പൊന്മുടിയിലേക്കുള്ള വഴിയിലാണ് കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ചയിടമാണ്.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ പൊന്മുടി ഹിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം. പ്രകൃതി സ്നേഹികളുടെയും സാഹസിക യാത്രികരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. കല്ലും ആറും ചേർന്നാണ് ഈ പ്രദേശത്തിന് കല്ലാർ എന്ന പേര് വന്നത്. പേര് പോലെ തന്നെ ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണം പാറക്കെട്ടുകളാൽ നിറഞ്ഞ കല്ലാർ നദിയാണ്.
വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം കല്ലാറിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന്റെ പ്രവേശന കവാടത്തിൽ സന്ദർശകർ പ്രവേശന ഫീസ് നൽകണം. ഇവിടെ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്. പകുതി ദൂരം വാഹനത്തിൽ സഞ്ചരിക്കാം. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ കല്ലാറിൽ കുളിക്കാനുള്ള സൗകര്യമുണ്ട്.
മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള കാൽനട യാത്ര തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴിയുടെ ഒരു വശത്ത് കല്ലാർ നദി ഒഴുകുന്നതും മറുവശത്ത് ഇടതൂർന്ന വനവും ആസ്വദിക്കാം. ഉയർന്നു നിൽക്കുന്ന മരങ്ങൾ, പക്ഷികളുടെ കളകളാരവം, കാറ്റിൽ ആടുന്ന മുളങ്കാടുകളുടെ ശബ്ദം എന്നിവ സഞ്ചാരികളുടെ മനസ്സിന് കുളിർമയേകും. സന്ദർശകർക്ക് പോകുന്ന വഴിയിൽ വിശ്രമിക്കാൻ സൗകര്യങ്ങളുണ്ട്. ദൈനംദിന ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നവർക്ക് ഈ വെള്ളച്ചാട്ടം മികച്ച ഓപ്ഷനാണ്.
പൊന്മുടി ഹിൽ സ്റ്റേഷനിലേയ്ക്ക് പോകുന്ന യാത്രക്കാർ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് മീൻമുട്ടി വെള്ളച്ചാട്ടം. രാവിലെ കല്ലാറിൽ എത്തുന്നത് പോലെ യാത്ര പ്ലാൻ ചെയ്യുന്നതാണ് ഉചിതം. കല്ലാറിലും മീൻമുട്ടിയിലും മതിയായ സമയം ചെലവഴിച്ച ശേഷം വൈകുന്നേരത്തോടെ പൊന്മുടിയിൽ എത്തിച്ചേരാൻ സാധിക്കും.


