കാശില്ലാത്തവനെ പ്രണയിച്ചതിന് അമ്മ മകളെ ഇരുട്ടുമുറിയില്‍ ചങ്ങലക്കിട്ടത് 25 വര്‍ഷം; പ്രണയത്തിന്‍റെ രക്തസാക്ഷി

First Published May 28, 2020, 12:53 PM IST

പ്രണയത്തിന്‍റെ പേരില്‍ ലോകത്ത് രക്തസാക്ഷികളായത് അനേകമനേകം പേരാണ്. അച്ഛനാല്‍ കൊല്ലപ്പെട്ട ആതിരയെക്കുറിച്ച്, അവളെ കൊന്ന അച്ഛനെ വെറുതെ വിട്ടതിനെ കുറിച്ച് കഴിഞ്ഞ ദിവസം കൂടി നാം കേട്ടതേയുള്ളൂ. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വേദനയേറിയ ഒരു പ്രണയകഥയെ കുറിച്ചാണ്. ആ പ്രണയനായികയുടെ പേരാണ് ബ്ലഞ്ച് മോണിയര്‍. 25 വര്‍ഷമാണ് ബ്ലഞ്ചിനെ അവളുടെ അമ്മ പുറംലോകം കാണാതെ പൂട്ടിയിട്ടത്. 

1849 മാര്‍ച്ച് ഒന്നിനാണ് ബ്ലഞ്ച് ജനിച്ചത്. അവളുടെ പ്രഭ്വിയായ അമ്മ അവളെ ഒരു കുഞ്ഞു മുറിക്കുള്ളില്‍ ചങ്ങലക്കിട്ടത് 25 വര്‍ഷം. ഒടുവില്‍ പൊലീസ് കണ്ടെത്തുമ്പോഴേക്കും എല്ലും തോലും മാത്രമായിക്കഴിഞ്ഞിരുന്നു അവള്‍... അവളുടെ യൗവ്വനമെല്ലാം ആ ഇരുട്ടുമുറി കവര്‍ന്നെടുത്തിരുന്നു. ആ 25 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ സൂര്യപ്രകാശം കണ്ടിരുന്നില്ലെന്നാണ് പറയുന്നത്.
undefined
ഫ്രാന്‍സിലെ ഒരു ബൂര്‍ഷ്വാ കുടുംബത്തിലാണ് ബ്ലഞ്ച് ജനിച്ചത്. പ്രശസ്‍തിയും ബഹുമാനവും ആര്‍ജ്ജിക്കപ്പെട്ട കുടുംബമായിരുന്നു മാഡം മോണിയറിന്‍റേത്. മാഡം മോണിയറിന്‍റെ അതിസുന്ദരിയായ മകളായിരുന്നു ബ്ലഞ്ച്. അതുകൊണ്ടുതന്നെ നിരവധി വലിയ കുടുംബത്തിലെ പുരുഷന്മാര്‍ അവളെ വിവാഹം കഴിക്കാനാഗ്രഹിച്ചെത്തിയിരുന്നു. പക്ഷേ, അതേസമയം ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അവള്‍ ഒരു അഭിഭാഷകനുമായി പ്രണയത്തിലായി. വലിയ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത വളരെ സാധാരണക്കാരനായ ഒരാളായിരുന്നു ബ്ലഞ്ച് പ്രണയിച്ചിരുന്നയാള്‍. എന്നാല്‍, ബ്ലഞ്ചിന്‍റെ അമ്മ മാഡം മോണിയര്‍ അവളുടെ പ്രണയത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
undefined
ഒരു കാശിനും കൊള്ളാത്ത അയാളെ വിവാഹം കഴിക്കാന്‍ താനൊരിക്കലും സമ്മതിക്കില്ലെന്ന് മാഡം മോണിയര്‍ ബ്ലഞ്ചിനോട് ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍, ബ്ലഞ്ച് തന്‍റെ പ്രണയത്തില്‍നിന്നും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലായിരുന്നു. അതുറപ്പായപ്പോള്‍ മാഡം മോണിയര്‍ തന്‍റെ മകളെ മുകള്‍നിലയിലെ ഒരു കുഞ്ഞുമുറിയില്‍ ചങ്ങലക്കിട്ടു. വാതിലും ജനാലകളും എല്ലാം അടച്ചിട്ടു. ഭക്ഷണം മാത്രം മുറിയിലെത്തിക്കും. മലമൂത്രവിസര്‍ജ്ജനം പോലും അതേ മുറിയില്‍ തന്നെ. വച്ചുനീട്ടപ്പെടുന്ന ഭക്ഷണത്തിന്‍റെ പങ്കുപറ്റാന്‍ പലപ്പോഴും എലികളും പാറ്റകളും മുറിയിലേക്കെത്തി.
undefined
നീണ്ട 25 വര്‍ഷക്കാലമാണ് ആരോരും രക്ഷിക്കാനെത്താതെ ബ്ലഞ്ച് ഈ തടവ് തുടര്‍ന്നത്. മാഡം മോണിയറും, മകനും ബ്ലഞ്ചിന്‍റെ സഹോദരനുമായ മാഴ്‍സലും ഒന്നും സംഭവിക്കാത്തതുപോലെ തങ്ങളുടെ ജീവിതം തുടര്‍ന്നു. ഒരിക്കല്‍പ്പോലും അവര്‍ക്ക് ബ്ലഞ്ചിന് നേരെ ദയ കാണിക്കാന്‍ തോന്നിയില്ല. ഭയന്നിട്ടോ എന്തോ കുടുംബത്തിലെ വേലക്കാരും ഒരക്ഷരം ആരോടും മിണ്ടിയില്ല. ചങ്ങയിലിടപ്പെട്ട ബ്ലഞ്ചും എലിക്കും പാറ്റക്കും ഒപ്പം ആ ഇരുട്ടുമുറിയില്‍ കിടന്നു തന്‍റെ നരകജീവിതം ജീവിച്ചു. അവളുടെ കൂട്ടുകാര്‍ പോലും അവളെവിടെയാണെന്നറിഞ്ഞില്ല. ബ്ലഞ്ച് വിവാഹം ചെയ്യാനാഗ്രഹിച്ച അവളുടെ കാമുകനാവട്ടെ 1885 -ല്‍ മരണപ്പെടുകയും ചെയ്‍തു. പക്ഷേ, കാമുകന്‍ മരണപ്പെട്ടിട്ടും അവള്‍ക്ക് തടവില്‍ നിന്ന് മോചനം കിട്ടിയിരുന്നില്ല.
undefined
എന്നാല്‍, 1901 മെയ് 23 -ന് പാരിസ് അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാത കത്ത് ലഭിച്ചു. അതിലെ ഉള്ളടക്കം ഇതായിരുന്നു, 'വളരെ ഗുരുതരമായ ഒരു കാര്യം താങ്കളെ അറിയിക്കുന്നതിനാണ് ഈ എഴുത്ത്. മാഡം മോണിയറുടെ വീട്ടില്‍ തടവിലാക്കപ്പെട്ട ഒരു സ്ത്രീയെ കുറിച്ചാണ് ഞാനെഴുതുന്നത്. 'കഴിഞ്ഞ 25 വര്‍ഷമായി സ്വന്തം മലമൂത്ര വിസര്‍ജ്ജനത്തില്‍ ഒരു കുപ്പത്തൊട്ടിയിലെന്നപോലെ അവര്‍ കഴിയുകയാണ്.' ആരാണ് ഈ കത്തെഴുതിയതെന്ന് ആര്‍ക്കും ഇന്നുമറിയില്ല. വേലക്കാരില്‍ ആരെങ്കിലുമാവാം. അല്ലെങ്കില്‍ ബ്ലഞ്ചിനെ തടവിലിട്ട മുറിയില്‍ നിന്നുള്ള ദുര്‍ഗന്ധമറിഞ്ഞ് അയല്‍ക്കാരില്‍ ആരെങ്കിലുമാവാം. ഏതോ ഒരു വേലക്കാരിയില്‍ നിന്നുമറിഞ്ഞ് ആ വേലക്കാരിയുടെ കാമുകനെഴുതിയതാവാം എന്നെല്ലാം ആളുകള്‍ പറഞ്ഞു.
undefined
ഏതായാലും കത്ത് കിട്ടിയതോടെ അറ്റോര്‍ണി ജനറല്‍ അങ്കലാപ്പിലായിട്ടുണ്ടാവും. കാരണം, സമൂഹത്തില്‍ അത്രയേറെ ഉന്നതമായ സാമുഹികസ്ഥാനമുള്ള കുടുംബമാണ് മാഡ‍ം മോണിയറിന്‍റേത്. ഏതായാലും പൊലീസുകാര്‍ അന്വേഷിക്കാനെത്തി. വീട്ടില്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ പൊലീസിനായില്ല. എന്നാല്‍, മുകളിലെ ഒരു മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് അവരറിഞ്ഞു. പൊലീസുകാര്‍ പൂട്ട് തുറന്ന് മുറിയിലേക്ക് പ്രവേശിച്ചു. കനത്ത ഇരുട്ടും ദുര്‍ഗന്ധവുമായിരുന്നു ആ മുറിക്കകം. ഒരു പൊലീസുകാരന്‍ ജനാല തുറന്നു. 25 വര്‍ഷത്തിനുശേഷം ആദ്യമായി ആ മുറിക്കകത്തേക്ക് സൂര്യപ്രകാശമെത്തി. അതിനുള്ളിലെ കാഴ്‍ച കണ്ട് പൊലീസുകാര്‍ ഞെട്ടിപ്പോയി. ഛര്‍ദ്ദിലും മലവും നിറഞ്ഞ മുറിയില്‍ ചങ്ങലക്കിട്ടനിലയില്‍ എല്ലുംതോലുമായി നഗ്നയായ ഒരു സ്ത്രീ. അത് മാഡം മോണിയറിന്‍റെ മകള്‍ ബ്ലഞ്ചായിരുന്നു. പൊലീസുകാര്‍ അവളെ ആശുപത്രിയിലെത്തിച്ചു. ആ സമയത്ത് അവളുടെ തൂക്കം വെറും 25 കിലോ ആയിരുന്നു. ബോധം തിരിച്ചു കിട്ടിയ സമയത്ത് ബ്ലഞ്ച് തന്‍റെ കഥ പറഞ്ഞു.
undefined
മാഡം മോര്‍ണിയറും മകനും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ അസുഖബാധിതയായി. ബ്ലഞ്ചിന്‍റെ വേദനിപ്പിക്കുന്ന കഥയറിഞ്ഞ ജനങ്ങള്‍ കോപം കൊണ്ടു. അവര്‍ പ്രതിഷേധവുമായി മാഡം മോര്‍ണിയറുടെ വീടിനു മുന്നില്‍ തടിച്ചുകൂടി. അതിനെ തുടര്‍ന്ന് മാഡം മോര്‍ണിയര്‍ ഹൃദായാഘാതം മൂലം മരണപ്പെട്ടു. മാഴ്‍സല്‍ സ്വയം വാദിച്ച് രക്ഷപ്പെട്ടു. ബ്ലഞ്ച് പിന്നീട് തന്‍റെ സഹോദരനൊപ്പം കഴിയാന്‍ തയ്യാറായില്ല. ആഹാരവും വെള്ളവും ചികിത്സയും കിട്ടിയെങ്കിലും ബ്ലഞ്ചിന്‍റെ അവസ്ഥ ദയനീയമായിരുന്നു. സൂര്യപ്രകാശവുമായി അവളുടെ കണ്ണുകള്‍ക്ക് പിന്നീടൊരിക്കലും യോജിച്ചുപോകാനായില്ല. നിരവധി മാനസികാരോഗ്യപ്രശ്‍നങ്ങളും അവള്‍ക്കുണ്ടായി. അവളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് 1913 -ല്‍ അവള്‍ മരണപ്പെട്ടു. ഒരുപക്ഷേ, ലോകത്തൊരു പെണ്ണും പ്രണയത്തിനായി ഇത്രയേറെ സഹിച്ചിട്ടുണ്ടാവില്ല. സ്വന്തം ജീവിതം തന്നെയാണ് ബ്ലഞ്ച് തന്‍റെ പ്രണയത്തിനായി പകരം നല്‍കിയത്.
undefined
click me!