മൗഗ്ലിയെ പോലൊരു കുഞ്ഞ്, വളര്‍ത്തിയത് ചെന്നായകള്‍; ഒടുവില്‍ സംഭവിച്ചത്...

First Published Jul 22, 2020, 12:54 PM IST

മൗഗ്ലിയെ കുറിച്ചും മൗഗ്ലിയുടെ കഥയുമെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, മൗഗ്ലിയെപ്പോലെ കാടിന്‍റെ വളര്‍ത്തുപുത്രന്മാരായി മാറിയവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടോ? ഉണ്ട് എന്നാണ് പറയുന്നത്. ദിന സനിചര്‍ അതിലൊരാളാണ്. 'ഇന്ത്യന്‍ വോള്‍ഫ് ബോയ്' എന്നറിയപ്പെടുന്ന സനിചര്‍ ജീവിച്ചിരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അവനെ വളര്‍ത്തിയതാകട്ടെ ചെന്നായകളും. ദ ജംഗിള്‍ ബുക്ക് യഥാര്‍ത്ഥത്തില്‍ സനിചറിന്‍റെ കഥയാണ് എന്നുവരെ വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, കഥകളില്‍ കാണുന്നത്രയും മനോഹരമൊന്നുമായിരിക്കില്ല യഥാര്‍ത്ഥത്തില്‍ കാടിനുള്ളിലെ ജീവിതം. 

1872 -ല്‍ ഉത്തര്‍ പ്രദേശില്‍ വേട്ടയാടാന്‍ ചെന്ന ഒരുകൂട്ടം പേരാണ് സനിചറിനെ കണ്ടെത്തുന്നത്. അവര്‍ കാണുമ്പോള്‍ അവന്‍ നാലുകാലുകളിലെന്നപോലെ കൈകളും കാലുകളുമുപയോഗിച്ച് ചെന്നായക്കൂട്ടത്തിന് പിന്നാലെ പോവുകയായിരുന്നു. വേട്ടക്കാരെ കണ്ട് അപകടം മണത്തതോടെ അവര്‍ ഒരു ഗുഹയില്‍ കയറിയിരുന്നു. എന്നാല്‍, കുട്ടിയെ രക്ഷപ്പെടുത്തണം എന്ന് തീരുമാനിച്ച വേട്ടക്കാര്‍ അതിന് തീയിട്ടു. രക്ഷയില്ലാതെ ചെന്നായകളും സനിചറും പുറത്തേക്ക് ചാടിയപ്പോള്‍ അവര്‍ ചെന്നായകളെ വധിക്കുകയും അവനെ കൂടെക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്‍തു.
undefined
ആ സമയത്ത് ഏകദേശം ആറ് വയസ്സാണ് അവന് പ്രായം എന്നാണ് കരുതുന്നത്. ഏതായാലും അവിടെനിന്നും അവനെ അവര്‍ കൊണ്ടുപോയത് ഒരു അനാഥാലയത്തിലേക്കായിരുന്നു. അവിടെവച്ച് അവന് സനിചര്‍ എന്ന് പേര് നല്‍കുകയും ചെയ്‍‍തു. ഉറുദുവില്‍ ആ വാക്കിന്‍റെ അര്‍ത്ഥം ശനിയാഴ്‍ച എന്നാണെന്നും ഒരു ശനിയാഴ്‍ചയാണ് അവനെ അവിടെ കിട്ടുന്നതെന്നും പറയപ്പെടുന്നു.
undefined
എന്നാല്‍, അവിടുത്തെ ജീവിതം അവന് ഒട്ടും എളുപ്പമായിരുന്നില്ല. അവന്‍ ഒരുപാട് കഷ്‍ടപ്പെട്ടു. അവന്‍റെ ഐക്യു വളരെ താഴ്‍ന്ന നിലയിലായിരുന്നു. അതുപോലെ തന്നെ അവന്‍റെ മാനസികാരോഗ്യവും നല്ലതായിരുന്നില്ല. എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് അവനൊരിക്കലും പഠിച്ചില്ല. അനാഥലയത്തിലെ പലരും മാറിമാറി ശ്രമിച്ചുവെങ്കിലും അവന്‍ സംസാരിക്കാന്‍ പഠിച്ചേയില്ല.
undefined
പലപ്പോഴും അവന്‍ കൈകളും കാലുകളും ഉപയോഗിച്ച് മൃഗങ്ങളെപ്പോലെയാണ് നടന്നിരുന്നത്. അവനുണ്ടാക്കുന്ന ശബ്‍ദവും മൃഗങ്ങളുടേതുപോലെയായിരുന്നു. പിന്നീട്, പയ്യെപ്പയ്യെ അവന്‍ രണ്ടുകാലില്‍ നടക്കാന്‍ പഠിച്ചുവെങ്കിലും വസ്ത്രങ്ങള്‍ ധരിക്കുന്നത് അവനെപ്പോഴും ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും നഗ്നനായി നടക്കാനാണ് അവന്‍ ഇഷ്‍ടപ്പെട്ടത്.
undefined
അനാഥാലയത്തിലെത്തിയ സമയത്ത് നല്‍കിയ പാകം ചെയ്‍ത ഭക്ഷണം കഴിക്കാന്‍ അവന്‍ വിസമ്മതിച്ചു. എല്ലുകളിലുരസിയാണ് അവന്‍ അവന്‍റെ പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടിയിരുന്നത്. എന്നാല്‍, അതുപോലെ തന്നെ മൃഗങ്ങള്‍ക്കിടയില്‍ വളര്‍ന്ന മറ്റൊരു കുട്ടികൂടി അതേ അനാഥാലയത്തിലുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ അവരിരുവരും ഒരു സൗഹൃദം ഉടലെടുത്തു. അവര്‍ പരസ്‍പരം സഹായിച്ചു തുടങ്ങി. അതില്‍ മൂത്തയാളാണ് ഇളയ ആളെ കപ്പില്‍ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത് പോലും എന്ന് അനാഥാലയത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഫാദര്‍ എഹാര്‍ത്ത് പറയുന്നു.
undefined
അനാഥാലയത്തില്‍ കഴിഞ്ഞ് 10 വര്‍ഷമായിട്ടും സനിചറിന് മനുഷ്യരുടേതായ രീതിയില്‍ കൈകാര്യം ചെയ്യാനായിരുന്നില്ല. അയാള്‍ പലപ്പോഴും ചാടുകയും മൃഗങ്ങളെപ്പോലെ പെരുമാറുകയും ചെയ്‍തു. ഒരു അന്യഗ്രഹജീവിയെപ്പോലെയാണ് അയാളവിടെ കഴിഞ്ഞിരുന്നത്. കാട്ടിലെ തന്‍റെ കുടുംബത്തില്‍ നിന്നും തന്നെ ബലമായി അടര്‍ത്തിമാറ്റിയതാണ് എന്ന് തന്നെ എക്കാലവും അയാള്‍ വിശ്വസിച്ചിരുന്നിരിക്കണം. അതിന്‍റെ വേദന അയാളെ എപ്പോഴും ഗ്രസിച്ചിരിക്കണം. ഏതെങ്കിലും കാലത്ത് തിരികെ കാട്ടിലേക്ക് പോവാനായെങ്കില്‍ എന്ന് പ്രതീക്ഷിച്ചിരിക്കണം. ഒരുപക്ഷേ, തന്നെ പരിചരിച്ചിരുന്ന ചെന്നായകളുടെ മരണം അയാളെ വല്ലാതെ വേദനയിലാഴ്‍ത്തിയിരിക്കണം.
undefined
മനുഷ്യര്‍ ചെയ്യുന്ന ഏകകാര്യം സനിചര്‍ ചെയ്‍തിരുന്നത് പുകവലിക്കുക എന്നതായിരുന്നു. അയാള്‍ ഒരു ചെയിന്‍ സ്മോക്കറായിരുന്നു. പിന്നീട് അയാളുടെ മരണത്തിന് കാരണമായിത്തീര്‍ന്ന ട്യൂബര്‍ക്കുലോസിസിലേക്ക് നയിച്ചത് ഈ പുകവലിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. 1895 -ല്‍ 29 -ാമത്തെ വയസ്സിലാണ് സനിചര്‍ മരിക്കുന്നത്.
undefined
click me!