ആശുപത്രിയില്ല, ഐസിയു സൗകര്യമില്ല, പുറത്തേക്ക് പോകാന്‍ മാര്‍ഗ്ഗങ്ങളും; കൊവിഡ് ഭീതി മാറാതെ ഇവിടെ തദ്ദേശവാസികള്‍

First Published May 24, 2020, 2:38 PM IST

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അടുത്തൊന്നും ആശുപത്രികളില്ലാത്തതും ബ്രസീലിലെ ഗോത്രവിഭാഗക്കാരില്‍ എളുപ്പം കൊവിഡ് ബാധിക്കുന്നതിനും അവരുടെ മരണസംഖ്യ കൂടുന്നതിനും കാരണമാകുന്നു. ബ്രസീലില്‍ ആകെയുണ്ടാവുന്നതിനേക്കാള്‍ വേഗത്തിലാണ് ഇവിടെ മരണമുണ്ടാവുന്നതെന്ന് അഡ്വക്കസി ഗ്രൂപ്പ് ആർട്ടിക്കുലേഷൻ ഓഫ് ഇൻഡിജെനസ് പീപ്പിൾസ് ഓഫ് ബ്രസീൽ (എപിഐബി) പറയുന്നു. എപിഐബി -യുടെ കണക്കനുസരിച്ച് തദ്ദേശവാസികള്‍ക്കിടയില്‍ 980 ഔദ്യോഗികമായി രേഖപ്പെടുത്തിയ കൊവിഡ് കേസുകളും 125 മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. 

എന്നാല്‍, ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്‍പെഷ്യല്‍ സെക്രട്ടറിയേറ്റ് ഓഫ് ഇന്‍ഡിജീനിയസ് ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച് 695 കൊവിഡ് കേസുകളും 34 കൊവിഡ് മരണങ്ങളുമാണ് ഉണ്ടായതെന്നാണ് പറയുന്നത്. ഈ കണക്കുകള്‍ തദ്ദേശവാസികളുടേതായ പരമ്പരാഗത ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെയോ അവിടെയുള്ള ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തിയവരുടെയോ കണക്കുകളാണ്. നഗരത്തില്‍ ജോലിക്കും മറ്റുമായി പോയി താമസിക്കുന്നവരുടെയോ അവരില്‍ രോഗം ബാധിച്ചവരുടെയോ എണ്ണം ഇതില്‍ അടങ്ങിയിട്ടില്ല എന്നാണ് പറയുന്നത്.
undefined
പഠിക്കാനോ ജോലി അന്വേഷിക്കാനോ വലിയ പട്ടണങ്ങളിലേക്കോ നഗരപ്രദേശങ്ങളിലേക്കോ മാറിയ തദ്ദേശവാസികളുണ്ട്. ജീവിതസാഹചര്യങ്ങള്‍ മാറിയെന്നതുകൊണ്ടുതന്നെ ഇവരിലും അസുഖം വരാം. എന്നാല്‍, പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ശുചീകരണവുമായി ബന്ധപ്പെട്ടതോ ആരോഗ്യകരമായ സൗകര്യങ്ങളോ ഇല്ല. ആമസോണ്‍ കാടുകളുടെ അകത്തുള്ള യാനോമാമി വിഭാഗത്തില്‍ പെട്ട പതിനഞ്ചുകാരന്‍റെ മരണമാണ് തദ്ദേശവാസികളുടെ ഇടയിലെ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം. ഏപ്രിലിലായിരുന്നു ഇത്.
undefined
''വര്‍ഷങ്ങളായി തദ്ദേശവാസികള്‍ പൊതുസമൂഹത്തിന്‍റെ അവഗണനയിലാണ് കഴിയുന്നത്. ഇപ്പോള്‍ കൊറോണ വൈറസും അതിന്‍റെ മുതലെടുപ്പ് നടത്തുന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ, വാസയോഗ്യം പോലുമല്ലാത്ത ഉള്‍പ്രദേശങ്ങളിലാണ് ഞങ്ങളുടെ മനുഷ്യര്‍ ജീവിക്കുന്നത്...'' എപിഐബി എക്സിക്യൂട്ടീവ് കോര്‍ഡിനേറ്ററും ടുക്സ ജനങ്ങളുടെ പ്രതിനിധിയുമായ ദിനാമന്‍ ടുക്സ പറയുന്നു. ടുക്സ സമുദായത്തിലെ ആയിരത്തിനാന്നൂറോളം ജനങ്ങള്‍ താമസിക്കുന്നയിടത്ത് ഒരു ആശുപത്രി പോലുമില്ല. ഐസിയു സൗകര്യമുള്ളയിടത്തെത്തണമെങ്കില്‍ നാലര മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടതുണ്ട്. പൂര്‍ണമായ ഒറ്റപ്പെടലല്ലാതെ അവര്‍ക്ക് പ്രതിരോധത്തിന് മറ്റെന്താണ് മാര്‍ഗ്ഗമെന്നും എന്നും ദിനാമന്‍ ചോദിക്കുന്നു. ''ഈ മഹാമാരി സമയത്ത് നമുക്ക് ഒരുപാട് തെരഞ്ഞെടുപ്പുകളൊന്നുമില്ല. ഞങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ആരേയും അകത്തേക്ക് കയറ്റാതിരിക്കുന്നു. പരമാവധി ആരും പുറത്തേക്കും പോകാതിരിക്കാന്‍ ശ്രമിക്കുന്നു.'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
undefined
നിലവില്‍ ടുക്സയില്‍ കൊവിഡ് കേസുകളില്ല. പക്ഷേ, ഇതുപോലെ പ്രതിരോധിച്ചുകൊണ്ട് എത്രനാള്‍ പോകാനാവുമെന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. 60 തദ്ദേശവാസികളുടെ ഗ്രൂപ്പുകളിലെങ്കിലും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതിലേറെ ഭാഗവും ആമസോണ്‍ പ്രദേശത്താണ്. ബോട്ടിലോ എയര്‍പ്ലെയിനിലോ മാത്രമേ അവിടെ ജനങ്ങള്‍ക്ക് ആശുപത്രികളിലെത്തിച്ചേരാനാവൂ. ഇന്‍ഫോആമസോണിയ (InfoAmazonia) എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നടത്തിയ ഒരു പഠനപ്രകാരം ബ്രസീലിലെ തദ്ദേശഗ്രൂപ്പുകളുടെ വാസസ്ഥലവും അടുത്തുള്ള ഐസിയു സംവിധാനവും തമ്മില്‍ 315 കിലോമീറ്റര്‍ ദൂരമുണ്ട്. 10 ശതമാനം ഗ്രാമങ്ങളാകട്ടെ 700 മുതല്‍ 1079 കിലോമീറ്റര്‍ ദൂരമെങ്കിലുമുണ്ട് അടുത്തുള്ള ഐസിയുവിലേക്ക്.
undefined
''പ്രാഥമിക ചികിത്സാ സൗകര്യങ്ങളുള്ള തദ്ദേശസമുദായങ്ങള്‍ പോലും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല. അതിനര്‍ത്ഥം കൊറോണ വൈറസ് ബാധിച്ചവര്‍ മരിക്കുകയോ അല്ലെങ്കില്‍ ഒരുപാട് ദൂരം ചികിത്സക്കായി യാത്ര ചെയ്യേണ്ടിയോ വരുമെന്നാണ്'' എന്ന് ജോനിയ വാപിചന പറയുന്നു. ബ്രസീലിലെ ആദ്യത്തെ തദ്ദേശവാസികളില്‍ നിന്നുള്ള കോണ്‍ഗ്രസ് വുമണാണ് ഇവര്‍.
undefined
തദ്ദേശവാസികളില്‍ ഏറ്റവുമധികം കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത് അമസോണാസിലാണ്. കഴിഞ്ഞ ആഴ്ച ബ്രസീല്‍ കോണ്‍ഗ്രസ് തദ്ദേശവാസികള്‍ക്കായി കൊവിഡ് അടിയന്തിര മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അതില്‍ ആരോഗ്യ സാമഗ്രികള്‍ക്ക് പുറമേ ഐസൊലേഷനില്‍ കഴിയുന്ന തദ്ദേശവാസികള്‍ക്കായി വെള്ളവും ഭക്ഷണവുമെത്തിക്കാന്‍ പറയുന്നുണ്ട്. പക്ഷേ, അതിപ്പോഴും സെനറ്റിന്‍റെയും ബോള്‍സനാരോയുടെയും അനുമതിയും കാത്തിരിക്കുകയാണ്. ബോള്‍സനാരോയുടെ പല പ്രവൃത്തികളും അഴിമതിയില്‍ മുങ്ങിയതും തദ്ദേശവാസികളുടെ നാശത്തിലേക്കെത്തിക്കുന്നതുമായിരുന്നു. ആമസോണിന്‍റെ ഘാതകനെന്ന പേരും ബോള്‍സനാരോയ്ക്കുണ്ട്.
undefined
ഒരിക്കലും തീരാത്ത അവഗണനയില്‍ നിന്നും ഈ കൊവിഡ് കാലത്തെങ്കിലും മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കാം ഇവിടെയുള്ളവര്‍. എന്നാല്‍, ഉയരുന്ന മരണസംഖ്യ അവരെ ആശങ്കാകുലരാക്കുകയാണ്.
undefined
click me!