വയനാട് ജില്ലയിലെ കബനീ നദിയുടെ ശാഖകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുറുവ ദ്വീപ് പ്രകൃതിഭംഗിക്കും ജൈവവൈവിധ്യത്തിനും പേരുകേട്ട ഒരു പ്രധാന ഇക്കോ-ടൂറിസം കേന്ദ്രമാണ്. 

കല്‍പ്പറ്റ: വയനാട് കാണാന്‍ ഇറങ്ങിയാല്‍ കുറുവ ദ്വീപിലെത്താതെ മടങ്ങാനാകില്ല. പ്രകൃതി സൗന്ദര്യം ആവോളമുള്ള കുറുവയിലെ പ്രകൃതിദത്ത ദ്വീപുകളില്‍ തെല്ല് നേരമെങ്കിലും ചിലവിടാമെന്ന് കരുതിയെത്തുന്നവര്‍ക്ക് തിരികെ പോകാന്‍ തോന്നാറില്ല. പുഴയും കാടും മേളിക്കുന്ന കുറുവയില്‍ പ്രകൃതിയുടെ വശ്യത അത്രക്കുണ്ട്. രാജ്യത്തിന്റെ തന്നെ വിനോദ സഞ്ചാര സ്‌പോട്ടുകളില്‍ വയനാട് ഇടം പിടിച്ചതിന്റെ കാരണങ്ങളിലൊന്ന് കബനിയെ തൊട്ടുകിടക്കുന്ന ഈ 'മരതക' ദ്വീപുകളാണ്. വടക്കേ വയനാട്ടില്‍ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാല്‍ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവ ദ്വീപ് പുത്തന്‍ ഉണര്‍വിലാണിപ്പോള്‍. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവയിലേക്ക് വീണ്ടും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങള്‍ക്ക് ശേഷം വയല്‍ നാടിന്റെ ടൂറിസം മേഖല സജീവമാകുകയാണ്.

2017-ല്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിയന്ത്രണം വരുന്നതിന് മുമ്പ് വരെ പ്രതിദിനം ആയിരക്കണക്കിന് പേര്‍ ദ്വീപുകളിലേക്ക് എത്തുമായിരുന്നു. കുറുവ ദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത് വര്‍ധിച്ചതോടെ പാല്‍വെളിച്ചം എന്ന ഗ്രാമത്തിന്റെ ജീവിത നിലവാരവും പതിയെ മാറാന്‍ തുടങ്ങി. വിനോദ സഞ്ചാരം നല്‍കിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തി. എന്നാല്‍ വര്‍ധിച്ചു വന്ന വന്യമൃഗ ശല്യവും മറ്റും കാരണം സുരക്ഷ ചൂണ്ടിക്കാട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കാകെ നിയന്ത്രണങ്ങള്‍ വന്നു. ഇതോടെ ദ്വീപിനകത്തെ സഞ്ചാരപാതകള്‍ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികള്‍ക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല.

രണ്ട് പ്രവേശന കവാടങ്ങള്‍

നിലവില്‍ മാനന്തവാടി പാല്‍വെളിച്ചം ഭാഗത്തുനിന്നും പുല്‍പ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശന കവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനി നിറയുമ്പോള്‍ ദ്വീപിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂണ്‍ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. മുതിര്‍ന്നവര്‍ക്ക് 220 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും വിദേശ സഞ്ചാരികളാണെങ്കില്‍ 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ദ്വീപുകളില്‍ എന്തെല്ലാമുണ്ട്?

അപൂര്‍വയിനം പക്ഷികള്‍, പൂക്കള്‍, ചിത്രശലഭങ്ങള്‍, ഔഷധസസ്യങ്ങള്‍ കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികള്‍ എന്നിവ കൊണ്ട് സമ്പന്നമായ കുറുവ ദ്വീപ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമായിരിക്കുകയാണ്. സസ്യ-ജന്തു ശാസ്ത്ര തല്‍പ്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും പുഴയുടെയും കാനത്തിന്റെയും സൗന്ദര്യം ഒരുമിച്ചറിയാന്‍ എത്തുകയാണ്. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികള്‍ പലരും വയനാട്ടിലേക്ക് എത്തുന്നത് കുറുവദ്വീപ് ഒന്നുകൊണ്ടുമാത്രമാണ്. വിദേശ സഞ്ചാരികളാലാണ് ലോക ടൂറിസം ഭൂപടത്തിലേക്ക് കുറുവ ദ്വീപ് എത്തുന്നത്.

പുഴയോളങ്ങളിലൂടെ ചങ്ങാട സവാരി

കുറുവ ദ്വീപില്‍ നടത്തുന്ന ചങ്ങാട സവാരിക്ക് മിക്ക സമയങ്ങളിലും തിരക്കായിരിക്കും. പുഴയിലൂടെ സഞ്ചരിച്ച് കബനിയുടെ തീരക്കാഴ്ച്ചകള്‍ കാണാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല. വെള്ളത്തിലേക്ക് ഞാന്നു കിടക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ദ്വീപിന്റെ ഭംഗിയും ആസ്വദിക്കാം. ഡി.എം.സി (ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി)യുടെ നേതൃത്വത്തില്‍ നടക്കുന്ന ചങ്ങാട സവാരിക്ക് മുതിര്‍ന്നവര്‍ക്ക് നൂറ് രൂപയും, കുട്ടികള്‍ക്ക് അമ്പത് രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേര്‍ക്ക് 300 രൂപ നിരക്കില്‍ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് വീണ്ടും തുടങ്ങാനിരിക്കുകയാണ്.

പ്ലാസ്റ്റിക്കും മാലിന്യങ്ങളും അനുവദിക്കില്ല

ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല. സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ മുതലായവയും നിർബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് കുറുവ ദ്വീപ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസങ്ങളായി ടൂറിസം വകുപ്പ് നല്‍കുന്ന വിവരങ്ങളിലുള്ളത്.

കുറുവ ദ്വീപ് സമയക്രമം

രാവിലെ ഒമ്പത് മണിക്കായിരിക്കും കുറുവ ദ്വീപ് തുറക്കുക. ആഴ്ചയില്‍ ഏഴു ദിവസവും വൈകുന്നേരം 3.30 വരെ ദ്വീപ് തുറന്നിരിക്കും. എന്നിരുന്നാലും, അടുത്തിടെ കുറുവയിലേക്ക് പ്രവേശിക്കുന്നതിന് അധികാരികള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അധികാരികളുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വരാം.

കുറുവ ദ്വീപില്‍ എങ്ങനെ എത്തിച്ചേരാം?

കുറുവ ദ്വീപിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കോഴിക്കോടും മൈസുരുവും ആണ്. കോഴിക്കോടു നിന്ന് കുറുവയിലേക്ക് താമരശ്ശേരി-കല്‍പ്പറ്റ-പനമരം റൂട്ടില്‍ സഞ്ചരിച്ച് കൊയിലേരി വഴി പനമരം-മാനന്തവാടി റൂട്ടിലൂടെ എത്തിച്ചേരാം.

മൈസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറുവയിലേക്ക് 106 കിലോമീറ്ററാണ് ദൂരം. മാനന്തവാടി അല്ലെങ്കില്‍ സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ യാത്ര ചെയ്ത് ദ്വീപിലേക്ക് എത്താം.