തലയ്ക്ക് വില 37 കോടി, 11 വര്‍ഷം ഒളിവുജീവിതം, കൊടുംക്രൂരനായ മയക്കുമരുന്ന് രാജാവ് പിടിയില്‍

First Published Oct 25, 2021, 2:47 PM IST

ലോകത്തെ വിറപ്പിച്ച മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിനു ശേഷം കൊളംബിയ അടക്കിഭരിച്ച മയക്കുമരുന്ന് മാഫിയാ തലവന്‍ ഒടുവില്‍ പിടിയില്‍. 11 വര്‍ഷമായി അമേരിക്കയും കൊളംബിയയും തേടി നടന്ന ഒറ്റാനിേയല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ  ഉസുഗ എന്ന 50 വയസ്സുകാരനെ വനാന്തരത്തിലെ ഒളിസങ്കേതത്തില്‍ വെച്ചാണ് സാഹസികമായി പിടികൂടിയത്. അഞ്ച് വലയങ്ങളുള്ള സുരക്ഷാ സന്നാഹമുണ്ടായിരുന്ന ഇയാളെ അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടികൂടിയത്. അമേരിക്ക അഞ്ച് മില്യന്‍ ഡോളര്‍ (37 കോടി രൂപ) തലയ്ക്ക് വില പ്രഖ്യാപിച്ച ഇയാളെ അമേരിക്കയ്ക്ക് കൈമാറും. 

മയക്കുമരുന്നും അക്രമവുമായി കൊളംബിയ അടക്കിഭരിച്ച കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവായിരുന്നു കഴിഞ്ഞ ദിവസം കൊളംബിയയില്‍ പിടികൂടിയ ദയിറോ അന്‍േറാണിയോ ഉസുഗ എന്ന ഒറ്റാനിേയല്‍.

ഇയാളെ രണ്ടാഴ്ച മുമ്പ് പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖെ ഔദ്യോഗികമായി പുറത്തുവിട്ടത്. 

ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കുന്ന റബര്‍ ബൂട്ടുകളും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് കൈ വിലങ്ങുകളോടെ നില്‍ക്കുന്ന ഒറ്റോനിയലിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇന്നലെ ഹാജരാക്കി. 

ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ പോപ്പുലര്‍ ലിബറേഷന്‍ ആര്‍മിയിലൂടെയാണ് ഒറ്റാനിയല്‍ രംഗത്തുവരുന്നത്. രാജ്യത്തുടനീളം വ്യാപക അക്രമം അഴിച്ച ഈ ഗ്രൂപ്പ് 1991-ല്‍ പിരിച്ചുവിട്ടപ്പോള്‍ ഇയാള്‍ തീവ്രവലതുപക്ഷ ഗറില്ലാ ഗ്രൂപ്പായ  ACCU -വില്‍ ചേര്‍ന്നു.  

സഹോദരനായ ജുവാന്‍ ഡി ദയോസ് ഉസുഗ എന്ന ജിയോവന്നിയുമായി ചേര്‍ന്ന്  ഒറ്റാനിയല്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. അതിനിടെ, ഈ സംഘടന യുനൈറ്റഡ് സെല്‍ഫ ഡിഫന്‍സ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന സംഘടനയില്‍ ലയിച്ചു. 


തട്ടിക്കൊണ്ടുപോയി കാശു തട്ടുക,  പണമിരട്ടിപ്പ്, മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സായുധ സഹായം നല്‍കുക എന്നിങ്ങനെയായിരുന്നു സംഘടന കാശുണ്ടാക്കിയത്. ഇതിന്റെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ഡോണ്‍ മാരിയോയുടെ കീഴിലായിരുന്നു ഒറ്റാനിയല്‍ലും സഹോദരന്‍ ജിയോവന്നിയും. 

താമസിയാതെ ഈ സംഘടനയും പൊലീസിനു കീഴടങ്ങി. തുടര്‍ന്ന് ഡോണ്‍ മാരിയോയുടെ കീഴില്‍ ഇയാളും സഹോദരനും ഉറാബെനോസ് എന്ന സംഘം രൂപവല്‍കരിച്ചു. ഇടതു -വലതു ഗറില്ലാ ഗ്രൂപ്പുകളില്‍ ഒപ്പമുണ്ടായിരുന്ന 2500 പേരെ ഇവര്‍ ഈ ക്രിമിനല്‍ സംഘത്തിലേക്ക് കൂട്ടി. 

അടുത്ത വര്‍ഷം ഡോണ്‍ മാരിയോ പൊലീസ് പിടിയിലായി. അതോടെ സംഘത്തിന്റെ നിയന്ത്രണം  ഒറ്റാനിയലും സഹോദരന്‍ ജിയോവന്നിയും ഏറ്റെടുത്തു. അതുവരെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയിരുന്ന സംഘം ഇതോടെ മയക്കുമരുന്ന് ബിസിനസിലേക്ക് തിരിഞ്ഞു. 

പിന്നീട് ഈ സംഘത്തിന്റെ പേര് ഗള്‍ഫ് ക്ലാന്‍ എന്നായി. മയക്കുമരുന്ന് കടത്തിന് സായുധ സംരക്ഷണം നല്‍കുകയായിരുന്നു ഈ സംഘത്തിന്റെ ആദ്യ പടി.

എസ്‌കോബാര്‍ അടക്കമുള്ള കൊളംബിയന്‍ മയക്കുമരുന്നു മാഫിയയുമായി ചേര്‍ന്നുപ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട്, സ്വന്തമായി മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞു. 


ഇതോടൊപ്പം കൊള്ളയും കൊലയുമായി സംഘം രാജ്യത്താകെ ഭീതി പരത്തി.  തട്ടിക്കൊണ്ടുപോവല്‍, കൊലപാതകങ്ങള്‍, മോചനദ്രവ്യം തട്ടല്‍, പണമിരട്ടിപ്പ്, ബലാല്‍സംഗം, സെക്‌സ് റാക്കറ്റുകള്‍ എന്നിങ്ങനെ സകല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഗള്‍ഫ് ക്ലാന്‍ സജീവമായി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ദൗര്‍ബല്യം. നൂറു കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി കേസുകളുണ്ട്.  


എസ്‌കോബാര്‍, കാലി നെറ്റ് വര്‍ക്ക് എന്നീ മയക്കുമരുന്ന് സംഘങ്ങളുടെ തകര്‍ച്ചയ്ക്കുശേഷം, അമേരിക്കയിലേക്ക് കൊക്കെയിന്‍ കടത്തു നടത്തുന്ന സംഘങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഈ സംഘം വന്നു.  മയക്കു മരുന്ന് കൃഷി, സംസ്‌കരണം, കടത്ത് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും ഗള്‍ഫ് ക്ലാന്‍ നിറഞ്ഞുനിന്നു. 


അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയിന്‍ കയറ്റിയയക്കുന്ന സംഘമായി മാറിയ ഗള്‍ഫ് ക്ലാന്‍ അതോടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റഡാറിലായി. മയക്കുമരുന്ന് കടത്ത്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം അമേരിക്കന്‍ കോടതികളില്‍ നിരവധി കേസുകള്‍ വന്നു. 

തുടര്‍ന്ന് ഇയാള്‍ക്കും സഹോദരനുമെതിരെ അറസ്റ്റു വാറന്റുകള്‍ വന്നു. ഈ ക്രിമിനല്‍ സംഘത്തെ തകര്‍ക്കാനായി ആയിരത്തിലേറെ കൊളംബിയന്‍ സൈനികര്‍ രംഗത്തിറങ്ങി. 

അമേരിക്ക ഇയാളുടെ തലയ്ക്ക് അഞ്ചു മില്യന്‍ ഡോളര്‍ വിലയിട്ടു. അതിനുശേഷം  ഇയാളെ പിടികൂടാന്‍ ശ്രമങ്ങള്‍ നടക്കുകയാണെങ്കിലും ഒന്നും നടന്നിരുന്നില്ല. 

2012-ല്‍ ഇയാളുടെ സഹോദരന്‍ ജിയോവന്നിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. അതോടെ, രാജ്യമാകെ പരന്നുകിടക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ഇയാളുടെ കൈകളിലായി.

അതോടെ സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ആയിരക്കണക്കിനാളുകളെ സംഘത്തിലേക്ക് ചേര്‍ത്തു. പിന്നീട്, കൊളംബിയ അടക്കിഭരിക്കുകയായിരുന്നു ഇയാളുടെ സംഘം. 


കൊളംബിയയും അമേരിക്കയും സംയുക്തമായി വേട്ടയാരംഭിച്ചതോടെ ഇയാള്‍ കൊടുംകാടുകളിലേക്ക് പിന്‍വലിഞ്ഞു. വനപ്രദേശങ്ങളിലെ വീടുകളില്‍ മാറിമാറിത്താമസിച്ചു കൊണ്ട് ഇയാള്‍ പിടികൊടുക്കാതെ ഒളിച്ചു ജീവിച്ചു. 


പതിനൊന്ന് വര്‍ഷമായി ഒറ്റാനിയല്‍  ഒളിവില്‍ കഴിയുകയാണ്. അഞ്ച് വലയങ്ങളുള്ള കനത്ത സുരക്ഷാ സന്നാഹമാണ് ഇയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നത്. ഗ്രാമീണ വീടുകളില്‍ മാറിമാറി താമസിക്കുന്ന ഇയാളെ പിടികൂടാനാവാതെ സൈന്യം വലഞ്ഞു. 

പിടികൊടുക്കാതിരിക്കാനായി ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ആശയവിനിമയത്തിനായി സന്ദേശവാഹകരെയാണ് ഉപയോഗിച്ചിരുന്നത്. കാല്‍നടയായാണ് സദാ സമയവും സഞ്ചരിച്ചിരുന്നത്. പതിയെ ഒരു കാട്ടുകൊള്ളക്കാരന്റെ പ്രവര്‍ത്തന രീതിയിലേക്ക് ഇയാള്‍ മാറി.


അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും പതിററാണ്ടോളമായി തുടരുന്ന സംയുക്ത ഓപ്പറേഷനില്‍ ഇയാളുടെ നിരവധി വിശ്വസ്ഥര്‍ കൊല്ലപ്പെട്ടു. സംഘത്തിലെ പകുതിയിലേറെ പേര്‍ കീഴടങ്ങി. 

മൂന്ന് വര്‍ഷം മുമ്പ് പൊലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ പിടിയിലായെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, താമസിക്കുന്ന സ്ഥലത്തുനിന്നും ഇയാള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. അസഹ്യമായ നടുവേദന ഉണ്ടായിരുന്നതിനാല്‍, അസ്ഥിരോഗങ്ങള്‍ക്കുപയോഗിക്കുന്ന പ്രത്യേക തരം കിടക്കയുമായാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് എന്ന് കണ്ടെത്തി. 

കൂടെയുള്ളവര്‍ ഓരോരുത്തരായി ഇല്ലാതാവുന്ന സാഹചര്യത്തിലാണ്, വടക്കന്‍ കൊളംബിയയിലെ പരാമിലോ മാസിഫിലെ കൊടും കാടിനുള്ളിലെ ഒളിത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടിയത്. എസ്‌കോബാറിനു ശേഷം കൊളംബിയയെ വിറപ്പിച്ചിരുന്ന ഇയാളുടെ ഫോട്ടോ പോലും ആദ്യകാലത്ത് ലഭ്യമായിരുന്നില്ല. 

അതായിരുന്നു എസ്‌കോബാറില്‍നിന്നും ഇയാള്‍ക്കു വ്യത്യാസവും.  എസ്‌കോബാറും മറ്റ് മയക്കുമരുന്നു രാജാക്കന്‍മാരും  പരസ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇയാള്‍ പൊതുസ്ഥലങ്ങളില്‍നിന്നും അതീവശ്രദ്ധയോടെ മാറിനിന്നു.

എന്നാല്‍ ഇയാള്‍ക്ക് രാജ്യത്തുടനീളം സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ കൊലയാളി സംഘങ്ങള്‍ ഉന്നതര്‍ മുതല്‍ സാധാരണക്കാരെ വരെ ഇരകളാക്കി. 


ഒറ്റാനിയലിനെതിരെ അമേരിക്കയില്‍ നിരവധി കേസുകളാണ് ഉള്ളത്. അമേരിക്കയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുള്ള കൊളംബിയ ഒറ്റാനിയലിനെ അമേരിക്കയ്ക്ക് കൈമാറുകയാണ്. വ്യോമസേനയുടെ തങ്കല്‍പാളയത്തില്‍ സൂക്ഷിച്ച ഇയാളെ അടുത്ത ദിവസം അമേരിക്കയിലേക്ക് കൊണ്ടുപോവും. 

click me!