ഭൂതത്താന്‍റെ നടവരമ്പ്, പൂച്ചകള്‍ക്ക് ആരാധനാലയങ്ങള്‍ വരെയുള്ള ദ്വീപ്; കാണാം വിചിത്രമായ ചില സ്ഥലങ്ങള്‍

First Published Sep 10, 2020, 12:30 PM IST

ലോകത്തിലെ വിചിത്രമായ ചില സ്ഥലങ്ങള്‍, വിചിത്രമായ പേരുകള്‍. ഇനിയും എന്തുകൊണ്ടാണെന്ന് കണ്ടെത്താത്ത ചില രഹസ്യങ്ങള്‍ പേറുന്ന ഇടങ്ങള്‍. പലതിലും ഗവേഷകര്‍ ഇപ്പോഴും പഠനം നടത്തുകയാണ്. പുള്ളിത്തടാകം, ഭൂതത്താന് ഒരു നടവരമ്പ്, പിങ്ക് തടാകം, ചില്ലുകൊണ്ടുള്ള കടലോരം ഇവയെല്ലാം ഇതില്‍ പെടുന്നു. കാണാം ആ സ്ഥലങ്ങള്‍. 

പുള്ളിത്തടാകം നിഗൂഢമാണ്: ഏറെ അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ തടാകമാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം. എന്നാല്‍, വേനല്‍ക്കാലത്ത് ഈ നിഗൂഢതകളെ വീണ്ടുമെവിടെയോ ഒളിപ്പിച്ച് ഈ തടാകം ഒരുക്കുന്നത് ഒരു പുതിയ അത്ഭുത കാഴ്‍ചയാണ്. വേനലില്‍ ഈ തടാകം വറ്റും. അപ്പോഴാണ് ആ മനോഹരദൃശ്യത്തിന് സാക്ഷിയാവാന്‍ ആളുകള്‍ക്ക് ഭാഗ്യം ലഭിക്കുന്നത്. മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300 -ല്‍പരം ചെറുകുളങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെടും. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണത്രെ ഖിലുക്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ഇനിയും ഏറെയേറെ പ്രത്യകതകളുണ്ട് 'സ്‌പോട്ടഡ് ലേക്ക്' അഥവാ പുള്ളികളുള്ള തടാകം എന്നറിയപ്പെടുന്ന ഖിലുക്കിന്. വ്യത്യസ്‍ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് 300 -ലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളതെന്നാണ് പറയപ്പെടുന്നത്. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്‍ത ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഇങ്ങനെ രോഗം ശമിപ്പിക്കാനുള്ള കഴിവ് ലഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ ഒക്കനാഗന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ പുണ്യസ്ഥലമായാണ് തടാകത്തെ കാണുന്നത്.
undefined
ഭൂതത്താന് ഒരു നടവരമ്പ്: 'ഭൂതത്താന്റെ നടവരമ്പ്' എന്നാണ് ഈ ഇടത്തിന്‍റെ വിളിപ്പേര്. 1986 -ൽ അയർലണ്ടിലെ ഈ സ്ഥലത്തെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി തെരഞ്ഞെടുത്തു. അതിന് ഈ വ്യത്യസ്തമായ പേര് വന്നതിനു പിന്നിലുമുണ്ടൊരു കഥ. കടലിൽ നിന്നും കൊത്തി എടുത്തപോലുള്ള നിരത്തിവെച്ച ഷഡ്ഭുജ കല്ലടുക്കു തൂണുകൾ നിറഞ്ഞ സ്ഥലമാണ് ഇവിടം. സ്തൂപങ്ങൾ നിർമ്മിച്ചത് പുരാതന അയർലണ്ടിലെ ഫിയോൻ മാക്കൂൾ എന്ന ഭൂതമാണെന്ന് നാട്ടുകാരിൽ ചിലർ വിശ്വസിക്കുന്നു. അതിനാലാണ് അത് ഭൂതത്താന്‍റെ നടവരമ്പ് ആയത്. എന്നാൽ, ശാസ്ത്രം പറയുന്നത് 60 ലക്ഷം വർഷം മുൻപുള്ള അഗ്നിപർവത സ്ഫോടനമാണ് കല്ലുകൾ ഈ രീതിയിൽ രൂപപ്പെടാൻ കാരണമെന്നാണ്. ലാവ തണുത്തുറഞ്ഞപ്പോൾ അവയിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും അവ നിരത്തിവെച്ച ഷഡ്ഭുജ തൂണുകൾ പോലെയാവുകയും ചെയ്‌തെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചിട്ടുണ്ട്.
undefined
ഒരു പിങ്ക് തടാകം: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റിലാണ് പിങ്ക് തടാകം. മൊത്തം പിങ്ക് നിറമാണ് ഈ തടാകത്തില്‍. പിങ്ക് തടാകത്തിന്റെ ഈ പിങ്ക് രഹസ്യം തേടി ഗവേഷക ലോകം പഠനം തുടരുകയാണ്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റര്‍ മാത്രമാണ്. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്‌ലിന്റേഴ്‌സാണ് പിങ്ക് തടാകത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. പിന്നെയും ഒരുപാട് പേര്‍ തടാകത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി. എന്നാല്‍, കൃത്യമായ വിവരങ്ങളൊന്നും തന്നെ കിട്ടുകയുണ്ടായില്ല. തടാകത്തിലെ ചില ബാക്ടീരിയകളുടെയും ആല്‍ഗകളുടെയും സാന്നിധ്യമാണ് ഇങ്ങനെ പിങ്ക് നിറം വരുന്നതിന് കാരണമെന്നാണ് ചിലര്‍ കണ്ടെത്തിയത്. കടല്‍ ജലത്തിലേതിനെക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണത്രെ ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല. എന്നാല്‍, ഈ തടാകത്തില്‍ ഇറങ്ങിയാലോ കുളിച്ചാലോ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുമുണ്ട്.
undefined
സൂചിമലകൾ: തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് വൂളിങ്ങ് യുവാൻ പട്ടണം. ഈ പട്ടണത്തിനു തൊട്ടടുത്തുള്ള കാടുകളിൽ ആയിരക്കണക്കിന് സൂചിമലകളാണ് കുത്തനെ ആകാശത്തോളം ഉയര്‍ന്നു നിൽക്കുന്നത്. നോക്കെത്താദൂരം പല ഉയരത്തിലും പല രൂപങ്ങളിലും നിറഞ്ഞു കിടക്കുന്ന മൂവായിരത്തോളം സൂചിമലകളാണു 12000 ഏക്കറിലായി കാഴ്ച്ചയുടെ വിരുന്നൊരുക്കി ഇവിടെ തലയുയർത്തി നിൽക്കുന്നത്. ഈ അപൂർവ ഭൂപ്രകൃതി മൂലം യുനെസ്‌കോ ലോക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് വൂളിങ്ങ് യുവാൻ. മുകളറ്റത്തേക്കാൾ വീതി കുറഞ്ഞ താഴ്ഭാഗം ശ്രദ്ധയിൽ പെടുമ്പോൾ, ഈ മല ഇത് വരെ കാറ്റിലും മഴയിലും ഇളക്കം തട്ടാതെ നിൽക്കുന്നതോർത്ത് അമ്പരപ്പ് തോന്നുന്നത് സ്വാഭാവികം. ഒന്ന് ആഞ്ഞൂതിയാൽ നേരെ എതിർ വശത്തേക്ക് മറിഞ്ഞു വീഴുമെന്ന പോലെയാണ് ഇതിന്‍റെ നിൽപ്പ്.
undefined
ആകാശദൃശ്യത്തില്‍ മാത്രം തെളിയുന്ന വരകൾ: പെറുവിലെ‌ മരുഭൂമിയിൽ എൺപത് കിലോമീറ്റർ ചുറ്റളവിൽ മരുഭൂമിയിൽ കാണപ്പെടുന്ന വരകളാണ് നാസ്‍ക ലൈൻ. അകാശദൃശ്യത്തിൽ മാത്രം പൂർണ്ണമായി കാണാൻ കഴിയുന്ന ഈ വരകൾ ബി.സി കാലഘട്ടത്തിലേതാണെന്നാണ് പറയപ്പെടുന്നത്. വിചിത്ര ജീവികളുടെ മാതൃകയിലടക്കം ഇത്ര വലിയ ചുറ്റളവിൽ ഈ രേഖകൾ ആരു വരച്ചു എന്നത് ഇന്നും കണ്ടെത്തിയിട്ടില്ല. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ടതാണ് ഈ രേഖകള്‍.
undefined
ചില്ലു കൊണ്ടൊരു കടലോരം: കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിലാണ് ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ കടല്‍ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുമായിരുന്നു. വര്‍ഷങ്ങളോളം ഈ മാലിന്യങ്ങളില്‍ തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേര്‍ന്ന് ഇന്ന് കാണുന്ന രീതിയില്‍ മനോഹരമായി മാറുകയായിരുന്നു.
undefined
ഇത് പൂച്ചകളുടെ ദ്വീപ്: ജപ്പാനിലെ അവോഷിമ ദ്വീപിലെ പ്രധാന ആകർഷണം പൂച്ചകളാണ്. ജനസംഖ്യ കേവലം 50 മാത്രം. എന്നാൽ, പൂച്ചകളുടെ എണ്ണം 500 -നും മുകളിലാണ്. ഇക്കാരണത്താൽ അവോഷിമ ദ്വീപ്‌ അറിയപ്പെടുന്നത് തന്നെ പൂച്ച ദ്വീപ്‌ എന്നാണ്. ദ്വീപില്‍ ഇത്രയധികം പൂച്ചകള്‍ വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അവോഷിമയിലെ ഭൂരിഭാഗം ജനങ്ങളുടെയും വരുമാനമാര്‍ഗം മീൻ പിടിക്കലായിരുന്നു. പക്ഷേ, ഈ മീന്‍ ഉണക്കി സൂക്ഷിക്കാനോ വിൽപ്പന നടത്താനോ കഴിയാത്ത വിധത്തില്‍ ദ്വീപിൽ എലികൾ നിറഞ്ഞു. അതോടെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായി. അങ്ങനെ ആ എലികളെ തുരത്താനായി ദ്വീപ് നിവാസികള്‍ പൂച്ചകളെ കൊണ്ടുവന്നു. പൂച്ചകൾ വന്നതോടെ എലികള്‍ ഇല്ലാതായി. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ട് പൂച്ചകളുടെ എണ്ണം വര്‍ധിച്ചു. പൂച്ചദ്വീപ് കാണാനായി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസം പച്ചപിടിച്ചു. അതിലൂടെ ജനങ്ങളുടെ വരുമാനവും വര്‍ധിച്ചു. പൂച്ചകൾക്കായി അവോഷിമ ദ്വീപ്‌ നിവാസികൾ ക്ഷേത്രവും സ്‍മാരകങ്ങളും പണിതു. ഇതിന് പുറമെ പൂച്ചകളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ഇവിടെ കാണാം. ഏതായാലും പൂച്ചകളുടെ ശത്രുവായ നായകള്‍ക്ക് ദ്വീപിലേക്ക് പ്രവേശനം ഇല്ല.
undefined
click me!