
മഞ്ഞും മലകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ സ്വിറ്റ്‌സർലൻഡിലേക്ക് തന്നെ പോകണമെന്നില്ല. കശ്മീരിലെ ഗുൽമാർഗും ഹിമാചലിലെ ഖജ്ജിയാറുമെല്ലാം സ്വിറ്റ്സര്‍ലൻഡിനോട് കിടപിടിക്കുന്ന തരത്തിലുള്ള മനോഹാരമായ കാഴ്ചകളാണ് സമ്മാനിക്കുക. മഞ്ഞുവീഴ്ച കാണാൻ ഡിസംബർ മുതൽ മാർച്ച് വരെയാണ് അനുയോജ്യമായ സമയം. സുഖകരമായ കാലാവസ്ഥയ്ക്കും പച്ചപ്പിനും ഏപ്രിൽ മുതൽ ജൂൺ വരെ നല്ല സമയമാണ്.
കനാലുകൾക്ക് പേരുകേട്ടയിടമാണ് വെനീസ്. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കായലുകൾക്ക് ആലപ്പുഴയിൽ ഒരു പഞ്ഞവുമില്ല. ഒരു ഹൗസ് ബോട്ട് യാത്ര നടത്തി തെങ്ങുകളുടെയും ചെറിയ ഗ്രാമങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഇവിടെ സുഖകരമായ കാലാവസ്ഥയായിരിക്കും.
ഗ്രീസിലെ വെള്ളയും നീലയും നിറമുള്ള വീടുകൾ എപ്പോഴും ശ്രദ്ധയാകർഷിക്കുന്നവയാണ്. പോണ്ടിച്ചേരിയിലും സമാനമായ കാഴ്ചകൾ കാണാൻ സാധിക്കും. പോണ്ടിച്ചേരിയിൽ എത്തിയാൽ ഫ്രഞ്ച് ശൈലിയിലുള്ള തെരുവുകളിലൂടെ നടക്കാം, കടൽത്തീരത്ത് വിശ്രമിക്കാം, മനോഹരമായ ബീച്ച് കഫേകളിലെ രുചികൾ ആസ്വദിക്കാം. ഒരു യൂറോപ്യൻ ബീച്ച് നഗരത്തിന്റെ തികഞ്ഞ ഇന്ത്യൻ പതിപ്പാണ് പോണ്ടിച്ചേരി. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് പോണ്ടിച്ചേരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
പ്രണയ നഗരമായ പാരീസിനോട് കിടപിടിക്കുന്ന കാഴ്ചകളുള്ള ഇന്ത്യൻ നഗരമാണ് ഉദയ്പൂർ. തടാകങ്ങൾ, കൊട്ടാരങ്ങൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നിവയാണ് ഉദയ്പൂരിന്റെ സവിശേഷതകൾ. പിച്ചോള തടാകത്തിലെ കാൻഡിൽ ലൈറ്റ് ഡിന്നർ എന്നാൽ രാത്രിയിൽ ഈഫൽ ടവർ തിളങ്ങുന്നത് കാണുന്നതു പോലെ തന്നെ സ്വപ്നതുല്യമായിരിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണിത്. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
പച്ചപ്പും മലനിരകളും കോടമഞ്ഞുമെല്ലാമായി സ്കോട്ട്ലൻഡിലെ കാഴ്ചകൾ എപ്പോഴും വേറെ ലെവലാണ്. എന്നാൽ, കർണാടകയിലെ കൂർഗിൽ പച്ചപ്പും കുന്നുകളും മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും അനന്തമായി നീണ്ടുകിടക്കുന്ന കാപ്പിത്തോട്ടങ്ങളുമുണ്ട്. പ്രകൃതി നടത്തത്തിനും, കാപ്പിയുടെ രുചി ആസ്വദിക്കുന്നതിനും, പ്രകൃതിയാൽ ചുറ്റപ്പെട്ട് ശാന്തമായി താമസിക്കുന്നതിനും ഇവിടം അനുയോജ്യമാണ്. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് കൂര്‍ഗ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
രണ്ട് നഗരങ്ങളും ചരിത്രത്താൽ സമ്പന്നവും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയാൽ നിറഞ്ഞതുമാണ്. പ്രാഗിൽ കോട്ടകളും പഴയ തെരുവുകളും ഉള്ളപ്പോൾ, ജയ്പൂരിൽ കോട്ടകളും കൊട്ടാരങ്ങളും വർണ്ണാഭമായ വിപണികളുമുണ്ട്. പഴയ നഗരത്തിലൂടെ നടക്കുകയോ ആംബർ കോട്ട സന്ദർശിക്കുകയോ ചെയ്യുന്നത് രാജകീയമായ ഇന്ത്യൻ ടച്ചോടെ ഒരു പഴയകാല മനോഹാരിത നിങ്ങൾക്ക് സമ്മാനിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
മനോഹരമായ ബീച്ചുകൾക്കും കടൽ കാഴ്ചകൾക്കും പേരുകേട്ടയിടമാണ് ഗോവ. സൗത്ത് ഗോവയിലെ ശാന്തമായ ബീച്ചുകൾ മുതൽ നോർത്തിലുള്ള കഫേകളും മാർക്കറ്റുകളും വരെ ഇറ്റലിയിലെ അമാൽഫി തീരത്തിന്റെ അതേ ശാന്തമായ അന്തരീക്ഷമുള്ളവയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഗോവ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.