- Home
- Yatra
- Destinations (Yatra)
- വാഗമണ്ണിലെ പതിവ് കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം; അടുത്ത ട്രിപ്പിൽ ഉറപ്പായും കണ്ടിരിക്കേണ്ട ചില ഹിഡൻ സ്പോട്ടുകൾ ഇതാ
വാഗമണ്ണിലെ പതിവ് കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം; അടുത്ത ട്രിപ്പിൽ ഉറപ്പായും കണ്ടിരിക്കേണ്ട ചില ഹിഡൻ സ്പോട്ടുകൾ ഇതാ
ഓരോ വാഗമൺ യാത്രകളും എപ്പോഴും മറക്കാനാകാത്ത കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നവയാണ്. പലരും വാഗമണ്ണിലെത്തിയാൽ പതിവായി സന്ദര്‍ശിക്കുന്ന ചിലയിടങ്ങളുണ്ട്. അതുപോലെ തന്നെ അധികമാരും എത്തിപ്പെടാത്ത സ്ഥലങ്ങളും വാഗമണ്ണിൽ നിരവധിയുണ്ട്.

വാഗമണ്ണിലെ ഹിഡൻ സ്പോട്ടുകൾ
പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, തങ്ങൾപാറ, കുരിശുമല, അഡ്വഞ്ചര്‍ പാര്‍ക്ക്, വാഗമൺ ലേക്ക് എന്നിവിടങ്ങൾ വാഗമണ്‍ ടൗണിൽ നിന്ന് അധിക ദൂരം സഞ്ചരിക്കാതെ എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങളാണ്. അടുത്ത തവണ വാഗമൺ സന്ദര്‍ശിക്കുമ്പോൾ നിങ്ങൾ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില ഹിഡൻ സ്പോട്ടുകളുണ്ട്. വേറിട്ട കാഴ്ചകൾ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ സ്ഥലങ്ങൾ ഉറപ്പായും കണ്ടിരിക്കണം.
മലമേൽ വെള്ളച്ചാട്ടം
തീക്കോയിയിൽ നിന്ന് വാഗമണ്ണിലേയ്ക്കുള്ള യാത്രയിൽ മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണിത്. തീക്കോയിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ സഞ്ചരിച്ചാൽ ഇവിടെ എത്താം. സൂര്യ, റോസ് എന്നീ ഹോം സ്റ്റേകളുടെയും സെന്റ്. അൽഫോൻസ ചര്‍ച്ചിന്റെയും (മലമേൽ) സമീപത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അധികമാര്‍ക്കും ഈ സ്ഥലത്തെ കുറിച്ച് അറിയില്ലെന്ന കാര്യം ഉറപ്പാണ്. റോസ് ഹോം സ്റ്റേ കഴിഞ്ഞ് അൽപ്പ ദൂരം മുകളിലേയ്ക്ക് കയറുമ്പോൾ ഇടത്തേയ്ക്ക് ഒരു വഴി കാണാം. അതുവഴി കുറച്ച് ദൂരം നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. മഴക്കാലത്ത് അട്ടകളുടെ വിഹാര കേന്ദ്രമാണിത്. അതിനാൽ, ആവശ്യത്തിന് മുൻകരുതലുകളെടുക്കുന്നത് നന്നായിരിക്കും.
കോട്ടമല
വാഗമണ്ണില്‍ അധികം സഞ്ചാരികൾ എത്താത്ത ഒരു മനോഹരമായ സ്ഥലമാണ് കോട്ടമല. ഇവിടേയ്ക്കുള്ള യാത്ര അൽപ്പം ഓഫ് റോഡാണ്. അതിനാൽ നിങ്ങളുടെ വാഹനം അതിന് അനുയോജ്യമല്ലെങ്കിൽ വാഗമണ്ണിൽ നിന്ന് കോട്ടമലയിലേയ്ക്ക് ജീപ്പ് സഫാരി നടത്തുന്നതാണ് നല്ലത്. വിശാലമായ മലനിരകളും മൊട്ടക്കുന്നുകളും പച്ച പുതച്ച താഴ്വരയുമെല്ലാം ഇവിടെ നിന്ന് കാണാം. ചെറിയ ട്രെക്കിംഗിനും ഇവിടം അനുയോജ്യമാണ്.
ഇടുക്കി ഡാം വ്യൂപോയിന്റ്
വാഗമണ്ണിൽ നിന്ന് ഇടുക്കി ഡാമിന്റെ കാഴ്ചകൾ അടുത്ത് കണ്ട് ആസ്വദിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വാഗമണ്ണിൽ നിന്ന് ഓഫ് റോഡ് യാത്ര നടത്തിയാൽ മാത്രമേ ഇവിടേയ്ക്ക് എത്താൻ സാധിക്കൂ. ഇടുക്കി ഡാം വ്യൂപോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
കപ്പക്കാനം വെള്ളച്ചാട്ടവും ടണലും
കാടിന് നടുവിലൂടെ വെള്ളച്ചാട്ടം ഒഴുകിപ്പോകുന്ന കാഴ്ച എപ്പോഴും കണ്ണിന് കുളിര്‍മയേകുന്നവയാണ്. ഇടുക്കി ഡാമിലേയ്ക്ക് വെള്ളച്ചാട്ടത്തിലെ വെള്ളം ഒഴുകി പോകുന്ന കാഴ്ചയാണ് കപ്പക്കാനം വെള്ളച്ചാട്ടത്തിൽ കാണാൻ സാധിക്കുക. ഇവിടെയുള്ള ടണലാണ് പ്രധാന സവിശേഷത. വെള്ളം അധികമില്ലാത്ത സമയങ്ങളിൽ കുളിക്കാൻ അനുയോജ്യമായ സ്പോട്ടാണിത്.
കൈതപ്പതാൽ
വാഗമണ്ണിലെ അതിമനോഹരമായ ഒരു ഹിഡൻ സ്പോട്ടാണ് കൈതപ്പതാൽ. വാഗമണ്ണിലെത്തുന്നവര്‍ സാധാരണയായി ഇവിടേയ്ക്ക് അധികം എത്താറില്ല. ഓഫ് റോഡ് യാത്ര നടത്തിയാൽ മാത്രം കാണാൻ സാധിക്കുന്ന സ്പോട്ടാണിത്. വാഗമണ്ണിന്റെ മുഴുവൻ ഭംഗിയും ഇവിടെ നിന്നാൽ ആസ്വദിക്കാം. വാഗമൺ ടൗണിൽ നിന്ന് അൽപ്പ ദൂരം സഞ്ചരിച്ചാൽ പഴയ ചന്ത എന്ന സ്ഥലമുണ്ട്. പഴയ ചന്ത എത്തുന്നതിന് തൊട്ട് മുമ്പ് ഇടത്തേയ്ക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ കൈതപ്പതാലിൽ എത്താം.

