മ്യൂലെസ് ഡി ബ്ലെ; നാസികൾ പിടിച്ചെടുത്ത വാന്‍ ഗോഗിന്‍റെ ചിത്രം വിറ്റത് 266 കോടിക്ക് !

First Published Nov 13, 2021, 7:45 PM IST

ണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാൻസിലെ റോത്ത്‌ചൈൽഡ് കുടുംബത്തിൽ നിന്ന് നാസികൾ (Nazi) പിടിച്ചെടുത്ത വാൻ ഗോഗിന്‍റെ (Vincent van Gogh) 'മ്യൂലെസ് ഡി ബ്ലെ' (ഗോതമ്പ് കൂന - Mueles de ble) എന്ന ചിത്രം ന്യൂയോർക്കിലെ നടന്ന ലേലത്തിൽ 35.9 മില്യൺ ഡോളറിന് (ഏതാണ്ട് 266 കോടി രൂപ) വിറ്റു. ഇത് ഡച്ച് ഇംപ്രഷനിസ്റ്റ് ജലച്ചായ ചിത്രങ്ങളുടെ വില്‍പനയില്‍ ഏറ്റവും വലിയ തുകയാണിത്. 1888 ല്‍ വാന്‍ഗോഗ് വരച്ചതാണ് മ്യൂലെസ് ഡി ബ്ലെ. 20-30 മില്യണ്‍ ഡോളറായിരുന്നു ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നത്. ചിത്രം ലേലത്തില്‍ വാങ്ങിയയാളുടെ പേര് വെളിപ്പെടുത്താന്‍ ലേല സ്ഥാപനമായ ക്രിസ്റ്റീസ് തയ്യാറായില്ല. 1905-ൽ ആംസ്റ്റർഡാമിലാണ് മ്യൂലെസ് ഡി ബ്ലെ എന്ന ചിത്രം അവസാനമായി പ്രദർശിപ്പിച്ചത്.

1880 ല്‍ വാൻ ഗോഗ് ഒരു വർഷത്തിലേറെ താമസിച്ചിരുന്ന ഫ്രാൻസിലെ ആർലെസിലെ ഒരു ഗ്രാമീണ കാർഷിക രംഗം ചിത്രീകരിക്കുന്നതാണ് 'മ്യൂലെസ് ഡി ബ്ലെ' (ഗോതമ്പ് കൂന). ഒരു പ്രാദേശിക കൃഷി സ്ഥലത്ത് പരമ്പരാഗത ഗോതമ്പ് കർഷകർ വിളവെടുക്കുന്നതാണ് ചിത്രം. ഉയരമുള്ള സ്വർണ്ണ നിറമുള്ള ഗോതമ്പ് പുല്ലുകള്‍ നീലാകാശത്തിന് താഴെ കൂട്ടയിട്ടിരിക്കുന്നു. നിരവധി ഫാം ഹൌസുകളും ചിത്രത്തില്‍ കാണാം.  ജലച്ചായം, ഗൗഷെ, പേന, മഷി എന്നിവ ഉപയോഗിച്ച് പേപ്പറിൽ വരച്ച ചിത്രമാണിത്. 

ലേലത്തിലൂടെ 71 മില്യണും 46 മില്യണും നേടിയ വാന്‍ ഗോഗിന്‍റെ മറ്റ് രണ്ട് ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും ഇതോടെ കോക്സ് ശേഖരത്തിന്‍റെ ഭാഗമായി. 37-ാം വയസ്സിൽ വാന്‍ ഗോഗിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ സഹോദരൻ തിയോ വാൻ ഗോഗിന്‍റെ കൈവശമായിരുന്നു ഈ ചിത്രവും. പിന്നീട് 1913-ൽ ജർമ്മൻ ആര്‍ട്ട് കളക്ടറും വ്യവസായിയുമായ മാക്സ് മെയ്‌റോവ്സ്കി ചിത്രം സ്വന്തമാക്കി.

വാൻ ഗോഗിന്‍റെ ഛായാചിത്രം ഉൾപ്പെടെ ഇംപ്രഷനിസത്തിന്‍റെയും പോസ്റ്റ്-ഇംപ്രഷനിസത്തിന്‍റെയും വിപുലമായ ശേഖരം മെയ്‌റോവ്‌സ്‌കിക്ക് ഉണ്ടായിരുന്നു. വാന്‍ ഗോഗ് വരച്ച കാമിൽ റൗലിൻ (1888) ന്‍റെ ഛായചിത്രമുള്‍പ്പടെ അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു. ഈ ചിത്രം ഇപ്പോൾ സാവോ പോളോയിലെ മ്യൂസിയോ ഡി ആർട്ടെയിലാണ്.

യഹൂദ മത വിശ്വാസിയായിരുന്ന മാക്സ് മെയ്‌റോവ്സ്കി ആംസ്റ്റർഡാമിലെ നാസികളിൽ നിന്ന് അഭയം തേടിയ സമയത്ത് തന്‍റെ കൈയിലുള്ള ചിത്രശേഖരം പാരീസിലെ ജർമ്മൻ ആർട്ട് ഡീലറായ പോൾ ഗ്രൗപ്പിന് സുരക്ഷിതമായി സൂക്ഷിക്കാൻ ഏല്‍പ്പിച്ചു. 

പിന്നീട് 1938-ൽ, നാസികളുടെ കൈയില്‍ നിന്ന് രക്ഷതേടി പോകുന്നതിനിടെ അദ്ദേഹത്തിന് തന്‍റെ ചിത്രശേഖരം വില്‍ക്കേണ്ടി വന്നു. 1940 ആയപ്പോഴേക്കും മാക്സ് മെയ്‌റോവ്സ്കിയുടെ ചിത്രശേഖരം സമ്പന്ന ജൂത ബാങ്കിംഗ് കുടുംബത്തിന്‍റെ ഫ്രഞ്ച് താവഴിയിലെ അംഗമായ അലക്‌സാന്ദ്രിൻ ഡി റോത്ത്‌ചൈൽഡിന്‍റെ കൈവശമെത്തി ചേര്‍ന്നു.

വാൻ ഗോഗിന്‍റെ കടുത്ത ആരാധികയായിരുന്ന അലക്‌സാന്ദ്രിൻ അദ്ദേഹത്തിന്‍റെ ഹൗസ് വിത്ത് സൺഫ്ലവേഴ്‌സും (1887) സ്വന്തമാക്കിയിരുന്നു. ഈ ചിത്രം ഇപ്പോൾ മറ്റൊരു സ്വകാര്യ ശേഖരത്തിലാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിലേക്കുള്ള നാസികളുടെ മുന്നേറ്റത്തിനിടെ  1940-ൽ ഈ ചിത്രശേഖരം നാസികള്‍ കണ്ടുകെട്ടി.

അലക്സാന്ദ്രിൻ ഡി റോത്ത്‌ചൈൽഡിന് സ്വിറ്റ്‌സർലൻഡിലേക്ക് പലായനം ചെയ്യേണ്ടിവന്നു. 1941-ൽ കൊള്ളയടിച്ച ചിത്രശേഖരം നാസികൾ  ഓസ്ട്രിയയിലേക്ക് കടത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തന്‍റെ ചിത്രശേഖരം കണ്ടെടുക്കാന്‍ അലക്സാന്ദ്രിൻ ഡി റോത്ത്‌ചൈൽഡിന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ പറ്റിയില്ല. 

1978-ൽ അത് പാരീസിലെ ഒരു ജൂതകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വൈൽഡൻസ്റ്റൈൻ ഗാലറിയുടെ ന്യൂയോർക്ക് ശാഖയില്‍ ചിത്രം ലേലത്തിനെത്തി. തൊട്ടടുത്ത വര്‍ഷം എണ്ണ വ്യവസായിയായ എഡ്വിൻ ലോക്രിഡ്ജ് കോക്സ് ചിത്രം സ്വന്തമാക്കി. പിന്നീടങ്ങോട്ട് വാന്‍ഗോഗിന്‍റെ 'മ്യൂലെസ് ഡി ബ്ലെ' ഡാലസിലെ എഡ്വിൻ ലോക്രിഡ്ജ് കോക്സിന്‍റെ മാളികയിലെ ചുമരില്‍ തൂങ്ങി. 

കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിക്കുന്നത് വരെ ചിത്രത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ച കാര്യം രഹസ്യമായി വയ്ക്കപ്പെട്ടതായി ആർട്ട് ന്യൂസ്‌പേപ്പർ പറയുന്നു. എഡ്വിൻ ലോക്രിഡ്ജ് കോക്സിന്‍റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ചിത്രശേഖരത്തിന്‍റെ വില്‍പന നടത്താന്‍ അവകാശികളുമായി ക്രിസ്റ്റീസ് ധാരണയിലെത്തി. 

ഇതിനിടെ 1938-ൽ വാൻ ഗോഗിന്‍റെ ചിത്രങ്ങള്‍ "നിർബന്ധിത വിൽപന" നടത്തപ്പെട്ടതാണെന്ന് ബെർലിൻ അഭിഭാഷകരായ വോൺ ട്രോട്ട് സു സോൾസ് ലാംമെക് മുഖേന മെയ്‌റോവ്‌സ്‌കിയുടെ അവകാശികള്‍‌ അവകാശപ്പെട്ടു. 

മൂന്ന് വർഷത്തിന് ശേഷം നാസി പട്ടാളക്കാര്‍ ചിത്രം കൊള്ളയടിച്ചതായി ഡി റോത്ത്‌സ്‌ചൈൽഡിന്‍റെ അവകാശികളും വാദിച്ചു. ഇതോടെ ചിത്രത്തിന്‍റെ വില്‍പന തടസപ്പെട്ടു. പിന്നീട് ഇരുകക്ഷികളും ഒത്തുതീർപ്പിന് സമ്മതിച്ചു. ഇതോടെയാണ് ചിത്രം വില്പനയ്ക്ക് തയ്യാറായത്. 

ക്രിസ്റ്റിസിന്‍റെ കാറ്റലോഗില്‍ നിലവിലെ ഉടമയും മാക്‌സ് മെയ്‌റോസ്‌കിയുടെ അവകാശിയും അലക്‌സാൻഡ്രീൻ ഡി റോത്‌സ്‌ചൈൽഡിന്‍റെ അവകാശികളും തമ്മിലുള്ള ഒത്തുതീർപ്പ് കരാറിന് അനുസൃതമായിട്ടാണ് ഇപ്പോള്‍ ഈ ചിത്രം വിൽപ്പനയ്‌ക്ക് വച്ചതെന്ന് വ്യക്തമാക്കുന്നു. 

ചിത്രത്തിന്‍റെ വില്പന സംബന്ധിച്ച നിബന്ധനകൾ രഹസ്യമായി തുടരും. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക, നേരത്തെ തയ്യാറാക്കിയ സമ്മതപത്ര പ്രകാരം വിഭജിക്കപ്പെടും. 1997-ൽ ദി ഹാർവെസ്റ്റിന് സോത്ത്ബൈസിൽ നൽകിയ 8.8 മില്യൺ പൗണ്ടായിരുന്നു വാൻ ഗോഗിന്‍റെ ജലച്ചായത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വില. 

(ചിത്രത്തിന്‍റെ മുന്‍ ഉടമകളായിരുന്ന എഡ്വിൻ ലോക്രിഡ്ജ് കോക്സും അലക്സാന്ദ്രിൻ ഡി റോത്ത്‌ചൈൽഡും)

ഇതോടെ ലേലത്തില്‍ വിറ്റുപോകുന്ന വാൻ ഗോഗിന്‍റെ ഏറ്റവും വിലകൂടിയ ചിത്രമായി 'മ്യൂലെസ് ഡി ബ്ലെ' (ഗോതമ്പ് കൂന) മാറി. 1889 ഒക്ടോബറിൽ വാന്‍ ഗോഗ് താമസിച്ചിരുന്ന സ്ഥലത്തെ കുറിച്ച് വരച്ച ഒലിവ് മരങ്ങൾക്കും സൈപ്രസുകൾക്കുമിടയിലുള്ള വുഡൻ ക്യാബിനുകൾ (Wooden Cabins among the Olive Trees and Cypresses ) എന്ന ചിത്രവും ലേലത്തിന് വയ്ക്കാന്‍ കഴിയുമെന്നാണ് ക്രിസ്റ്റിസ് അവകാശപ്പെടുന്നത്.  ഈ ചിത്രത്തിന് ഏകദേശം 40 മില്യൺ ഡോളർ മതിവ് ലേലം പ്രതീക്ഷിക്കുന്നതായും ലേല കേന്ദ്രം അറിയിച്ചു. 
 

click me!