ആശങ്കയായി പെനുവേലസ് ജലസംഭരണി; കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു

Published : Jun 15, 2022, 10:59 AM ISTUpdated : Jun 15, 2022, 12:08 PM IST

ലോകം മുഴുവനും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഏറെയും കുറഞ്ഞും അനുഭവിച്ച് തുടങ്ങി എന്നതിന് പല തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഒരൊറ്റ ദിവസം കൊണ്ടല്ല ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍‌ സംഭവിക്കുന്നതെന്ന് നമ്മുക്കറിയാം. ഭൂമിയില്‍ ചൂട് കൂടുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി.  ഈ ചൂട് കാലാവസ്ഥ പല പ്രദേശങ്ങളില്‍ പല ആവര്‍ത്തിയിലായിരിക്കും  അനുഭവപ്പെടുന്നതും. കരയിലും കടലിലും ഇതിന് വ്യത്യാസങ്ങളുണ്ടാകും. വായു ചൂടാകുന്നതോടെ കാറ്റിലും വായു പ്രവാഹത്തിലും അതുമൂലം കാലാസ്ഥയിലും വലിയ തോതില്‍ വ്യത്യാസങ്ങള്‍ രൂപ്പപ്പെടുന്നു. ഏറ്റവുമൊടുവില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തഫലങ്ങള്‍ക്ക് ചിലിയില്‍ നിന്ന് ഒരു ഉദാഹരണം കൂടി ഉയര്‍ന്നു വരികയാണ്, പെനുവേലസ് ജലസംഭരണി (Penuelas reservoir).    

PREV
121
ആശങ്കയായി പെനുവേലസ് ജലസംഭരണി; കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു

തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ രാജ്യമായ ചിലിയുടെ ഏതാണ്ട് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പെനുവേലസ് ജലാശയം ഏറെ പ്രശസ്തമാണ്. പടിഞ്ഞാറന്‍ തീരദേശ നഗരമായ വാൽപാറൈസോയുടെ (Valparaiso) പ്രധാന ജലസ്രോതസ്സായിരുന്നു ഈ വമ്പന്‍ ജലാശയം. ഒന്നും രണ്ടുമല്ല, ഏതാണ്ട് 38,000 ഒളിമ്പിക് നീന്തൽക്കുളങ്ങളുടെ ആവശ്യത്തിനുള്ള ജലമാണ് പെനുവേലസ് ജലാശയത്തില്‍ ഉണ്ടായിരുന്നത്. 

 

221

ആ വലിപ്പവും ആളവും പക്ഷേ, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇന്ന് വറ്റി വരണ്ട പെനുവേലസ് ജലാശയത്തില്‍ രണ്ട് ചെറിയ കുളങ്ങളില്‍ മാത്രമാണ് വെള്ളം അവശേഷിച്ചിരിക്കുന്നത്. നീണ്ട 13 വര്‍ഷത്തെ വരള്‍ച്ചയില്‍ ഇനിയൊരിക്കലും നിറയാത്ത തരത്തില്‍ ആ വലിയ ജലസംഭരണി വറ്റിപ്പോയിരിക്കുന്നു. 

 

321

അനേകം ഫുഡ്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ആ ജലസംഭരണിയില്‍ ഇന്ന് ചത്തൊടുങ്ങിയ അനേകായിരം മത്സ്യങ്ങളുടെ അസ്ഥികൂടങ്ങളാണ് ബാക്കി. ജലം തേടി അടയുന്ന കന്നുകാലികളില്‍ ചിലത് , ഇനിയൊരിക്കലും തിരിച്ചെഴുന്നേല്‍ക്കാനാകാത്ത വിധം ആ വറ്റി വരണ്ട ജലാശയത്തിലേക്ക് തളര്‍ന്നു വീഴുന്നു. ചെറിയൊരു കാറ്റിലും ജലാശയത്തില്‍ നിന്നും പൊടിയുയരുന്നു.

 

421

വെറും പതിമൂന്ന് വര്‍ഷം കൊണ്ട് ഇത്രയും വലിയൊരു മാറ്റമെങ്ങനെയെന്നല്ലേ ? കഴിഞ്ഞ വര്‍ഷങ്ങളില്‍ തെക്കേ അമേരിക്കയിൽ മഴയുടെ അളവില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയത്. മഴ കുറയുമ്പോഴും ജലം നിര്‍ലോഭം ലഭിച്ചത് മറ്റൊരിടത്ത് നിന്ന്. ഭൂഖണ്ഡത്തിന്‍റെ പസഫിക് തീരത്തുള്ള ചിലിയില്‍ വേനല്‍ക്കാലത്ത് പ്രധാന ജല സ്രോതസായി നിലനിന്നിരുന്നത് ആന്‍ഡീസ് പര്‍വ്വത നിരകളായിരുന്നു.

 

521

പസഫിക് തീരത്തിന് ചേര്‍ന്ന് തെക്കന്‍ അമേരിക്കയുടെ പടിഞ്ഞാന്‍ പ്രദേശത്ത് ചിലിയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ നീണ്ട് കിടക്കുന്ന നീണ്ട പര്‍വ്വതനിരകള്‍ അടങ്ങിയതാണ്  ആൻഡീസ് പർവതനിരകൾ. ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഖണ്ഡാന്തര പർവതനിരയാണ് ഇത്. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ അരികിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങള്‍ ഈ പര്‍വ്വതനിരയുടെ ഭാഗമാണ്.  

 

621

6,999 കി.മീ (4,349 മൈൽ) നീളവും 200 മുതൽ 700 കി.മീ (124 മുതൽ 435 മൈൽ) വരെ വീതിയുമുള്ള വമ്പന്‍ പര്‍വ്വതനിരയാണിത്. ശരാശരി ഉയരം ഏകദേശം 4,000 മീ (13,123 അടി) ആണ്. അതോടൊപ്പം  ആൻഡീസ് പര്‍വ്വതനിരയെ  വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് വെനസ്വേല, കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, ചിലി, അർജന്‍റീന എന്നീ ഏഴ് തെക്കേ അമേരിക്കൻ രാജ്യങ്ങള്‍ വിഭജിച്ചെടുക്കുന്നു. 

 

721

ഇന്ത്യയ്ക്ക് ഹിമാലയം പോലെയാണ് ചിലിക്ക് ആന്‍ഡീസ് പര്‍വ്വതനിരയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മുന്‍കാലങ്ങളില്‍ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യപ്പോള്‍ പടിഞ്ഞാറന്‍ പ്രദേശത്തെ ജലാശയങ്ങള്‍ നിറഞ്ഞിരുന്നത് ആന്‍ഡീസ് പര്‍വ്വതനിരകളിലെ മഞ്ഞ് ഉരുകിയൊഴുകിയായിരുന്നു. 

 

821

വസന്തകാലത്തും വേനൽക്കാലത്തും ആന്‍ഡീസ് പര്‍വ്വത നിരകളില്‍ നിന്ന് ഒഴുകിയിറങ്ങിയ വെള്ളം ജലസംഭരണികളെ സാര്‍ത്ഥകമാക്കി. എന്നാല്‍, പതുക്കെ ചൂട് കൂടി തുടങ്ങിയപ്പോള്‍ മഴ കുറഞ്ഞു. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായ 13 വര്‍ഷങ്ങളില്‍ പ്രദേശത്ത് ക്രമാനുഗതമായ മഴ കുറവ് രേഖപ്പെടുത്തി. 

 

921

ചൂട് കൂടിയപ്പോള്‍ ആന്‍ഡീസ് പര്‍വ്വതത്തില്‍ നിന്നും ഉരുകിയൊഴുകിയ ജലം ജലസംഭരണികളെത്തുമുമ്പേ നീരാവിയായി മാറി. സംഭരണിയിലെ ജല ഉപയോഗം മാത്രം അപ്പോഴും കൂടികൊണ്ടേയിരുന്നു. പതുക്കെ പതുക്കെ പെനുവേലസ് ജലാശയം വറ്റിത്തുടങ്ങി. 

 

1021

ജലാശയം വറ്റിത്തുടങ്ങിയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉൽപ്പാദകരായ ചിലിയന്‍ ഖനികളില്‍ ചെമ്പ് ശുദ്ധീകരിക്കാനാവശ്യമായ വെള്ളം ലഭിക്കാതെയായി. ഇതോടെ ലിഥിയം അടക്കമുള്ള ലോഹങ്ങളുടെ ഉത്പാദനം കുറഞ്ഞു. വ്യാവസായം പ്രതിസന്ധി നേരിടാന്‍ തുടങ്ങി. 

 

1121

ജലസംഭരണിയിലെ ജലത്തെ ആശ്രയിച്ച് ചെയ്തിരുന്ന കൃഷിയും മുടങ്ങി. ജലത്തിന് വേണ്ടി ജനം മുറവിളി കൂട്ടി. ഇതോടെ ജലവിനിയോഗത്തിനായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. "വെള്ളത്തിന് വേണ്ടി ഇനി ദൈവത്തോട് അപേക്ഷിക്കാനേ കഴിയൂ." പ്രദേശവാസിയായ അമാന്‍ഡ കരാസ്കോ എന്ന 54 കാരന്‍റെ വാക്കുകളിലുണ്ട് എല്ലാം.

 

1221

പെനുവേലസ് ജലാശയത്തില്‍ പെജെറി മത്സ്യങ്ങൾക്കായി മത്സ്യബന്ധനം നടത്തിയത് അദ്ദേഹം ഓർത്തെടുത്തു. "ഞാൻ ഇത്തരത്തിൽ ഒന്ന് ഒരിക്കലും കണ്ടിട്ടില്ല. മുമ്പും വെള്ളം കുറവായിരുന്നു, പക്ഷേ, ഇപ്പോൾ അതുപോലെയല്ല. " അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെനുവേലസ് ജലാശയത്തിന് മഴ അത്യാവശ്യമാണെന്നാണ് ജോസ് ലൂയിസ് മുറില്ലോയുടെ നിരീക്ഷണം. 

 

1321

ശൈത്യകാലത്ത് മഴ പെയ്യുമെന്ന് നമ്മുക്ക് വിശ്വസിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം മഴ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പടിഞ്ഞാറന്‍ നഗരമായ വാൽപാറൈസോയിലേക്ക് പെനുവേലസ് ജലാശയത്തില്‍ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കമ്പനിയായ ഇഎസ്‍വിഎഎല്ലിന്‍റെ  (ESVAL) ജനറൽ മാനേജർ ജോസ് ലൂയിസ് മുറില്ലോ പറയുന്നു.

 

1421

“അടിസ്ഥാനപരമായി നമുക്കുള്ളത് ഒരു കുളമാണ്,” അദ്ദേഹം പറഞ്ഞു. നഗരം ഇപ്പോൾ നദികളെയാണ് ജലത്തിനായി ആശ്രയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "പല പതിറ്റാണ്ടുകൾക്ക് മുമ്പ് പെനുവേലസ് ജലാശയം പടിഞ്ഞാറന്‍ നഗരങ്ങളുടെ ഒരേയൊരു ജലസ്രോതസ്സായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്നു." 

 

1521

ചിലിയെ ബാധിച്ചിരിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ പ്രകൃതി കാലാവസ്ഥാ ചക്രങ്ങളുടെ മൂർച്ച കൂട്ടുന്ന കാലാവസ്ഥാ രീതികളിലെ ആഗോള മാറ്റമാണ് കാരണമെന്ന് അക്കാദമിക് പഠനങ്ങൾ കണ്ടെത്തി. പസഫിക്കിൽ നിന്നുള്ള ന്യൂനമർദ്ദ കൊടുങ്കാറ്റുകൾ ശൈത്യകാലത്ത് ചിലിയിൽ മഴ പെയ്യുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചിലിയന്‍ തീരത്തെ ചൂട് കൂടുകയാണ്. 

 

1621

ഈ ചൂടന്‍ അന്തരീക്ഷം കൊടുങ്കാറ്റുകളെ തടയുന്നു. ആഗോള സമുദ്ര താപനില ഉയരുന്നത് തീവ്രമാക്കുന്നു. സമുദ്ര താപനിലയും മഴക്കുറവും സംബന്ധിച്ച ഒരു ആഗോള പഠനം പറയുന്നത് അനുസരിച്ച്, അന്‍റാർട്ടിക്കയിലെ ഓസോൺ ശോഷണവും ഹരിതഗൃഹ വാതകങ്ങളും, ചിലിയിൽ നിന്ന് കൊടുങ്കാറ്റുകളെ അകറ്റുന്ന കാലാവസ്ഥാ വ്യതിയാനവും നാള്‍ക്കുനാള്‍ വർദ്ധിപ്പിക്കുന്നുവെന്നാണ്.

 

1721

പെനുവേലസ് ജലാശയത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ 400 വർഷം പഴക്കമുള്ള വൃക്ഷ വളയങ്ങളുടെ വിശകലനം കാണിക്കുന്നത് ഇപ്പോഴത്തെ വരൾച്ച ചരിത്രത്തില്‍ തന്നെ വിരളമാണെന്നാണ്. ആന്‍ഡീസ് പര്‍വ്വതനിരകളെ 'രാജ്യത്തെ വാട്ടര്‍ ടാങ്കുകള്‍' എന്ന് വിശേഷിപ്പിച്ച ചിലിയന്‍ കാലാവസ്ഥാ, പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകനായ ഡങ്കൻ ക്രിസ്റ്റി പറയുന്നത്, ഇപ്പോഴത്തെ പ്രതിഭാസം സമാനതകളില്ലാത്തതാണെന്നാണ്. 

 

1821

വസന്തകാലത്ത് ആന്‍ഡീസ് പര്‍വ്വതനിരകളിലെ മഞ്ഞ് ഉരുകുമ്പോൾ വെള്ളം വളരെ കുറവാണ്. നദികൾ, ജലസംഭരണികൾ, ജലാശയങ്ങൾ എന്നിവ നിറയ്ക്കാനുള്ള ജലം ഇപ്പോള്‍ ഇതുവഴി ലഭ്യമല്ല. തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് 50 കിലോമീറ്റർ കിഴക്കുള്ള മധ്യ ചിലിയിലെ ലഗുണ നെഗ്രാ സ്റ്റേഷന് സമീപം മഞ്ഞുമൂടിയതിന്‍റെ അളവ് അളക്കാൻ എത്തിയ സിവിൽ എഞ്ചിനീയറും ജല വിദഗ്ധനുമായ മിഗുവൽ ലാഗോസ് അഭിപ്രായപ്പെട്ടത് “ഒന്നും ഇല്ല,” എന്നായിരുന്നു. 

 

1921

മിഗുവൽ ലാഗോസ് പറയുന്നത് ആന്‍ഡീസ് പര്‍വ്വതനിര സബ്ലിമേഷൻ പ്രതിഭാസം നേരിട്ട് കൊണ്ടിരിക്കുകയാണെന്നാണ്. അതായത്. ശൈത്യകാലത്ത് പോലും മഞ്ഞ് ഉറച്ച് പുതിയ പാളികള്‍ രൂപപ്പെടുമ്പോള്‍ തന്നെ ആ പുറം പാളികള്‍ ചൂട് കാരണം വേഗത്തിൽ ഉരുകുകയോ നേരിട്ട് നീരാവിയായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണിത്. അതായത് ശൈത്യകാലത്ത് പോലും മലമുകളില്‍ പുതുതായി മഞ്ഞ് രൂപ്പെടുന്നില്ല. അത്രയേറെ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. 

 

2021

ചിലിയൻ ഗ്രാമമായ മോണ്ടിനെഗ്രോയില്‍ മൃഗങ്ങളെ വളർത്തുന്ന സെഗുണ്ടോ അബല്ലെ പറയുന്നത് മാറ്റം ഉടന്‍ വേണമെന്നാണ്.  'ഈ വർഷം മഴ പെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല.' അദ്ദേഹം പറയുന്നു. എന്നാല്‍, ഒരു ആശയും പ്രതീക്ഷിക്കാനില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 

2121

അടുത്ത 30 വർഷത്തിനുള്ളിൽ രാജ്യത്ത് 30% വെള്ളം കുറവായിരിക്കുമെന്ന് ഗണിതശാസ്ത്ര മോഡലുകളുടെയും ചരിത്രപരമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചിലി സർവകലാശാലയിലെ ഗവേഷകരും പ്രവചിക്കുന്നു. ഇന്നത്തെ വരള്‍ച്ച അന്ന് വളരെ സാധാരണമാകുമെന്ന് മിഗുവൽ ലാഗോസ് കൂട്ടിചേര്‍ക്കുന്നു. ആര്‍ട്ടിക്കും അന്‍റാര്‍ട്ടിക്കും ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ശുദ്ധജലം സംഭരിക്കുന്ന പ്രദേശമാണ് ആന്‍ഡീസ് പര്‍വ്വതനിരകള്‍ എന്ന് കൂടി അറിയുമ്പോഴാണ് ദുരന്തത്തിന്‍റെ ആഴം വ്യക്തമാകുക. 

 

Read more Photos on
click me!

Recommended Stories