തില്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
undefined
ആനകള്‍ ഭൂരിഭാഗവും മുഖം കുത്തിയാണ് വീണിരിക്കുന്നത്. എന്നാല്‍, ഇതുവരെയും കൃത്യമായും കാരണമൊന്നും കണ്ടെത്താനാവാത്ത സ്ഥിതിക്ക് മണ്ണിലോ ജലത്തിലോ എന്തെങ്കിലും വിഷാംശമോ മറ്റോ കലര്‍ന്നതും കാരണമാകാമെന്നും ഇനി കൊവിഡ് 19 വൈറസ് ആനകളെ കൂടി ബാധിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ബോട്സ്വാന ഡിപാര്‍ട്‍മെന്‍റ് ഓഫ് വൈല്‍ഡ് ലൈഫ് ആന്‍ഡ് നാഷണല്‍ പാര്‍ക്ക് ആക്ടിംഗ് ഡയറക്ടര്‍ ഡോ. സിറില്‍ ടവോലോ ഗാര്‍ഡിയനോട് പറഞ്ഞത്, 280 ആനകള്‍ ചരിഞ്ഞത് പെട്ടെന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മരണങ്ങളുടെ കാരണം എന്താണെന്ന് കണ്ടെത്തുന്നതേയുള്ളൂ. അവയുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്, വരുന്ന ആഴ്‍ചകളില്‍ ഫലം കിട്ടുന്നതോടെ മരണകാരണം അറിയാന്‍ സാധിക്കും എന്നാണ്. എന്നാല്‍, മൃഗസ്നേഹികള്‍ ആനവേട്ടയ്ക്കെതിരെ നേരത്തെപ്പോലെ തന്നെ ഇപ്പോഴും രംഗത്തെത്തിയിട്ടുണ്ട് സ്ഥലത്ത് കാവല്‍വേണമെന്നാണ് അവരുടെ ആവശ്യം.
undefined
നേരത്തെ ബോട്സ്വാനയില്‍ സര്‍ക്കാര്‍ തന്നെ ആനകളെ വേട്ടയാടാന്‍ അനുമതി നല്‍കിയിരുന്നു. ആനകളുടെ എണ്ണം കൂടുന്നുവെന്നാണ് കാരണമായി പറഞ്ഞിരുന്നത്. ടൂറിസത്തിന്‍റെ ഭാഗമായി 70 ആനകളെ വേട്ടയാടാനുള്ള ലൈസന്‍സാണ് അന്ന് വിതരണം ചെയ്‍തത്. പ്രസിഡന്‍റ് മോക്വീറ്റ്സി മാസിസി കഴിഞ്ഞ വര്‍ഷം അഞ്ചുവര്‍ഷത്തെ വേട്ടനിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ആദ്യവേട്ടയായിരുന്നു ഇത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ എന്നാണ് സര്‍ക്കാര്‍ ഇതിന് കാരണം പറഞ്ഞിരിക്കുന്നത്. നിയന്ത്രിത വേട്ടയാടല്‍ പ്രദേശങ്ങള്‍ക്കാണ് ലൈസന്‍സുള്ളതെന്നും ബോട്സ്വാനയില്‍ രജിസ്റ്റര്‍ ചെയ്‍ത കമ്പനികള്‍ക്ക് മാത്രമേ ലൈസന്‍സിനായുള്ള ലേലത്തില്‍ പങ്കെടുക്കാനാവൂ എന്നുമാണ് അന്ന് വന്യജീവി വകുപ്പിന്‍റെ വക്താവ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനെതിരെ ലോകമെമ്പാടുനിന്നും പ്രതിഷേധവുമുയര്‍ന്നിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള പ്രതിഷേധമാണ് ഇതിനെതിരെയുണ്ടായി വന്നത്.
undefined
എങ്കിലും ഇപ്പോള്‍ ബോട്സ്വാനയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ആനകള്‍ വലിയ ആശങ്കയാണ് സര്‍ക്കാരിനുണ്ടാക്കിയിരിക്കുന്നത്. മിക്ക ആനകളും മരണപ്പെട്ടിരിക്കുന്നത് ജലാശയത്തിന് അടുത്തായിട്ടാണ്. സാമ്പിളുകള്‍ പരിശോധിച്ച ശേഷം ഫലം ലഭിക്കുന്നതുവരെ ഇവയുടെ യഥാര്‍ത്ഥ മരണകാരണം എന്താണ് എന്ന് അറിയാനും വഴിയില്ല.
undefined
click me!