ഐതി​ഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം; ഈ സ്മാരകങ്ങൾക്ക് ഏറെയുണ്ട് പറയാൻ...

Published : Aug 13, 2025, 04:14 PM IST

ഓഗസ്റ്റ് 15ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഈ വേളയിൽ സ്വാതന്ത്ര്യസമര ചരിത്രം ഉറങ്ങുന്ന ചില സ്മാരകങ്ങളെ കുറിച്ച് അറിയാം. രാജ്യത്തിനായി ജീവൻ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളെ ഒരു നിമിഷം സ്മരിക്കാം.  

PREV
17
സ്വാതന്ത്ര്യസമര ചരിത്രമുറങ്ങുന്ന 6 സ്ഥലങ്ങൾ

ജാലിയൻ വാലാബാഗ്, സബര്‍മതി ആശ്രമം, നേതാജി ഭവൻ, ആഗാ ഖാൻ കൊട്ടാരം തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. അത്തരത്തിലുള്ള 6 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.  

27
1. സബർമതി ആശ്രമം (അഹമ്മദാബാദ്)

മഹാത്മാഗാന്ധി താമസിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇടമാണ് സബര്‍മതി ആശ്രമം. ദണ്ഡി യാത്ര പോലെയുള്ള നിരവധി അഹിംസാത്മക പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ച സ്ഥലമെന്ന സവിശേഷതയും സബര്‍മതി ആശ്രമത്തിനുണ്ട്. ഗാന്ധിജി 12 വര്‍ഷത്തോളം ഇവിടെ ചെലവഴിച്ചിരുന്നു. ഗാന്ധിജിയുടെ കത്തുകൾ, ചിത്രങ്ങൾ, വിശ്രമമുറി, പുസ്തകങ്ങൾ, കണ്ണട, വടി, വസ്ത്രങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

37
2. നേതാജി ഭവൻ (കൊൽക്കത്ത)

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർവ്വിക ഭവനം. നേതാജി ഭവൻ ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ അദ്ദേഹത്തിന്റെ ജീവിതവും നേതൃത്വവും രേഖപ്പെടുത്തുന്ന ഒരു മ്യൂസിയമായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഈ ഭവനം. നേതാജിയുടെ കിടപ്പുമുറിയും അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും സന്ദര്‍ശകര്‍ക്ക് വേണ്ടി പ്രദർശിപ്പിച്ചിട്ടുണ്ട്. നേതാജിയുടെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള നിരവധി രേഖകൾ, ഫോട്ടോഗ്രാഫുകൾ, ലേഖനങ്ങൾ എന്നിവയും കാണാം.

47
3. സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ)

നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ ജയിലാണ് സെല്ലുലാര്‍ ജയിൽ. ഇത് കാലാപാനി എന്നും അറിയപ്പെടുന്നു. ജയിലറകളുടെ നിര്‍മാണരീതിയും തടവുകാരെ പാര്‍പ്പിച്ച വിധവും പീഡിപ്പിച്ചിരുന്ന രീതികളും അവരെക്കൊണ്ട് ചെയ്യിച്ചിരുന്ന ജോലികളും തടവുകാരെ തൂക്കിലേറ്റിയിരുന്ന മുറിയുമെല്ലാം നടന്നുകാണാം. ഇവയെ കുറിച്ചെല്ലാം വൈകിട്ട് ദൃശ്യശ്രവണ പരിപാടിയിലൂടെയും അറിയാം. ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയവരുടെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലായി സെല്ലുലാർ ജയിൽ ഇന്നും നിലകൊള്ളുന്നു.

57
4. ജാലിയൻ വാലാ ബാഗ് (അമൃത്സര്‍)

1919 ഏപ്രിൽ 13 ന് സാധാരണക്കാരായ ആളുകൾ സമാധാനപരമായി ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ കൂട്ടക്കൊല നടത്തിയ സ്ഥലമാണ് ജാലിയൻ വാലാബാഗ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ഇത്. കൂട്ടക്കൊലയുടെ കഥ ഇവിടെയുള്ള രക്തസാക്ഷി ഗാലറിയിൽ പറയുന്നുണ്ട്. വെടിയേറ്റ പാടുകളുള്ള മതിലിന്റെ ഒരു ഭാഗം ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

67
5. ആഗാ ഖാൻ കൊട്ടാരം (പൂനെ)

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മഹാത്മാഗാന്ധി, ഭാര്യ കസ്തൂർബ ഗാന്ധി, സെക്രട്ടറി മഹാദേവ് ദേശായി എന്നിവര്‍ ഇവിടെ തടവിലാക്കപ്പെട്ടിരുന്നു. കൊട്ടാരവളപ്പിൽ മഹാദേവ് ദേശായിയുടെയും കസ്തൂർബയുടെയും സ്മാരകങ്ങൾ ഉണ്ട്. പൂനെ-അഹമ്മദ്‌നഗർ റോഡിൽ 19 ഏക്കർ വിസ്തൃതിയിലാണ് ആഗാ ഖാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇറ്റാലിയൻ കമാനങ്ങൾ, അഞ്ച് ഹാളുകൾ, 2.5 മീറ്റര്‍ വിസ്തൃതിയുള്ള ഇടനാഴി, ഗാന്ധിജിയുടെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ ചിത്രീകരിക്കുന്ന നിരവധി ഫോട്ടോകളും ഛായാചിത്രങ്ങളുമെല്ലാം ഇവിടെ കാണാം.

77
6. ചെങ്കോട്ട (ദില്ലി)

1947 ഓഗസ്റ്റ് 15 ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യൻ പതാക ഉയർത്തിയ ഇടമാണ് ചെങ്കോട്ട. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്താറുണ്ട്. 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾക്ക് ചെങ്കോട്ട സാക്ഷ്യം വഹിച്ചു. കോട്ടയുടെ ചുവരുകളിൽ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിന്റെയും വിജയത്തിന്റെയും പ്രതിധ്വനികൾ നിലനിൽക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ചെങ്കോട്ട ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി തലയുയര്‍ത്തി നിൽക്കുന്നു. മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ പണി കഴിപ്പിച്ചതാണ് ചെങ്കോട്ട. മുഗൾ ഭരണകാലത്തെ ശിൽപ്പികളുടെ കരവിരുത് ഇവിടെ വ്യക്തമായി കാണാം.

Read more Photos on
click me!

Recommended Stories