ആയിരത്തിനടുത്തുപേർ സ്വയം കൊല്ലാൻ വിധിക്കപ്പെട്ട ദിവസം, ലോകം ഞെട്ടിയ കൂട്ടആത്മഹത്യ; ചിത്രങ്ങൾ

First Published May 12, 2020, 12:47 PM IST

ഹെലികോപ്റ്ററുകളിൽ ആ ഭൂമിയ്ക്ക് മുകളിൽ പറന്നുകൊണ്ടിരിക്കുമ്പോൾ, 300 അടി ഉയരത്തിൽ നിന്നും പോലും അഴുകിയ മനുഷ്യശരീരത്തിന്റെ അസഹ്യമായ ദുർഗന്ധം രക്ഷാപ്രവർത്തകരുടെ മൂക്കുതുളച്ചു. ഉയരത്തിൽ നിന്ന് താഴെ നോക്കിയ അവർക്ക് ആരോ വലിച്ചെറിഞ്ഞ തുണിക്കഷണങ്ങൾപോലെ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ കൂമ്പാരമാണ് കാണാൻ കഴിഞ്ഞത്. ഒടുവിൽ ദുർഗന്ധം സഹിക്കാൻ വയ്യാതെ തൂവാലകൾ കൊണ്ട് അവർ മൂക്ക് മറച്ചു. താഴെ, ശവശരീരങ്ങളെല്ലാം തന്നെ പരസ്പരം കെട്ടിപിടിച്ച് കിടക്കുന്നതായിട്ടാണ് അവർ കണ്ടത്. അമേരിക്കൻ ജനതയെ പിടിച്ചു കുലുക്കിയ ഏറ്റവും ഭയാനകമായ കൂട്ടആത്മഹത്യകളിൽ ഒന്നായ അത്, ജോൺസ്‌ടൗൺ കൂട്ടക്കൊല എന്നറിയപ്പെടുന്നു.

1978 നവംബർ 18 -ന് മനസ്സില്ലാമനസ്സോടെ, കരിസ്മാറ്റിക് നേതാവ് ജിം ജോൺസിന്റെ 900 -ലധികം വരുന്ന അനുയായികൾ അയാളുടെ നിർദേശപ്രകാരം, സയനൈഡ് പൊതിഞ്ഞ ഫ്രൂട്ട് പഞ്ച് കുടിച്ചു. മുന്നൂറിലധികം കുട്ടികളെ ഇത് കുടിക്കാൻ നിർബന്ധിച്ചു. അതുംകൂടാതെ കൂട്ടത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ആ വിഷം സിറിഞ്ചുകളിൽ നിറച്ച് വായിലൊഴിച്ചു കൊടുത്തു, അതും സ്വന്തം അമ്മമാർ തന്നെ. ജോൺസിന്റെ ഈ “വിപ്ലവകരമായ ആത്മഹത്യ” -ൽ പങ്കുചേരാൻ വിസ്സമ്മതിച്ച ഒരുകൂട്ടം ആളുകളെ അയാളുടെ അനുയായികൾ വിഷം കുത്തിവച്ചു കൊന്നു. ചുറ്റുമുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ജോൺസിന്റെ സായുധ ഗാർഡുകൾ വെടിവച്ചു കൊന്നു. കണക്ക് പ്രകാരം, അന്ന് 918 പേരാണ് മരിച്ചത്. സൗത്ത് അമേരിക്കയിലെ ഗയാനയിലെ കൊടുംചൂടിൽ ആ മൃതദേഹങ്ങൾ അഴുകിയിരുന്നു. ജിം ജോൺസ്‌ എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു അവർ.
undefined
കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ജോൺസ്. സ്ഥിരമായി പള്ളിയിൽ പോയിരുന്ന ജോൺസ്‌, ബട്ട്‌ലർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ആത്മീയ ശുശ്രൂഷയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. 1950 -കളിലും, 60 -കളിലും ജോൺസ് ഒരു ജനപ്രിയ പെന്തക്കോസ്ത് പ്രാസംഗികനായി മാറി. വംശീയ അസമത്വത്തിന് എതിരെ ശബ്‌ദമുയർത്തിയ അയാൾ, പെട്ടെന്നുതന്നെ ജനശ്രദ്ധ പിടിച്ച് പറ്റാൻ തുടങ്ങി. 1955 -ൽ അദ്ദേഹം വിംഗ്സ് ഓഫ് ഡെലിവറൻസ് എന്ന പള്ളി സ്ഥാപിച്ചു. സുവിശേഷ പ്രസംഗത്തിലൂടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള തന്റെ സഭയായ പീപ്പിൾസ് ടെമ്പിളിലേക്ക് അനുയായികളെ ആകർഷിക്കാൻ അയാൾ ശ്രമിച്ചു.
undefined
അയാളുടെ നൂറോ അതിലധികമോ അനുയായികൾ പെട്ടെന്നുതന്നെ ആയിരമായി ഉയർന്നു. മനസികാസ്വാസ്ഥ്യങ്ങളുള്ള അയാൾ, തന്റെ വർദ്ധിച്ചുവരുന്ന വിചിത്രമായ പെരുമാറ്റം നിയന്ത്രിക്കാൻ കൂടുതൽ മരുന്നുകളെ ആശ്രയിക്കാൻ തുടങ്ങി. ഒടുവിൽ അയാൾ, മരുന്നുകൾക്ക് അടിമയായി തീർന്നു. തന്റെ പള്ളിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നത്തിന് അയാളുടെ വിശ്വസ്തരെ ഉപയോഗിച്ച് ജോൺസ് വ്യാജ വിശ്വാസ രോഗശാന്തി നടത്തി. ഒടുവിൽ അയാൾ തന്നെത്തന്നെ യേശുവെന്ന് വിളിക്കാൻ തുടങ്ങി.
undefined
1977 -ൽ പീപ്പിൾസ് ടെമ്പിൾ ആസ്ഥാനം ഗയാനീസ് മരുഭൂമിയുടെ ഒരുൾപ്രദേശത്തേക്ക് അയാൾ മാറ്റി.സർക്കാരോ, മാധ്യമ ഇടപെടലോ ഇല്ലാതെ അവർക്ക് ഒരു സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ജോൺസ്‌ അനുയായികളോട് പറഞ്ഞു. ഉഷ്ണമേഖലാ കാലാവസ്ഥയും പരിമിതമായ വിഭവങ്ങളും ഉള്ള ആ ഇടതൂർന്ന കാടിനെ ഒരു കാർഷിക ഭൂമിയാക്കി അയാൾ മാറ്റാൻ തുടങ്ങി, താമസിയാതെ ജോൺസ്‌ടൗൺ എന്ന് പേരുമിട്ടു. അവിടെ ധനികരോ ദരിദ്രരോ ഇല്ലാത്ത, വംശങ്ങളില്ലാത്ത, ആളുകളെല്ലാം തുല്യരായ ഒരു സമൂഹം കെട്ടിപ്പടുക്കുമെന്ന് അയാൾ അനുയായികൾക്ക് വാക്ക് കൊടുത്തു. .
undefined
അനുയായികൾ സഭയുടെ ഈ ഉട്ടോപ്യൻ പദ്ധതിക്കായി പൂർണ്ണമായും സ്വയം അർപ്പിക്കണമായിരുന്നു. അവർ അവരുടെ സ്വത്ത് സഭയ്ക്ക് നൽകി, സഭയ്ക്കായി ശമ്പളമില്ലാത്ത ജോലി ചെയ്യുകയും പലപ്പോഴും അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. പ്രതിബദ്ധതയുടെ പ്രകടനമെന്ന നിലയിൽ, പീപ്പിൾസ് ടെമ്പിൾ അംഗങ്ങളോട് തങ്ങൾ മക്കളെ പീഡിപ്പിച്ചുവെന്ന തെറ്റായ സാക്ഷ്യപത്രങ്ങളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ബ്ലാക്ക് മെയിലിനായി ഇത് സഭ സൂക്ഷിച്ചിരുന്നു. ജോൺസ്‌ടൗണിനകത്ത് ശിഷ്യമാർ പീഡിപ്പിക്കപ്പെടുകയും, ചൂഷണം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു എന്നതാണ് വാസ്തവം.
undefined
ഒരു ജോൺസ്‌ടൗൺ നിവാസിയുടെ ജീവിതത്തിലെ ഒരു ദിവസം, ഒരു ലേബർ ക്യാമ്പിന്റെ ദിനചര്യയ്ക്ക് സമാനമായിരുന്നു. രാവിലെ 6 മണിക്ക് അരി, വെള്ളം ചേർത്ത പാൽ, പഞ്ചസാര എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം ലഭിക്കും. അതിന് ശേഷം 10 മണിക്കൂറിലധികം ആ കൊടുംചൂടിൽ വയലുകളിൽ പണിയെടുക്കുക. അരി, ഗ്രേവി, കാട്ടു പച്ചിലകൾ എന്നിവ അടങ്ങിയ അത്താഴത്തിന് ശേഷം, റഷ്യൻ ഭാഷാ പാഠങ്ങൾക്കുള്ള സമയമായിരുന്നു. കാരണം സോവിയറ്റ് യൂണിയനെ “ഭൂമിയിലെ പറുദീസ” എന്നായിരുന്നു അയാൾ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചയിൽ ഏകദേശം മൂന്ന് തവണ “പീപ്പിൾസ് ഫോറം” എന്ന പരിപാടി ഉണ്ടായിരുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന ജോൺസ് തന്റെ ആട്ടിൻകൂട്ടത്തെ ഉപദേശിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ചടങ്ങായിരുന്നു അത്. ഇത്, ചിലപ്പോൾ പുലർച്ചെ 3 മണിവരെ നീളും. നേരെ ആഹാരം കിട്ടാതെ, ആവശ്യത്തിന് ഉറക്കമില്ലാതെ അയാളുടെ അനുയായികൾ അവിടെ നരക ജീവിതം നയിച്ചു. പക്ഷേ, അയാളെ എതിർക്കാൻ ആർക്ക് സാധിക്കും?
undefined
ഇതിനെല്ലാം പുറമെ രാത്രികാലങ്ങളിൽ “വൈറ്റ് നൈറ്റ്സ്” എന്ന ഒരു പതിവ് കലാപരിപാടിയുമുണ്ടായിരുന്നു അവിടെ. വിഷം കലർന്ന പാനീയമാണെന്ന് സങ്കല്പിച്ച് കൈയിലിരിക്കുന്ന ജ്യൂസ് കുടിക്കാൻ അയാൾ നിവാസികളെ പ്രേരിപ്പിക്കുന്ന ചടങ്ങാണ് അത്. ഒടുവിലത്തെ കൂട്ട ആത്മഹത്യയ്ക്ക് നിവാസികളെ പരിശീലിപ്പിക്കയായിരുന്നു ജോൺസ്. ക്യാമ്പ് സമുച്ചയത്തിൽ നിന്ന് രക്ഷപ്പെടുന്നത് അസാധ്യമായിരുന്നു. അവിടത്തെ സായുധ ഗാർഡുകൾ പുറത്തേക്കുള്ള പാതകളിൽ പട്രോളിംഗ് നടത്തി. എങ്ങാൻ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാൽ പിടികൂടാനായി ഒരു വാച്ച് ടവർ അവിടെ സ്ഥാപിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ “എക്‌സ്ട്രാ കെയർ യൂണിറ്റിലേക്ക്” കൊണ്ടുപോയി. അവിടെ, ബോധമില്ലാത്ത രീതിയിൽ മയക്കുമരുന്നു കൊടുത്തത് മയക്കി കിടത്തി. ഒന്നും പറയാൻ കഴിയാതെ, ഒന്നും ചെയ്യാൻ കഴിയാതെ മരപ്പാവകളെ പോലെ അവർ കിടന്നു.
undefined
എന്നാൽ പുറംലോകം അറിയുമെന്നും താൻ പിടിക്കപ്പെടുമെന്നും ഉറപ്പായപ്പോഴാണ് അയാൾ ഈ കൂട്ടആത്മഹത്യക്ക് ആളുകളെ പ്രേരിപ്പിച്ചത്. അയാളോട് അകമഴിഞ്ഞ ഭക്തിയുണ്ടായിരുന്ന അവർ അയാൾക്ക് വേണ്ടി അതും ചെയ്യാൻ തയ്യാറായിരുന്നു. ഇത് ആത്മഹത്യ അല്ലെന്നും, വിപ്ലവകരമായ ഒരു പ്രവർത്തനമാണെന്നും അയാൾ ശിഷ്യരെ ബോധ്യപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും അയാൾ സയനൈഡ് നൽകി. അത് കഴിച്ച ആളുകൾ രക്തം ഛർദ്ദിക്കാൻ തുടങ്ങി. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള മക്കൾ പിടഞ്ഞുവീഴുന്നത് കണ്ട് മാതാപിതാക്കൾ ഭ്രാന്തമായി അലമുറയിടാൻ തുടങ്ങി. അയാൾ അപ്പോഴും എല്ലാവരെയും വിഷം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഒരു വെടിയുണ്ടയിൽ അയാൾ സ്വയം മരണത്തെ വരിച്ചു. ഭക്തിയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ചൂഷണങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായി ജോൺസ്‌ടൗൺ കൂട്ടക്കൊല മാറി.
undefined
click me!